ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ അരക്ഷിതരോ? ഭരണഘടനയുടെ വെളിച്ചത്തില്‍ ഒരു അന്വേഷണം
Opinion
ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ അരക്ഷിതരോ? ഭരണഘടനയുടെ വെളിച്ചത്തില്‍ ഒരു അന്വേഷണം
എ.എം യാസിര്‍
Wednesday, 25th December 2019, 1:49 pm

ഡിസംബര്‍ 11 ന് വെളളിയാഴ്ച ഇന്ത്യന്‍ രാഷ്ട്രപതി അംഗീകാരം നല്‍കിയ ദേശീയ പൗരത്വ ബില്ലിന്റെ കാതല്‍ ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും ഭൂരിപക്ഷ പീഡനത്തിനിരകളായ ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്സി ന്യൂന പക്ഷവിഭാഗങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുകയെന്നതാണ്. ഒപ്പം, ഇന്ത്യയില്‍ രേഖയില്ലാതെ താമസിക്കുന്നവരെ പുറന്തളളാനുളള നിയമഭേതഗതിയുമാണ്.

മേല്‍പ്പറഞ്ഞ മൂന്ന് അയല്‍രാജ്യങ്ങളും ഇസ്ലാമിക രാഷ്ട്രങ്ങളാണെന്നും അവിടെ ഹിന്ദുക്കള്‍ ഉള്‍പ്പെടയുളള ന്യൂനപക്ഷ വിഭാഗങ്ങള്‍ അരക്ഷിതരാണെന്നുമുളള ഒരു ധാരണ ഇന്ത്യന്‍ ജനതയുടെ പൊതുമനസില്‍ സൃഷ്ടിച്ചെടുത്തുക്കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഈ നിയമത്തിന് കരട് തയ്യാറാക്കിയത്. ഈ പശ്ചാത്തലത്തില്‍ ബംഗ്ലാദേശ് ഒരു മുസ്‌ലിം രാഷ്ട്രമാണോ? അവിടെത്തെ ന്യൂനപക്ഷങ്ങളെ ആ രാജ്യം എങ്ങനെയാണ് കാണുന്നതെന്നും അവിടെത്തെ ഭരണഘടന പരിശോധിച്ച് മനസില്ലാക്കാനുളള ശ്രമമാണിത്.

ഭാഷാദേശീയതയുടെ അടിസ്ഥാനത്തിലാണ് പിറവിയെടുത്തതെങ്കിലും സമത്വവും തുല്ല്യനീതിയും എല്ലാവര്‍ക്കും ഉറപ്പുവരുത്തുന്ന ഒരു ജനാധിപത്യ മതേതര രാഷ്ട്രമാണ് രാഷ്ട്രശില്‍പ്പിയും പ്രഥമ പ്രസിഡണ്ടുമായ ബംഗാബന്ധു ശൈഖ് മുജീബു റഹ്മാന്‍ സ്വപ്നം കണ്ടത്.

അദ്ദേഹത്തിന്റെ സ്വപ്നം അന്വര്‍ത്ഥമാക്കുന്ന വിധം സ്വതന്ത്ര പരമാധികാര മതേതേര ജനകീയ റിപബ്ലിക് എന്ന ആശയം ആ രാജ്യത്തിന്റെ ഭരണഘടനയുടെ ആമുഖത്തില്‍ സാമാന്യം ശക്തമായി തന്നെ കുറിച്ചിട്ടുമുണ്ട്. സൈനിക അട്ടിമറിയിലൂടെ ആ ഭരണഘടന ഭേദഗതി ചെയ്തിരുന്നുവെങ്കിലും ബംഗ്ലാദേശ് സുപ്രീം കോടതിയുടെ ശ്രദ്ധേയമായ ഇടപ്പെടലില്‍ ആ ഭേദഗതി റദ്ദാക്കുകയായിരുന്നു.

1972 ഡിസംബര്‍ 4നാണ് ബംഗ്ലാദേശ് ഭരണഘടന അസംബ്ലി ഭരണഘടനക്ക് അംഗീകാരം നല്‍കിയത്. അതിന്റെ വിമോചന യുദ്ധത്തെ ‘ചരിത്രപരമായ യുദ്ധ’മെന്ന് പരാമര്‍ശിക്കുകയും സ്വതന്ത്ര പരമാധികാരമായ ജനകീയ റിപബ്ലിക് ഓഫ് ബംഗ്ലാദേശ് സ്ഥാപിച്ചതും അന്നാണ്.

ഭരണഘടനയുടെ യഥാര്‍ത്ഥ ആമുഖത്തില്‍ ‘ദേശീയത, ജനാധിപത്യം സോഷ്യലിസം മതേതരത്വം’ എന്നിവ അടിസ്ഥാനതത്വങ്ങളായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ ഭരണഘടനയില്‍ നിന്നും വ്യത്യസ്തമായി സോഷ്യലിസം എന്നത് തുറന്നുതന്നെ വ്യക്തമാക്കുന്നു.

എല്ലാ തരം ചുഷണത്തില്‍ നിന്നും മുക്തമായ ഒരു സ്വതന്ത്ര സമൂഹത്തെ ജനാധിപത്യ പ്രക്രിയയിലൂടെ രൂപപെടുത്തുകയാണ് ലക്ഷ്യമെന്നും ആ രാജ്യത്തിന്റെ ഭരണഘടന അതിന്റെ ആമുഖത്തില്‍ പ്രഖ്യാപിക്കുന്നുണ്ട്. മനുഷ്യാവകാശവും സ്വാതന്ത്ര്യവും സമത്വവും നീതിയും രാഷ്ടീയവും സാമ്പത്തികവും സാമൂഹികവുമായി എല്ലാ പൗരന്മാരും സംരക്ഷിക്കപ്പെടുന്ന നിയമവാഴ്ചയാണ് ആ ഭരണഘടന ലക്ഷ്യമാക്കുന്നത്.

 

എങ്ങനെയാണ് ബംഗ്ലാദേശ് ഇസ്ലാമിക രാഷ്ട്രമായത്?

1977 ല്‍ സൈനിക സ്വേച്ചാധിപതി സിയാവ്വുറഹ്മാന്‍ ആ പുരോഗമന ഭരണഘടനയില്‍ നിന്നും ‘മതേതരം’ എന്ന വാക്ക് നീക്കം ചെയ്തു. 1988 ല്‍ പ്രസിഡണ്ട് മുഹമ്മദ് ഇര്‍ഷാദ് ആര്‍ട്ടിക്കിള്‍ 2 എ കൂട്ടിചേര്‍ത്തുകൊണ്ട് ജനകീയ റിപബ്ലിക്കിന്റെ ഔദ്യോഗിക മതം ഇസ്ലാം എന്നാക്കി ഭേതഗതി ചെയ്യ്തു.

അതേസമയം, രാജ്യത്ത് ഇതരമതവിശ്വാസികള്‍ക്ക് സമാധാനത്തോടെ ജീവിക്കാമെന്നും ആ വകുപ്പ് ഉറപ്പ് നല്‍കി. പിന്നീട് 2005 ല്‍ ബംഗ്ലാദേശ് ഹൈക്കോടതിയും 2010 ല്‍ സുപ്രീംകോടതിയും പുതിയ വകുപ്പ് ഭേദഗതി റദ്ദുചെയ്യുകയായരുന്നു. ആ വകുപ്പ് റദ്ദാക്കുന്ന വേളയില്‍ രാജ്യത്തിന്റെ മതം ഇസ്ലാം ആണെങ്കിലും ഭരണഘടന മതേതരമായി തുടരണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു.

1975 ഓഗസ്റ്റ് 15ന് നിലവിലുണ്ടായിരുന്ന മതേതരത്വം ദേശീയത സോഷ്യലിസം എന്നിവയുമായി ബന്ധപ്പെട്ട ഭരണഘടയുടെ ആമുഖവും പ്രസക്തമായ വ്യവസ്ഥയും പുനരുജ്ജീവിപ്പിക്കുമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു, (ആ ദിവസം മുജീബുറഹ്മാന്‍ കൊല്ലപ്പട്ടു). 2011 ജൂണ്‍ 30ന് ഭരണഘടന ഭേദഗതി ചെയ്യുകയും ‘മതേതര’ എന്ന പദം വീണ്ടും ഉള്‍പ്പെടുത്തുകയും ചെയ്തു.

1997 ല്‍ ചേര്‍ത്ത ‘അല്ലാഹുവിന്റെ നാമത്തില്‍, കരുണാമയന്‍ (ബിസ്മി ഇല്ലാഹി റഹ്മാനു റഹീം) എന്ന പ്രയോഗം ആമുഖത്തില്‍ നിന്ന് അല്ലാഹുവിലുളള സമ്പൂര്‍ണ്ണ വിശ്വാസവും എന്ന ഭാഗം ഈ ഭേദഗതി നീക്കം ചെയ്തു. മറ്റു മതങ്ങളെ ഉള്‍ക്കൊളളാന്‍ കരുണയുളള നമ്മുടെ സൃഷ്ടാവിന്റെ നാമത്തില്‍ നിന്നു എന്നും പുതിയ ഭേദഗതിയില്‍ ചേര്‍ത്തു.

മതേരത്വവും മതവും

ഇസ്ലാം ദേശീയ മതമാണെങ്കിലും മറ്റ് മതങ്ങള്‍ക്ക് ഭരണഘടന തുല്ല്യ പദവിയും തുല്ല്യ അവകാശങ്ങളും നല്‍കിയിട്ടുണ്ട്. ഒരോ വിശ്വാസിക്കും അവരുടെ മതങ്ങള്‍ സ്വതന്ത്രമായി ആചരിക്കാനുളള തുല്ല്യ അവകാശവും നല്‍കിയിട്ടുണ്ട്. ക്ലാസിക്കല്‍ മതേതര കാഴ്ച്ചപ്പാടുമായി പൊരുത്തപ്പെടാത്തതിനാല്‍ ഇത് ഒരു വൈരുദ്ധ്യമായി നില്‍നില്‍ക്കുന്നു.

ബംഗ്ലാദേശ് ഭരണഘടയുടെ 8(1) അനുച്ഛേദം ദേശീയത, ജനാധിപത്യം, സോഷ്യലിസം എന്നിവയ്ക്കൊപ്പം മതേതരത്വത്തേയും രാഷ്ട്ര നയത്തിന്റെ അടിസ്ഥാന തത്വങ്ങളായി പരാമര്‍ശിക്കുന്നു. ആര്‍ട്ടിക്കിള്‍ 12, 15ാം ഭേദഗതിയിലൂടെ പുനരുജ്ജീവിപ്പിച്ചു.

എല്ലാ രൂപത്തിലും വര്‍ഗ്ഗീയത ഇല്ലാതാക്കുക, ഏതെങ്കിലും ഒരു മതത്തിന് അനുകൂലമായി രാഷ്ട്രീയ പദവി നല്‍കാതിരിക്കുക, ഏതെങ്കിലും ഒരു പ്രത്യേക മതത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് തടഞ്ഞുകൊണ്ട് മതേതര രാഷ്ട്രം എന്ന കാഴ്ച്ചപ്പാട് സാക്ഷാത്ക്കരിക്കുക,

രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി മതത്തെ ദുരപപയോഗം ചെയ്യാതിരിക്കുക, ഒരു പ്രത്യേക മതം ആചരിക്കുന്ന വ്യക്തികള്‍ക്കതിരായ വിവേചനം അല്ലെങ്കില്‍ ഉപദ്രവം എന്നിവ തടയുന്നതുവഴി മതേതരതത്വങ്ങള്‍ സാക്ഷാത്കരിക്കപ്പെടുമെന്ന് അതില്‍ വ്യക്തമാക്കുന്നു.

 

അത്തരം ഒരു പുരോഗമന വ്യവസ്ഥയില്‍ മതപരമായ പീഡനമെന്ന ആരോപണത്തിന് ഭരണഘടനാപരമായി കഴമ്പില്ല. ഇന്ത്യയില്‍ ദേശീയ പൗരത്വ നിയമം ഭേദഗതി ചെയ്യാന്‍ കാരണമായി ചുണ്ടിക്കാട്ടിയ ന്യൂനപക്ഷപീഡനത്തിന് അവിടെ ഭരണഘടനാപരമായി പ്രസക്തിയില്ല. അതുകൊണ്ട് തന്നെ ആ വാദം അസംബന്ധമെന്ന് മനസിലാക്കാം. മാത്രമല്ല, പാകിസ്ഥാന്റെ ഭരണഘടയില്‍ നിന്നും വ്യത്യസ്തമായി പ്രസിഡണ്ട് സ്ഥാനത്തിന് മറ്റ് ഭരണഘടനാ സ്ഥാപനങ്ങള്‍ക്കോ മുസ്‌ലിം യോഗ്യത ബംഗ്ലാദേശ് ഭരണഘടന ആവശ്യപ്പെടുന്നുമില്ല.

ബംഗ്ലാദേശിലെ പൗരത്വ നിയമം

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 6 ബംഗ്ലാദേശിലെ പൗരത്വം നിയമപ്രകാരം നിയന്ത്രിക്കപ്പെടുമെന്നും ജനങ്ങളെ ഒരു രാഷ്ട്രമെന്ന നിലയില്‍ ബംഗാളീസ് എന്നു വിളിക്കുമെന്ന് പറയുന്നു. 1972 ഡിസംബര്‍ 15 ന് ബംഗ്ലാദേശ് പൗരത്വം താല്‍ക്കാലിക പ്രൊവിഷന്‍സ് എന്ന പ്രസിഡന്‍ഷ്യല്‍ ഉത്തരവ് പ്രകാരം 1971 മാര്‍ച്ച് 26 മുതല്‍ പൗരത്വം നല്‍കി. അന്ന് ബംഗ്ലാദേശ് ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ ജനിച്ച അല്ലെങ്കില്‍ പിതാവോ മുത്തച്ചനോ ജനിച്ച സ്ഥിരതമാസക്കാര്‍ക്കായിരുന്ന പൗരത്വം നല്‍കിയിരുന്നത്.

പാകിസ്ഥാനെ പോലെ ബംഗ്ലാദേശ് സര്‍ക്കാരിനും യുറോപ്പ്, വടക്കെ അമേരിക്ക, ഓസ്ട്രേലിയ അല്ലെങ്കില്‍ മറ്റേതങ്കിലും രാജ്യങ്ങളിലെ പൗരനായ ഏതൊഒരാള്‍ക്കും പൗരത്വം നല്‍കാം. എന്നാല്‍, ബംഗ്ലാദേശിനെ കുറിച്ചുളള അറിവ് അത്തരക്കാര്‍ക്ക് ആവശ്യമാണ്.

ബംഗ്ലാ പുരഷന്‍മാരുമായി വിവാഹിതരായ വിദേശ സ്ത്രീകള്‍ക്കും രണ്ടു വര്‍ഷത്തെ താമസത്തിനു ശേഷവും പൗരത്വം ലഭിക്കും. ജനന സ്ഥലം പരിഗണിക്കാതെ ഒരാളുടെ മാതാപിതാക്കള്‍ ബംഗ്ലാദേശിയാണെങ്കില്‍ പൗരത്വം നല്‍കും. 150,000 ഡോളര്‍ നിക്ഷേപിക്കുന്ന ആര്‍ക്കും പൗരത്വം നേടാമെന്നും 2017 ലെ ഭേതഗതി ഉറപ്പുനല്‍കി.

യുദ്ധത്തില്‍ പാകിസ്ഥാനെ പിന്തുണച്ച നിരവധി ഉര്‍ദ്ദു സംസാരിക്കുന്ന ആളുകള്‍ ബംഗ്ലാദേശ് പിറവിക്ക് ശേഷം രാജ്യമില്ലാത്തവരായി തീര്‍ന്നു. കാരണം ശത്രുരാജ്യത്തോടൊപ്പം നില്‍ക്കുന്നവര്‍ക്ക് പൗരത്വം നല്‍കാന്‍ നിയമം അനുവദിച്ചിരുന്നില്ല. 1972 ല്‍ ഇത്തരത്തിലുളള 10 ലക്ഷം ആളുകളുണ്ടായിരുന്നു.

ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ തമ്മിലുളള ഒരു കരാര്‍ പ്രകാരം 1,780,969 പേരെ പാകിസ്ഥാനിലേക്ക് തിരിച്ചയച്ചു. തുടര്‍ന്നു ഒരു ലക്ഷം പേര്‍ കൂടി തിരിച്ചെത്തി. എന്നാല്‍ 2.5 ലക്ഷം പേര്‍ അവിടെ തന്നെ തുടര്‍ന്നു. 2008 ല്‍ സുപ്രീം കോടതി ഉര്‍ദ്ദു സംസാരിക്കുന്ന എല്ലാ പൗരന്മാരുടേയും പൗരത്വം ഉറപ്പിച്ചു. പാകിസ്ഥാന്റെ 1951 ലെ പൗരത്വ നിയമവും പ്രാബല്ല്യത്തില്‍ വന്നു.

ആ രാജ്യത്ത് അധിവസിക്കുന്ന ഒരാളോടും ഇരട്ട നീതി പ്രകടിപ്പിക്കാന്‍ ബംഗ്ലാദേശിന്റെ ഭരണഘടന അനുവാദം നല്‍കുന്നില്ല. പൗരത്വമില്ലാത്ത വിഭാഗക്കാര്‍ക്ക് പൗരത്വം നല്‍കുന്നതിന് ലളിതമായ എത്രയോ വകുപ്പുകള്‍ ഭരണഘടനയിലുണ്ടെന്നത് അവിടത്തെ ന്യൂനപക്ഷം അരക്ഷിതരല്ലെന്നതിന് ഉത്തമതെളിവാണ് നല്‍കുന്നത്.