| Monday, 13th January 2020, 11:57 am

പൗരത്വ നിയമത്തെ ന്യായീകരിച്ചു കൊണ്ട് രാമകൃഷ്ണ മഠത്തിനുള്ളില്‍ മോദിയുടെ പ്രസംഗം; അതൃപ്തി അറിയിച്ച് സന്യാസിമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: സ്വാമി വിവേകാനന്ദ ജന്‍മദിനത്തോടനുബന്ധിച്ച് രാമകൃഷ്ണ മിഷന്‍ ആസ്ഥാനത്ത് വെച്ച് പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചു കൊണ്ട് മോദി നടത്തിയ പ്രസംഗത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് മഠത്തിലെ സന്യാസിമാര്‍. പ്രധാനമന്ത്രിക്ക് ഇത്തരത്തില്‍ ഒരു രാഷ്ട്രീയ പ്രസംഗം നടത്താന്‍ അനുമതി നല്‍കിയതില്‍ ഒരു വിഭാഗം അതൃപ്തി പ്രകടിപ്പിച്ചതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

മോദിയുടെ സന്ദര്‍ശനം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മഠത്തിലെ ഒരു വിഭാഗം സന്യാസിമാര്‍ നേരത്തെ മഠാധിപര്‍ക്ക് കത്തയക്കുകയും ചെയ്തിരുന്നു. മഠത്തിലെ അംഗമായ ഗൗതം റോയി രൂക്ഷമായാണ് മോദിയുടെ പ്രസംഗത്തെ വിമര്‍ശിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘മോദി ഇവിടത്തെ അന്തേവാസിയല്ല. അദ്ദേഹം ഇവിടെ വന്ന് രാഷ്ട്രീയ പ്രസംഗം ചെയ്യാനും പാടില്ല. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി രാമകൃഷ്ണ മിഷന്‍ രാഷ്ട്രീയവല്‍ക്കരിക്കപ്പെടുകയാണ്. ആര്‍. എസ്. എസുമായി ബന്ധമുള്ള ചിലരെ മഠത്തിലേക്ക് ഉള്‍പ്പെടുത്തിയത് വഴിയാണ് ഇങ്ങനെ സംഭവിച്ചത്,’ ഗൗതം റോയി പറഞ്ഞു.

മോദി നടത്തിയ രാഷ്ട്രീയ പ്രസംഗം വിവാദമായ സാഹചര്യത്തില്‍ മിഷന്‍ ജനറല്‍ സെക്രട്ടറി സ്വാമി സുവിരാനന്ദ വിഷയത്തില്‍ പ്രതികരിക്കുകയും ചെയ്തു.

മഠം രാഷ്ട്രീയമില്ലാത്ത സംഘമാണെന്നും അതിനാല്‍ മോദിയുടെ പ്രസംഗത്തോട് പ്രതികരിക്കുന്നില്ലെന്നും ഇദ്ദേഹം പറഞ്ഞു. ഇവിടെ എത്തുന്നവര്‍ എന്തു സംസാരിക്കണമെന്ന് തീരുമാനിക്കുന്നത് അവരാണെന്നും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് മഠത്തിന്റെ സംസ്‌കാരെമന്നും ഇവിടെ ഹിന്ദു മുസ്‌ലിം, ക്രിസ്ത്യന്‍, വിഭാഗങ്ങളില്‍ നിന്നുള്ള സന്യാസിമാരും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞദിസമാണ് പ്രധാനമന്ത്രി പശ്ചിമബംഗാളിലെ ബേലൂറിലെ രാമകൃഷ്ണ മിഷന്‍ മഠത്തിലെത്തിയത്. പൗരത്വ നിയമ ഭേദഗതിയെ ന്യായീകരിച്ചുകൊണ്ടും നടത്തിയ പ്രസംഗത്തില്‍ രാജ്യമെമ്പാടും ഉയരുന്ന പ്രതിഷേധത്തെ തള്ളിക്കളഞ്ഞു കൊണ്ടുമായിരുന്നു മോദിയുടെ പ്രസംഗം. സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ മോദി ട്വിറ്ററില്‍ പങ്കു വെക്കുകയും ചെയ്തിരുന്നു.

ശ്രീരാമകൃഷ്ണ പരമഹംസരുടെ പേരില്‍ അദ്ദേഹത്തിന്റെ ശിഷ്യനായിരുന്ന സ്വാമി വിവേകാനന്ദന്‍ 1897 ലാണ് രാമകൃഷ്ണ മഠം സ്ഥാപിക്കുന്നത്.

We use cookies to give you the best possible experience. Learn more