ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമം ജനുവരി 10 വെള്ളിയാഴ്ച മുതല്‍ നടപ്പില്‍ വന്നതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക അറിയിപ്പ്. ‘ പൗരത്വ ഭേദഗതി നിയമത്തിലെ ഒന്നാമത്തെ സെക്ഷനിലെ രണ്ടാം സബ് സെക്ഷന്‍ പ്രകാരം, പൗരത്വ ഭേദഗതി നിയമത്തിലെ എല്ലാ വ്യവസ്ഥകളും 2020 ജനുവരി 10 മുതല്‍ നടപ്പിലാക്കണം എന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിക്കുന്നു.’ എന്നാണ് ആഭ്യന്തര മന്ത്രാലയം ഇറക്കിയ അറിയിപ്പില്‍ പറയുന്നത്.
നിയമം നടപ്പില്‍ വരുത്തുന്നതിനുള്ള മറ്റു നടപടികളോ വ്യവസ്ഥകളോ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെയും രൂപീകരിച്ചിട്ടില്ല എന്നതാണ് മറ്റൊരു വസ്തുത.
ഡിസംബര്‍ 11ന് പാര്‍ലമെന്റിലെ ഇരു സഭകളിലും പാസ്സായ പൗരത്വ ഭേദഗതി നിയമപ്രകാരം ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ മതപീഡനം മൂലം 2014 ന് മുന്‍പ് ഇന്ത്യയില്‍ അഭയം നേടിയ ഹിന്ദു, സിഖ്, പാര്‍സി, ജൈന്‍, ക്രിസ്ത്യന്‍, ബുദ്ധ മതവിഭാഗങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കും.
ഭേദഗതിക്കെതിരെ ഇന്ത്യയില്‍ വ്യാപക പ്രതിഷേധങ്ങളാണ് നടന്നുവരുന്നത്. പൗരത്വം നല്‍കുന്നതില്‍ ആദ്യമായി മതം മാനദണ്ഡമാക്കിയതിനും മുസ്‌ലിം വിഭാഗത്തെ മാത്രം ഒഴിവാക്കിയതിനുമെതിരെയാണ് പ്രതിഷേധങ്ങളുയുര്‍ന്നത്.
പൗരത്വ ഭേദഗതിക്ക് പിന്നാലെ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കൂടി നടപ്പിലാകുമ്പോള്‍ നിരവധിയാളുകള്‍ക്ക് പൗരത്വം നഷ്ടപ്പെടുമെന്നാണ് കണക്കാക്കുന്നത്.
കേരളവും ബംഗാളുമടക്കം നിരവധി സംസ്ഥാനങ്ങള്‍ പൗരത്വ ഭേദഗതിയും എന്‍.ആര്‍.സിയും നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളം ഭേദഗതിക്കെതിരെ പ്രമേയം പാസാക്കുകയും ചെയ്തു.