| Friday, 13th December 2019, 9:12 pm

'ദേശീയ പൗരത്വ ഭേദഗതി നിയമം വിവേചനപരം'; മറ്റു മതങ്ങള്‍ക്ക് നല്‍കുന്ന പരിഗണന മുസ്‌ലീങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും യു.എന്‍ മനുഷ്യാവകാശ ഓഫീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജനീവ: ഇന്ത്യയിലെ മുസ്‌ലീങ്ങളെ പുറത്താക്കുന്ന പൗരത്വ ഭേദഗതി നിയമം മൗലീകമായി വിവേചനപരമെന്ന് യു.എന്‍ മനുഷ്യാവകാശ ഒസമിതി. നിയമം പുനഃപരിശോധനയ്ക്ക് വിടണമെന്നും മനുഷ്യാവകാശ സമിതി പറഞ്ഞു.

ബംഗ്ലാദേശിലെയും പാകിസ്ഥാനിലേയും അഫ്ഗാനിസ്ഥാനിലേയും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിനായാണ് പാര്‍ലമെന്റില്‍ പൗരത്വ ഭേദഗതി ബില്‍ പാസാക്കിയതെന്നാണ് മോദി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഇതിനെതിരെ ഇന്ത്യയില്‍ പ്രതിഷേധം പടരുകയാണ്.

‘ഇന്ത്യയിലെ പുതിയ പൗരത്വ ഭേദഗതി നിയമം പ്രകൃത്യാല്‍ വിവേചനപരമാണെന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്’-യു.എന്‍ മനുഷ്യാവകാശ വക്താവ് ജെറെമി ലോറന്‍സ് ജനീവ ന്യൂസിനോട് പറഞ്ഞു.

മറ്റു ആറ് മതങ്ങള്‍ക്ക് നല്‍കുന്ന സംരക്ഷണം ഈ പുതിയ നിയമം മുസ്‌ലീം മത വിഭാഗങ്ങള്‍ക്ക് നല്‍കുന്നില്ല. പുതിയ നിയമം സുപ്രീം കോടതി പുനഃപരിശോധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ലോറന്‍സ് പറഞ്ഞു.

പൗരത്വ നിയമം പാസാക്കിയതുമായി ബന്ധപ്പെട്ട് ദല്‍ഹിയില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളും പൊലീസും തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കു നേരെ പൊലീസ് ലാത്തി വീശുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. പൊലീസ് അക്രമത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടിട്ടുണ്ട്.

ദേശീയ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് നിരവധിപേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുള്ളത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രതിഷേധം ശക്തമാണ്. അസമില്‍ ഇന്നലെ പൊലീസും പ്രതിഷേധക്കാരുമായി നടന്ന സംഘര്‍ഷത്തില്‍ മൂന്നുപേര്‍ മരിച്ചിരുന്നു.

We use cookies to give you the best possible experience. Learn more