'പൗരത്വ ഭേദഗതി നിയമം ജനങ്ങളെ വിഭജിക്കുന്നത്, എന്റെ മനസാക്ഷി ഇത് അംഗീകരിക്കില്ല'; നിലപാട് വ്യക്തമാക്കി ബി.ജെ.പി നേതാവ്
India
'പൗരത്വ ഭേദഗതി നിയമം ജനങ്ങളെ വിഭജിക്കുന്നത്, എന്റെ മനസാക്ഷി ഇത് അംഗീകരിക്കില്ല'; നിലപാട് വ്യക്തമാക്കി ബി.ജെ.പി നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th December 2019, 3:21 pm

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉയരുന്ന സംശയങ്ങളും ആശങ്കകളും പ്രതിഷേധങ്ങളും അടിസ്ഥാന രഹിതമല്ലെന്ന് ബി.ജെ.പി നേതാവും അസം സ്പീക്കറുമായ ഹിതേന്ദ്ര നാഥ് ഗോസ്വാമി.

”വിവിധ ജാതികള്‍ക്കും സമുദായങ്ങള്‍ക്കും ഭാഷകള്‍ക്കുമിടയില്‍ ഭിന്നത സൃഷ്ടിക്കുന്നതിനുള്ള ശക്തമായ സാധ്യത ഇത്തരമൊരു നിയമത്തിന് പിന്നില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ രാജ്യസഭ ബില്‍ പാസാക്കിയതോടെ പൗരത്വ ഭേദഗതി ബില്‍ ഒരു നിയമമായി മാറിയെന്നും ഗോസ്വാമി പറഞ്ഞു.

” സ്പീക്കറെന്ന നിലയില്‍ ഭരണഘടനാപരമായ ചുമതലകള്‍ നിറവേറ്റുന്നതിനാല്‍ തന്നെ ഈ നിയമത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ കഴിയില്ല. എന്നാല്‍ രാജ്യത്തിനും സമൂഹത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തിയെന്ന നിലയില്‍ ഈ നിയമത്തിന് മേല്‍ സൃഷ്ടിക്കപ്പെടുന്ന സംശയം അടിസ്ഥാനരഹിതമല്ലെന്ന് എനിക്ക് തോന്നുന്നു.”- അദ്ദേഹം പറഞ്ഞു.

ലോക്‌സഭയില്‍ മുന്‍പ് ഈ ബില്‍ പാസ്സാക്കിയപ്പോള്‍ താന്‍ എടുത്ത നിലപാടും അദ്ദേഹം വിശദീകരിച്ചു. ഞാന്‍ ഇപ്പോഴും അതേ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. അത് ഭാവിയിലും അങ്ങനെ തന്നെയായിരിക്കും. സ്പീക്കര്‍ എന്ന നിലയിലുള്ള എന്റെ ഭരണഘടനാ ഉത്തരവാദിത്തങ്ങള്‍ക്കൊപ്പം എന്റെ നിയോജകമണ്ഡലത്തിന്റെ സമഗ്ര വികസനത്തിലും എനിക്ക് ഉത്തരവാദിത്തമുണ്ട്. ഞാന്‍ സ്പീക്കറാണെങ്കിലും പൊതുജനത്തിന് മുകളിലുള്ള ഒരാളല്ലെന്നും അദ്ദേഹം പറഞ്ഞു.

അസമിലെ ജനങ്ങളുടെ ആശങ്കയും പ്രതിഷേധവും പരാതികളും പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുകയാണെന്നും സംസ്ഥാനത്ത് സമാധാനം നിലനിര്‍ത്തുന്നതിന് പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ലോക്‌സഭയില്‍ തിടുക്കത്തില്‍ ബില്‍ പാസാക്കിയത് സംസ്ഥാനത്തെ ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും ഇത്തരമൊരു പ്രവര്‍ത്തിയെ തന്റെ മനസാക്ഷി പിന്തുണയ്ക്കില്ലെന്നും സ്പീക്കര്‍ പറഞ്ഞു. ഇത്തരമൊരു നിയമം ജനങ്ങള്‍ക്കിടിയലുള്ള ഐക്യത്തിനും സാഹോദര്യത്തിനും വിള്ളലേല്‍പ്പിക്കുമെന്നും ഗോസ്വാമി പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിലെ അസമില്‍ പ്രതിഷേധം തുടരുകയാണ്. ഗുവാഹത്തി, ദിബ്രുഗഡ് ജില്ലകളിലും സോണിത്പൂര്‍ ജില്ലയിലെ തേജ്പൂര്‍, ധെകിയജുലി നഗരങ്ങളിലും വ്യാഴാഴ്ച സംസ്ഥാന ഭരണകൂടം അനിശ്ചിതകാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വ്യാഴാഴ്ച നടന്ന വെടിവെപ്പില്‍ മൂന്ന് കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രതിപക്ഷ നേതാവായ കോണ്‍ഗ്രസ് നേതാവ് ദെബബ്രത സൈകിയ വ്യാഴാഴ്ച ഗോസ്വാമിയെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ചിരുന്നു. ജനങ്ങളുടെ ആശങ്കകള്‍ ചര്‍ച്ച ചെയ്യാനായി ഒരു പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ