#IWillGoOut ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ ദേശവ്യാപകമായി ജനുവരി 21ന് സ്ത്രീകളുടെ പ്രക്ഷോഭം
Daily News
#IWillGoOut ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ ദേശവ്യാപകമായി ജനുവരി 21ന് സ്ത്രീകളുടെ പ്രക്ഷോഭം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th January 2017, 12:03 pm

women

 

ന്യൂദല്‍ഹി: പുതുവത്സരരാവിലെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തെരുവുകളില്‍ സ്ത്രീകള്‍ അപമാനിപ്പെടുന്നതിനെതിരെ ജനുവരി 21ന് സ്ത്രീകളുടെ ചെറുത്തുനില്‍പ്പ്. #IWillgoOut എന്ന പേരിട്ടിരിക്കുന്ന ഈ കാമ്പെയ്ന്റ ഭാഗമായി ജനുവരി 21ന് രാജ്യത്തെ 21 നഗരങ്ങളില്‍ സ്ത്രീകള്‍ ഒത്തുചേരും.

ഇന്ത്യയിലെവിടെയും പൊതുസ്ഥലത്ത് ഏതു സമയത്തും സ്ത്രീകള്‍ക്ക് സുരക്ഷിതമായി പോകാന്‍ കഴിയണം എന്നുറപ്പുവരുത്തേണ്ടതുണ്ടെന്നു പറഞ്ഞുകൊണ്ടാണ് ഇത്തരമൊരു സമരപരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. ഈ കാമ്പെയ്‌ന്റെ ഭാഗമായി രാജ്യത്തെ വിവിധ നഗരങ്ങളില്‍ ഇതിനോടകം തന്നെ പ്രതിഷേധ മാര്‍ച്ചും പലതരത്തിലുള്ള പരിപാടികളും ആസൂത്രണം ചെയ്തുകഴിഞ്ഞു.

“സമൂഹമെന്ന നിലയില്‍ സ്ത്രീവിരുദ്ധതയും ലൈംഗിക പീഡനങ്ങളും നമ്മള്‍ സാധാരണ സംഭവമായി കാണാന്‍ തുടങ്ങിയിരിക്കുന്നു. സുരക്ഷിതമായി ഏതുസമയത്തും പോകാന്‍ കഴിയുന്ന പൊതുഇടങ്ങള്‍ക്കുവേണ്ടി സ്ത്രീകള്‍ മുറവിളി കൂട്ടേണ്ട സമയം ഇതാണ്. ഞങ്ങള്‍ പുറത്തുപോകുക തന്നെ ചെയ്യുമെന്ന് അഭിമാനത്തോടെ പ്രഖ്യാപിക്കേണ്ടിയിരിക്കുന്നു.” ബംഗളുരു മേഖലയിലുള്ള കാമ്പെയ്‌ന്റെ സംഘാടകയായ ദിവ്യ ടൈറ്റസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


Also Read: “വിദ്യാഭ്യാസ യോഗ്യത പുറത്തുവിടരുതെന്ന് സ്മൃതി ഇറാനി പറഞ്ഞിട്ടുണ്ടെന്ന് ദല്‍ഹി യൂണിവേഴ്‌സിറ്റി: പുറത്തവിട്ടേ തീരൂവെന്ന് വിവരാവകാശ കമ്മീഷണര്‍


“ഞങ്ങളുടെ ബംഗളുരുവില്‍ സുരക്ഷിതമായി സഞ്ചരിക്കാനുള്ള അവകാശം ഞങ്ങള്‍ക്കുവേണം എന്നു പറയാനാണ് ഈ സമരം. പൊതുഇടങ്ങളിലുള്ള അവകാശം ഉറപ്പുവരുത്താനായി പോരാടാന്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും യാതൊരു ഭയവുമില്ലെന്ന് ഞങ്ങള്‍ വിളിച്ചുപറയുകയാണ്. അതിന് ഞങ്ങള്‍ക്കൊപ്പം അണിചേരാന്‍ എല്ലാവരേയും ക്ഷണിക്കുന്നു.” അവര്‍ വിശദീകരിച്ചു.

പൊതുഇടങ്ങള്‍ പുരുഷന്മാര്‍ക്കുവേണ്ടിയുള്ളതാണെന്ന പരമ്പരാഗത ധാരണയെ ചോദ്യം ചെയ്യുക, ഭയമില്ലാതെ നമ്മുടെ രാജ്യത്ത് നിലനില്‍ക്കാനും ജീവിക്കാനുമുള്ള സ്വാതന്ത്ര്യം ഉറപ്പുവരുത്തുക, പുരുഷന്മാര്‍ക്കുമാത്രമെന്ന രീതിയില്‍ കരുതപ്പെടുന്ന പൊതുഇടങ്ങള്‍ ജാതിവര്‍ഗ ഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും വേണ്ടി ഉറപ്പാക്കുക, ലൈംഗിക അതിക്രമങ്ങള്‍ നടക്കുമ്പോള്‍ ഇരയെ കുറ്റപ്പെടുത്താതെ അതിക്രമിക്കെതിരെ ഉടന്‍ നടപടിയെടുക്കുക, അതിക്രമങ്ങളും ഭയവുമില്ലാതെ ജീവിക്കാന്‍ കഴിയുന്ന ഒരു ഭാവി തലമുറയെ കെട്ടിപ്പടുക്കുക തുടങ്ങിയവയാണ് ഈ പ്രക്ഷോഭത്തിന്റെ ലക്ഷ്യങ്ങളായി സംഘാടകര്‍ ഉയര്‍ത്തിക്കാട്ടുന്നത്.

ബംഗളുരു നഗരത്തില്‍ പുതുവര്‍ഷരാവില്‍ നടന്ന പീഡന ശ്രമങ്ങളാണ് ഈ പ്രക്ഷോഭം ആരംഭിക്കാന്‍ കാരണമെങ്കിലും അത് മാത്രമല്ലെന്ന് സംഘാടകര്‍ തങ്ങളുടെ കുറിപ്പിലൂടെ വ്യക്തമാക്കുന്നു.


Must Read:വേട്ടയാടാനുള്ള യഥാര്‍ത്ഥ കാരണം കമല്‍ മോദിയെ വിമര്‍ശിച്ചത്: അന്നേ കമലിനെ മാര്‍ക്കു ചെയ്തിരുന്നെന്ന് ടി.ജി മോഹന്‍ദാസ് 


“ബംഗ്ലൂര്‍ നഗരത്തില്‍ മാത്രമല്ല ഓരോ തെരുവുകളിലുമുണ്ട് പീഡന ശ്രമങ്ങള്‍. ഓരോരുത്തരും സഹിക്കുകയായിരുന്നു. എല്ലാവരും കടുത്ത ദേഷ്യത്തിലുമായിരുന്നു. എന്നാല്‍ ബംഗ്ലൂര്‍ സംഭവം ഓര്‍മ്മപ്പെടുത്തുന്നു ഇനിയും ഇങ്ങനെ ഇരുന്നു കൂടാ എന്ന്. ചിലപ്പോള്‍ ഈ കൂട്ടായ്മ, പ്രക്ഷോഭം, ഈ ഹാഷ്ടാഗുകള്‍ ഈ ചുമരിലെ വെറും ഇഷ്ടിക കഷ്ണങ്ങള്‍ മാത്രമായേക്കാം എന്നാല്‍ ഇത്തരം ഇഷ്ടിക കഷ്ണങ്ങള്‍ തന്നെയാണ് ചുവരുകള്‍ ഉണ്ടാക്കുന്നതെന്ന ഓര്‍മയിലാണ് ഈ കൂട്ടായ്മ” അവര്‍ പറയുന്നു.

കേരളത്തില്‍ തൃശ്ശൂരും തിരുവനന്തപുരത്തും ഇതിനോടകം പരിപാടികള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. എന്നാല്‍ 14 ജില്ലകളിലും ശനിയാഴ്ച ഈ കൂട്ടായ്മ നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.