| Tuesday, 4th April 2023, 12:45 pm

ജനങ്ങള്‍ ചോദ്യം ചെയ്യേണ്ടത് വിലക്കയറ്റത്തെയാണ് അല്ലാതെ മന്ത്രിമാരുടെ വിദ്യാഭ്യാസ യോഗ്യതയെ അല്ല: എന്‍.സി.പി നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ജനങ്ങള്‍ മന്ത്രിമാരുടെ ബിരുദത്തെ ചോദ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ലെന്നും ഭരണകാലയളവില്‍ നേതാക്കള്‍ ജനങ്ങള്‍ക്ക് എന്ത് സംഭാവന ചെയ്തു എന്നതിലാണ് കാര്യമെന്നും എന്‍.സി.പി നേതാവ് അജിത് പവാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. 2014ല്‍ ജനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വോട്ട് ചെയ്തത് അദ്ദേഹത്തിന്റെ വിദ്യാഭ്യാസം നോക്കിയല്ലെന്നും മറിച്ച് അദ്ദേഹത്തിന്റെ പ്രവര്‍ത്തന മികവ് കൊണ്ടാണെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു.

ഞായറാഴ്ച മുംബൈയില്‍ നടന്ന പൊതുയോഗത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘2014ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വേണ്ടി ജനങ്ങള്‍ വോട്ട് ചെയ്തത് അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യത അന്വേഷിച്ചിട്ടാണോ? ആ വിജയം അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം കൊണ്ടാണ്. ഇക്കഴിഞ്ഞ ഒമ്പത് വര്‍ഷക്കാലമായി അദ്ദേഹം ഇന്ത്യയെ മുന്‍നിരയില്‍ നിന്ന് നയിക്കുകയാണ്. ഇനിയും അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുന്നതില്‍ അര്‍ത്ഥമില്ല. പ്രധാനമന്ത്രിയെ ചോദ്യം ചെയ്യേണ്ടത് വിലക്കയറ്റത്തിന്റേയും തൊഴിലില്ലായ്മയുടേയും പേരിലായിരിക്കണം,’ അജിത് പവാര്‍ പറഞ്ഞു.

മോദിയുടെ ബിരുദത്തെ കുറിച്ച് വിവരം ലഭിച്ചാല്‍ രാജ്യത്തെ വിലക്കയറ്റവും തൊഴിലില്ലായ്മയും ഇല്ലാതാകുമോ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു. രാജ്യത്തെ ജനങ്ങള്‍ക്ക് അവരുടെ പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതെ കുറിച്ച് അറിയാന്‍ അവകാശമില്ലേയെന്നും അങ്ങനെ യോഗ്യത ചോദിക്കുന്നവര്‍ക്കെതിരെ പിഴ ചുമത്തുകയാണോ വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിയുടെ ബിരുദം സംബന്ധിച്ച വിവരം നല്‍കേണ്ടെന്ന ഗുജറാത്ത് ഹൈക്കോടതി വിധിക്ക് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

പ്രധാനമന്ത്രിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട അരവിന്ദ് കെജ്‌രിവാളിന് 25,000 രൂപയടക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

1978ല്‍ ഗുജറാത്ത് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദവും 1983-ല്‍ ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ടെന്നാണ് പ്രധാനമന്ത്രിയുടെ വാദം.

സംഭവത്തില്‍ ഒന്നും മറച്ചുവെക്കാനില്ലെന്നും എന്നാല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സര്‍വകലാശാലയെ നിര്‍ബന്ധിക്കാനാവില്ലെന്നും കഴിഞ്ഞ ഹിയറിങ്ങില്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞിരുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ പേഴ്സി കവീനയാണ് കേസില്‍ കെജ്‌രിവാളിന് വേണ്ടി ഹാജരായത്.

Content Highlight: Citizens should question the ministers about inflation and not about their degrees

We use cookies to give you the best possible experience. Learn more