വ്യോമാക്രമണത്തില്‍ എത്ര പേര്‍ കൊല്ലപ്പെട്ടുവെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്: ശിവസേന
national news
വ്യോമാക്രമണത്തില്‍ എത്ര പേര്‍ കൊല്ലപ്പെട്ടുവെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്: ശിവസേന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th March 2019, 4:28 pm

മുംബൈ: ബാലാകോട്ട് വ്യോമാക്രമണത്തില്‍ എത്ര ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് അറിയാന്‍ ഇന്ത്യക്കാര്‍ക്ക് അവകാശമുണ്ടെന്ന് ശിവസേന. ഇങ്ങനെ ചോദിക്കുന്നത് കൊണ്ട് സൈനികരുടെ മനോവീര്യം തകരുമെന്ന് കരുതുന്നില്ലെന്നും ശിവസേന വ്യക്തമാക്കി. സാമ്‌നയിലെഴുതിയ ലേഖനത്തിലാണ് ശിവസേനയുടെ വിമര്‍ശനം.

മോദിയുടെ രാഷ്ട്രീയ എതിരാളികള്‍ മാത്രമല്ല ഇംഗ്ലണ്ടിലെയും അമേരിക്കയിലെയും മാധ്യമങ്ങള്‍ വരെ ഇക്കാര്യം ചോദിക്കുന്നുണ്ടെന്നും ശിവസേന പറയുന്നു.

പ്രതിപക്ഷ പാര്‍ട്ടികള്‍ തെളിവ് ചോദിച്ചത് മോദിയെ ദേഷ്യം പിടിപ്പിച്ചിരിക്കുകയാണ്. പുല്‍വാമ ഭീകരാക്രമണം നടത്താന്‍ ഉപയോഗിച്ച 300 കിലോ ആര്‍ഡിഎക്‌സ് എവിടെ നിന്ന് വന്നു? ഭീകരകേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ ആക്രമണത്തില്‍ എത്രപേര്‍ കൊല്ലപ്പെട്ടു? തെരഞ്ഞെടുപ്പ് അവസാനിക്കുന്നത് വരെ ഇത്തരം ചോദ്യങ്ങള്‍ തുടരുമെന്നും സാമ്‌ന ലേഖനത്തില്‍ പറയുന്നു.

വിലക്കയറ്റം, തൊഴിലില്ലായ്മ, റാഫേല്‍ അടക്കം സര്‍ക്കാരിനെതിരെ കൊണ്ടുവന്ന വിഷയങ്ങളുടെ മേല്‍ മോദി “ബോംബ്” ഇട്ടതില്‍ പ്രതിപക്ഷം നിരാശരാണെന്നും സാമ്‌ന പറയുന്നു.