| Friday, 30th December 2022, 6:40 pm

രാജ്യവിരുദ്ധ പ്രവര്‍ത്തനം, കള്ളക്കടത്ത് എന്നിവ ആരോപിച്ച് 17 ദ്വീപുകളിലേക്ക് പ്രവേശനം നിരോധിച്ച് ലക്ഷദ്വീപ് ഭരണകൂടം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കവരത്തി: ലക്ഷദ്വീപിന്റെ ഭാഗമായ ആള്‍പാര്‍പ്പില്ലാത്ത 17 ദ്വീപുകളിലേക്ക് മുന്‍കൂര്‍ അനുമതിയില്ലാതെയുള്ള പ്രവേശനം നിരോധിച്ച് ദ്വീപ് ഭരണകൂടം. 144ാം വകുപ്പ് പ്രകാരമാണ് ലക്ഷദ്വീപ് ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവ്.

ഈ ദ്വീപുകളിലേക്ക് പ്രവേശിക്കാന്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന്റെ അനുമതി വേണമെന്നാണ് ഭരണകൂടത്തിന്റെ നിര്‍ദേശം. ഡിസംബര്‍ 28 ബുധനാഴ്ചയാണ് ഭരണകൂടം ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.

തീവ്രവാദവും കള്ളക്കടത്തും തടയാനാണ് പ്രവേശനം വിലക്കിക്കൊണ്ടുള്ള നടപടിയെന്നാണ് ഭരണകൂടത്തിന്റെ വിശദീകരണം. മറ്റ് ദ്വീപുകളില്‍ നിന്ന് തേങ്ങയിടാനെത്തുന്ന തൊഴിലാളികള്‍ക്ക് താമസിക്കാന്‍ തയ്യാറാക്കിയ താത്കാലിക നിര്‍മിതികളാണ് ഈ ദ്വീപുകളില്‍ പ്രധാനമായും ഉള്ളത്.

ജോലിക്കായെത്തുന്ന തൊഴിലാളികളില്‍ നിയമവിരുദ്ധവും രാജ്യവിരുദ്ധവും സാമൂഹിക വിരുദ്ധവുമായ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതിനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്ന് ഉത്തരവില്‍ പറയുന്നു.

ഇവര്‍ കള്ളക്കടത്തിനും ലഹരി മരുന്നുകളും ആയുധങ്ങളും ഒളിപ്പിച്ചുവെക്കാനും ദ്വീപിനെ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും സാധ്യതയുള്ളതിനാലാണ് നിയന്ത്രണം കൊണ്ടുവന്നതെന്നും ഉത്തരവില്‍ പരാമര്‍ശിക്കുന്നുണ്ട്.

അതേസമയം, ലക്ഷദ്വീപിലെ സ്‌കൂളുകള്‍ അടച്ചു പൂട്ടിയത്, സ്‌കോളര്‍ഷിപ് നിര്‍ത്തിയത്, അധ്യാപകരെ പിരിച്ചുവിട്ടത്, വിദ്യാര്‍ഥികളുടെ പഠനയാത്ര പുനരാരംഭിക്കാത്തത് തുടങ്ങി നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട് ലക്ഷദ്വീപ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (എല്‍.എസ്.എ) സമരത്തിലാണ്.

എല്‍.എസ്.എ കഴിഞ്ഞ ദിവസം ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ക്ക് നേരെ കരിങ്കൊടി കാണിക്കുകയും ഗോബാക്ക് മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. സമരം ചെയ്ത എല്‍.എസ്.എ നേതാക്കളെ ഐ.പി.സി 151 വകുപ്പ് ചേര്‍ത്ത് അറസ്റ്റ് ചെയ്യുകയും ശേഷം വിട്ടയക്കുകയും ചെയ്തു.

അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരായ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും ലക്ഷദ്വീപ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Content Highlight: Citing national security, Lakshadweep admin prohibits entry into 17 uninhabited islands

We use cookies to give you the best possible experience. Learn more