ന്യൂദല്‍ഹി: എയര്‍പോര്‍ട്ടിലെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ യാത്രക്കാരോട് ചിരിക്കുന്നത് നിയന്ത്രിക്കാന്‍ നിര്‍ദ്ദേശം. സൗഹൃദം കുറച്ച് ജാഗ്രത കൂട്ടുകയാണ് നിര്‍ദ്ദേശത്തിന് പിന്നിലെ ലക്ഷ്യം.
തങ്ങള്‍ക്ക് യാത്രക്കാരുമായി കൂടൂതല്‍ സൗഹൃദം സ്ഥാപിക്കാന്‍ കഴിയില്ല. യു എസില്‍ നടന്ന ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ കാരണങ്ങളിലൊന്നായി ഇപ്പോഴും ചൂണ്ടികാണിക്കുന്നത് യാത്രക്കാരുമായുള്ള ബന്ധത്തിന് നല്‍കിയ അമിത പ്രാധാന്യമാണ്. ഈ സംഭവം കണക്കിലെടുത്താണ് പുതിയ നിര്‍ദ്ദേശം എന്ന് സി.ഐ.എസ്.എഫ് ഡയറക്റ്റര്‍ ജനറല്‍ മാധ്യമങ്ങളോട് പറഞ്ഞു.
അന്താരാഷ്ട്ര വ്യോമ സേന ദിനത്തിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. “ബ്രോഡ് സ്‌മൈല്‍” ( നിറഞ്ഞചിരി ) യില്‍ നിന്ന് “സഫിഷന്റ് സ്‌മൈല്‍ ” ( മിതമായ ചിരി) സിസ്റ്റത്തിലേക്ക് മാറാന്‍ ആണ് പുതിയ തീരുമാനം. യാത്രക്കാരോട് നന്നായി പെരുമാറുന്നത് സേനയുടെ സുപ്രധാന ലക്ഷ്യമായ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സാമാകരുത് എന്നും ഡയറക്റ്റര്‍ ജനറല്‍ കൂട്ടിച്ചേര്‍ത്തു.
പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് എയര്‍പോര്‍ട്ടുകളിലെ സുരക്ഷ കര്‍ശനമാക്കാനുള്ള നടപടികള്‍ സേന തുടങ്ങി കഴിഞ്ഞു. ബോഡിങ്ങ് പാസുകളില്‍ ഇലക്ട്രോണിക് സ്റ്റാമ്പിങ്ങ് നടത്തുന്ന രീതി ഹൈദരാബാദില്‍ നടപ്പിലാക്കി. ഇത് കൂടാതെ ശാസ്ത്രീയ പെരുമാറ്റ വിശകലനം പോലുള്ള പ്രത്യക പരിശീലനങ്ങളും സേനയിലെ അംഗങ്ങള്‍ക്ക് ലഭ്യമാക്കുന്നുണ്ട്.
എയര്‍പോര്‍ട്ടുകളില്‍ എച്ച്.ഡി ക്വാളിറ്റി ദൃശ്യങ്ങള്‍ പകര്‍ത്തുന്ന സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കാനും തീരുമാനിച്ചതായി അധികൃതര്‍ പറയുന്നു. വ്യാജ ടിക്കറ്റുകളുമായി എയര്‍പോര്‍ട്ടില്‍ എത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണെന്നും ഇത് തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും വ്യോമ സേന അറിയിച്ചു.