Advertisement
Daily News
വിമാനത്താവളങ്ങളില്‍ ബോര്‍ഡിംഗ് പാസ് നിര്‍ത്തലാക്കാന്‍ സി.ഐ.എസ്.എഫ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Sep 18, 03:22 am
Monday, 18th September 2017, 8:52 am

 

ന്യൂദല്‍ഹി: രാജ്യത്തെ വിമാനത്താവളങ്ങളില്‍ ബോര്‍ഡിംഗ് പാസ് നിര്‍ത്താലാക്കണമെന്ന് സി.ഐ.എസ്.എഫ് നിര്‍ദ്ദേശം. രാജ്യത്തെ 59 വിമാനത്താവളങ്ങളിലും ഏകീകൃതമായ ബോര്‍ഡിംഗ് കാര്‍ഡ് രഹിത സേവനം ലഭ്യമാക്കാന്‍ സാങ്കേതിക സംവിധാനം സജ്ജീകരിക്കാനുള്ള തയാറെടുപ്പിലാണെന്ന് സി.ഐ.എസ്.എഫ് ഡയറക്ടര്‍ ജനറല്‍ ഒ.പി. സിംഗ് പറഞ്ഞു.

ബയോമെട്രിക് സഹായത്തോടെയുള്ള എക്‌സപ്രസ് ചെക്ക് ഇന്‍ സംവിധാനമാണ് പകരമായി സി.ഐ.എസ്.എഫ് നിര്‍ദ്ദേശിക്കുന്നത്. ഇതിനായി രണ്ടു പദ്ധതികളാണ് പരിഗണനയിലുള്ളതെന്നും ഒ.പി സിംഗ് വ്യക്തമാക്കി. വിമാനത്താവളങ്ങളില്‍ ഏകീകൃത സുരക്ഷ സംവിധാനമൊരുക്കലും പരിശോധനയ്ക്കായി സ്മാര്‍ട്ട് കാര്‍ഡ് ഏര്‍പ്പാടാക്കലുമാണ് പരിഗണിക്കുന്നത്. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയുമായുള്ള അഭിമുഖത്തിലാണ് സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്.


Also Read: ഐസക്കിനെ റെസ്റ്റ് ഹൗസില്‍ നിന്ന് കുടിയൊഴിപ്പിച്ചെന്നത് കെട്ടുകഥ; തങ്ങളെ തെറ്റിക്കാന്‍ ക്രിമിനലുകള്‍ ശ്രമിക്കുന്നു: ജി സുധാകരന്‍


ഹൈദരാബാദ് വിമാനത്താവളത്തില്‍ മാത്രമാണ് നിലവില്‍ ബയോമെട്രിക് പരിശോധനയുളളത്. ഇത് രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങളിലേയ്ക്കും വ്യാപിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ഒ.പി സിംഗ് പറഞ്ഞു. രാജ്യത്തെ 17 വിമാനത്താവളങ്ങളില്‍ ഹാന്‍ഡ് ബാഗേജ് സംവിധാനം ഈയിടെ നിര്‍ത്തലാക്കിയിരുന്നു. ഇതും മറ്റു വിമാനത്താവളങ്ങളിലേയ്ക്ക് വ്യാപിപ്പിക്കാന്‍ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സി.ഐ.എസ്.എഫിലെ 2000 ഒഴിവിലേയ്ക്കുള്ള നിയമനം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും സിംഗ് പറഞ്ഞു. അന്താരാഷ്ട്ര നിലവാരമുള്ള വിമാനത്താവളങ്ങള്‍ ഒരുക്കുന്നതോടൊപ്പം യാത്രക്കാര്‍ക്ക് സുഗമമായ യാത്രയും ഉറപ്പാക്കാനാണ് പരിഷ്‌കാരമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.