ന്യൂദല്‍ഹി: ഡല്‍ഹി എയര്‍പോര്‍ട്ടിലെ സെക്യൂരിറ്റി ചെക്കിങ്ങിനിടയില്‍ മുസ്‌ലിം നാമധാരികളായ ഉദ്യോഗസ്ഥര്‍ തന്റെ ആപ്പിള്‍ വാച്ച് മോഷ്ടിച്ചെന്ന ഡോക്ടറുടെ കള്ളം പൊളിച്ച് സി.ഐ.എസ്.എഫ്. ഇതോടെ വ്യാജ ആരോപണമുന്നയിച്ച് എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് മുക്കി ഡോക്ടര്‍ മുങ്ങി.
സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച്, അവയില്‍ ചെക്കിങ്ങിന് ശേഷം ഡോക്ടര്‍ സാധാരണ പോലെ വാച്ച് കൈയില്‍ കെട്ടി പോകുന്നുണ്ട് എന്ന് സി.ഐ.എസ്.എഫ് ഉറപ്പു വരുത്തിയതോടെയാണ് വിദ്വേഷം കലര്‍ന്ന ഡോക്‌റുടെ കള്ളം പൊളിഞ്ഞത്.
കഴിഞ്ഞ ദിവസമാണ് ഹരിയാനയിലെ ഗുരുഗ്രാം ആസ്ഥാനമായുള്ള ഒരു ആശുപത്രിയിലെ ഓര്‍ത്തോ പീഡിക് സര്‍ജന്‍ ഡോ. തുഷാര്‍ മേത്ത എന്ന വ്യക്തി എക്‌സില്‍ തന്റെ വാച്ച് മോഷണം പോയെന്ന് വ്യാജ ആരോപണം ഉന്നയിച്ചത്. സെക്യൂരിറ്റി ചെക്കിങ്ങിനായുള്ള ട്രേയില്‍ തന്റെ വാച്ചും ലാപ്‌ടോപ്പും ഉള്‍പ്പടയെുള്ള വസ്തുക്കള്‍ നിക്ഷേപിച്ചെന്നും എന്നാല്‍ ചെക്കിങ് പൂര്‍ത്തിയാക്കി തിരികെയെടുക്കുമ്പോള്‍ അതില്‍ വാച്ച് ഇല്ലായിരുന്നു എന്നുമായിരുന്നു പോസ്റ്റ്.
ഡോ. തുഷാര്‍ മേത്തയുടെ വ്യാജ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട്
ഇക്കാര്യം സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനോട് പറഞ്ഞപ്പോള്‍ ബാഗിലും പോക്കറ്റിലും പരിശോധിക്കാന്‍ പറഞ്ഞെന്നും ഡോ. തുഷാര്‍ മേത്തയുടെ പോസ്റ്റില്‍ പറയുന്നു. പിന്നീട് സി.ഐ.എസ്.എഫിന്റെ നിര്‍ദേശങ്ങള്‍ക്ക് കാത്ത് നില്‍ക്കാതെ താന്‍ തന്നെ പരിസരങ്ങളില്‍ തിരച്ചില്‍ നടത്തിയെന്നും ഈ ഘട്ടത്തില്‍ ടൈറ്റന്റെ വാച്ച് ഷോറൂമിന് സമീപത്ത് കണ്ട സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനില്‍ നിന്ന് തന്റെ വാച്ച് കണ്ടെത്തിയെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
നേരത്തെ തന്നോട് ബാഗിലും പോക്കറ്റിലും പരിശോധിക്കാന്‍ പറഞ്ഞ ഉദ്യോഗസ്ഥനും അവിടെയുണ്ടായിരുന്നു എന്നും ഇയാളുടെ പോസ്റ്റിലുണ്ട്. താഴെ ഉദ്യോഗസ്ഥരുടെ പേരും ഇയാള്‍ രേഖപ്പെടുത്തിയിരുന്നു. ഷുഹൈബ്, മുഹമ്മദ് സാദിഖ് എന്നിങ്ങനെയാണ് അദ്ദേഹം രേഖപ്പെടുത്തിയ പേരുകള്‍.
ഈ പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ പോസ്റ്റിന് താഴെ മുസ്‌ലിങ്ങള്‍ക്കെതിരെ വിദ്വേഷ കമന്റുകളും വ്യാപകമായി വന്നു. ഹിന്ദുസ്ഥാന്‍ ടൈംസ് അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ ഡോക്ടറുടെ വാച്ച് മോഷണം പോയെന്ന തരത്തില്‍ ഈ പോസ്റ്റ് വാര്‍ത്തയാക്കി.
സി.ഐ.എസ്.എഫിനെയും ദല്‍ഹി എയര്‍പോര്‍ട്ടിനെയും മെന്‍ഷന്‍ ചെയ്ത ഈ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതോടെ ദല്‍ഹി പോലീസും സി.ഐ.എസ്എഫും അന്വേഷണം നടത്തി. ദല്‍ഹി എയര്‍പോര്‍ട്ട് അന്വേഷണം നടത്തുമെന്നും സി.ഐ.എസ്.എഫിനെ കാര്യം ധരിപ്പിച്ചിട്ടുണ്ടെന്നും പരസ്യമായി അറിയിച്ചു. പിന്നാലെ സി.ഐ.എസ്.എഫ് യാത്രക്കാരന്റെ പി.എന്‍.ആര്‍ നമ്പര്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇദ്ദേഹത്തിന്റെ പോസ്റ്റ് കള്ളമാണെന്ന് തെളിഞ്ഞത്. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച സി.ഐ.എസ്.എഫ് ഡോ. തുഷാര്‍ മേത്ത പറഞ്ഞതെല്ലാം കള്ളമാണെന്ന് കണ്ടെത്തി. സെക്യൂരിറ്റി പരിശോധ കഴിഞ്ഞ് മടങ്ങുന്ന തുഷാര്‍ മേത്തയുടെ കൈയില്‍ വാച്ചുണ്ടായിരുന്നതായും അദ്ദേഹം പോസ്റ്റില്‍ പറയുന്നതുപോലെ സെക്യൂരിറ്റി ഉദ്യോഗസ്ഥരോട് സംസാരിച്ചിട്ടില്ലെന്നും സി.സി.ടി.വി ദൃശ്യങ്ങളില്‍ കണ്ടെത്തി.
സി.ഐ.എസ്.എഫ് ഇക്കാര്യങ്ങളെല്ലാം പരസ്യമാക്കി തുഷാര്‍ മേത്തക്ക് മറുപടി നല്‍കിയതോടെ അദ്ദേഹം പോസ്റ്റ് മുക്കി മുങ്ങുകയായിരുന്നു. എന്നാല്‍ അപ്പോഴേക്കും അദ്ദേഹത്തിന്റെ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പടെ വെച്ച് മുസ്‌ലിങ്ങള്‍ക്കെതിരായ വിദ്വേഷ പ്രചരണം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി കഴിഞ്ഞിരുന്നു.
രാജ്യത്തെ മുഴുവന്‍ മുസ്‌ലിങ്ങളെയും കൊന്നുകളയലാണ് പോംവഴി എന്നുള്‍പ്പടെയുള്ള പ്രചരണങ്ങളാണ് ഈ വ്യാജ പോസ്റ്റിനെ മുന്‍നിര്‍ത്തിക്കൊണ്ട് നടന്നത്. മുസ്‌ലിങ്ങള്‍ക്കെതിരായ വിദ്വേഷം വളര്‍ത്തുന്നതിന് വേണ്ടി വ്യാജ കഥകള്‍ മെനഞ്ഞ ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ ഒരു ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉള്ള വ്യക്തിയാണ് ഡോ. തുഷാര്‍ മേത്ത.
content highlights: CISF debunks doctor’s lie that Apple Watch was stolen by Muslim officers; The doctor sank the post