| Thursday, 4th July 2024, 10:20 am

കങ്കണ റണാവത്തിനെ തല്ലിയ സംഭവം; സി.ഐ.എസ്.എഫ് കോൺസ്റ്റബിളിന് സ്ഥലംമാറ്റം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നിന്നുള്ള ബി.ജെ.പി എം.പിയും നടിയുമായ കങ്കണ റണാവത്തിനെ തല്ലിയ സംഭവത്തിൽ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് കോൺസ്റ്റബിൾ കുൽവീന്ദർ കൗറിന് സ്ഥലം മാറ്റം. ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് കുൽവീന്ദർ കൗറിനെ സ്ഥലംമാറ്റിയതെന്ന് സി.ഐ.എസ്.എഫ് വൃത്തങ്ങൾ അറിയിച്ചു.

ഇവർക്കെതിരെ വകുപ്പുതല അന്വേഷണം നടക്കുന്നുണ്ടെന്നും അന്തിമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്നും അധികൃതർ പറഞ്ഞു.

കർണാടക സി.ഐ.എസ്.എഫിന്റെ പത്താം ബറ്റാലിയനിലേക്കാണ് കൗറിനെ മാറ്റിയത്. ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിനും മറ്റ് പ്രധാന പ്രദേശങ്ങളിലും സുരക്ഷ ഉറപ്പാക്കുന്നത് പത്താം ബറ്റാലിയനാണ്.

അന്വേഷണം നീതിയുക്തമാണെന്ന് ഉറപ്പാക്കാനാണ് ഇവരെ സ്ഥലം മാറ്റിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നിരുന്നാലും പത്താം ബറ്റാലിയനിലെ ഏത് പോസ്റ്റിലേക്കാണ് കൗറിനെ മാറ്റിയതെന്ന് ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. ഇവരുടെ ഭർത്താവ് ഛത്തീസ്‌ഗഢ് എയർപോർട്ടിൽ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനായി ജോലിയിൽ തുടരുന്നുണ്ട്.

സംഭവത്തെ തുടർന്ന് കൗർ സസ്‌പെൻഷനിൽ ആയിരുന്നു. ജൂൺ ആറിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഛത്തീസ്‌ഗഢ് വിമാനത്താവളത്തിൽ വെച്ച് കുൽവീന്ദർ കൗർ കങ്കണയുടെ മുഖത്തടിക്കുകയായിരുന്നു. കർഷക സമരത്തിനെതിരെയുള്ള കങ്കണയുടെ പരാമർശത്തിൽ രോഷാകുലയായതിനാലാണ് താൻ കങ്കണയുടെ മുഖത്തടിച്ചതെന്ന് കൗർ പറഞ്ഞിരുന്നു.

നൂറ് രൂപ കിട്ടാനാണ് കർഷകർ സമരത്തിന് പോയിരിക്കുന്നതെന്നായിരുന്നു കങ്കണയുടെ പരാമർശം. കങ്കണ ഈ പ്രസ്താവന പറയുമ്പോൾ തന്റെ മാതാവും സമരത്തിൽ ഉണ്ടായിരുന്നെന്നും കർഷകസമരത്തിൽ പങ്കെടുക്കാൻ കങ്കണ തയാറാകുമോയെന്നും കൗർ ചോദിച്ചു.

അതേ സമയം വിമാനത്താവളത്തിൽ വെച്ച് തനിക്ക് മർദനമേറ്റെന്നും ഉദ്യോഗസ്ഥ തന്നെ തല്ലുകയായിരുന്നെന്നും പഞ്ചാബിൽ തീവ്രവാദം വർധിച്ചെന്നും കങ്കണ പ്രസ്താവിച്ചു.

തന്നെ കാത്ത് നിന്ന് മർദിക്കുകയായിരുന്നെന്നും സെക്യൂരിറ്റി ചെക്കിങ്ങിനിടെയാണ് തനിക്ക് മർദനമേറ്റതെന്നും അവർ പറഞ്ഞിരുന്നു. കങ്കണയുടെ പരാതിയെ തുടർന്ന് ഉദ്യോഗസ്ഥയെ സി.ഐ.എസ്.എഫ് സസ്‌പെൻഡ് ചെയ്തിരുന്നു.

കിസാൻ മോർച്ചയും കിസാൻ മസ്ദൂർ മോർച്ചയും ഉൾപ്പടെ നിരവധി കർഷക സംഘടനകൾ കൗറിന് പിന്തുണയുമായി എത്തിയിരുന്നു. തമിഴ് നാട്ടിലെ പെരിയാർ ദ്രാവിഡ കഴകം പാർട്ടി അവർക്ക് സ്വർണ മോതിരം സമ്മാനമായി നൽകാൻ തീരുമാനിച്ചിരുന്നു.

Content Highlight: CISF Constable who slapped kangana transfered to bengaluru

We use cookies to give you the best possible experience. Learn more