| Monday, 11th July 2016, 11:03 am

എസ്.ബി.ടിയിലെ താത്ക്കാലിക ജീവനക്കാരെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് എച്ച്.ആര്‍ വിഭാഗം സര്‍ക്കുലര്‍ പുറത്തിറക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എസ്.ബി.ടി എല്ലാ ശാഖകൡലേയും താത്ക്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നു. എസ്.ബി.ഐ.-എസ്.ബി.ടി ലയനത്തിന്റെ ഭാഗമായാണ് പിരിച്ചുവിടല്‍. പിരിച്ചുവിടലുമായി ബന്ധപ്പെട്ട് എച്ച്. ആര്‍ വിഭാഗം സര്‍ക്കുലര്‍ അയച്ചു. ഇനിയും ജോലിയില്‍ തുടരുന്ന താത്ക്കാലിക ജീവനക്കാരുണ്ടെങ്കില്‍ അവരെ ഉടന്‍ തന്നെ പിരിച്ചുവിടണമെന്ന് സര്‍ക്കുലറില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

എസ്.ബി.ഐ.-എസ്.ബി.ടി ശാഖകള്‍ തമ്മില്‍ ലയിപ്പിക്കുമ്പോള്‍ അധികം വരുന്ന ജീവനക്കാര്‍ പുറന്തള്ളപ്പെടുമെന്നും സ്ഥാനക്കയറ്റസാധ്യതയെ ബാധിക്കുമെന്നും വിദൂര സംസ്ഥാനങ്ങളിലേക്ക് സ്ഥലം മാറേണ്ടിവരുമെന്നുമൊക്കെയുള്ള ആശങ്കകള്‍ നേരത്തെ തന്നെ ഉണ്ടായിരുന്നു.

മൊത്തം 1177 ശാഖകളാണ് എസ്.ബി.ടിക്കുള്ളത്. ഇതില്‍ 852 എണ്ണം കേരളത്തിലാണ്. മൊത്തം 1707 എ.ടി.എമ്മുകളുമുണ്ട്.

14,892 ജീവനക്കാരാണ് ബാങ്കിലുള്ളത്. എസ്.ബി.ഐക്കാകട്ടെ സംസ്ഥാനത്ത് 450 ശാഖകളാണുള്ളത്. ലയനം യാഥാര്‍ഥ്യമാകുന്നതോടെ പ്രവര്‍ത്തനസൗകര്യത്തിന്റെ പേരിലും ലാഭസാധ്യത കണക്കിലെടുത്തും അടുത്തടുത്ത ശാഖകള്‍ ലയിപ്പിക്കും.

നഗരഗ്രാമ ഭേദമില്ലാതെ പല സ്ഥലങ്ങളിലും എസ്.ബി.ടി, എസ്.ബി.ഐ ശാഖകള്‍ അടുത്തടുത്ത് പ്രവര്‍ത്തിക്കുന്നുമുണ്ട്. ഈ ശാഖകള്‍ ലയിപ്പിക്കുമ്പോള്‍ എസ്.ബി.ടി ശാഖകളില്‍ ജോലിചെയ്തിരുന്ന ജീവനക്കാര്‍ ഒഴിവുള്ള വിദൂര സ്ഥലങ്ങളിലേക്ക് സ്ഥലംമാറേണ്ടിവരും.

അതേസമയം  ലയനം യാഥാര്‍ഥ്യമാകുന്നതോടെ എസ്.ബി.ടിയുടെ സ്വതന്ത്ര അസ്തിത്വം ഇല്ലാതാകുമെന്നും കേരളത്തിന്റെ താല്‍പര്യങ്ങള്‍ക്ക് ഹാനികരമാകുമെന്നുമാണ് ജീവനക്കാരുടെ വാദം.നിലവില്‍ സംസ്ഥാനത്ത് കൃഷി, ചെറുകിട വ്യവസായം, സ്വയംതൊഴില്‍ സംരംഭം തുടങ്ങിയ മേഖലകളില്‍ ഏറ്റവുമധികം വായ്പ നല്‍കുന്ന ബാങ്കാണ് എസ്.ബി.ടി. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഏറ്റവുമധികം വായ്പ നല്‍കിയതും എസ്.ബി.ടിയാണ്.

We use cookies to give you the best possible experience. Learn more