| Monday, 1st January 2018, 11:38 am

പൊലീസ് സ്റ്റേഷനുകളുടെ പൂര്‍ണ്ണാധികാരം സിഐക്ക്; എസ്.ഐ മാര്‍ക്ക് കുറ്റ്വാന്വേഷണവും ക്രമസമാധാനവുമെന്ന് ജസ്റ്റീസ് കെ.ടി. തോമസ് കമ്മീഷന്‍ റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തില്‍ പൊലീസ് സ്റ്റേഷന്റെ ചുമതല ഇനി മുതല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക്. ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളിലും പൊലീസ് സ്‌റ്റേഷന്റെ സമ്പൂര്‍ണ്ണ ചുമതല വഹിക്കുന്നത് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരാണ്.

കേരളത്തില്‍ പൊലീസ് സ്റ്റേഷനുകളുടെ അധികാരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നല്‍കുന്ന കാര്യത്തില്‍ എറെക്കാലമായി അനിശ്ചിത്വം നിലനിന്നിരുന്നു. എന്നാല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് അധികാരം നല്‍കികൊണ്ടുള്ള ഉത്തരവില്‍ കഴിഞ്ഞ ദിവസമാണ് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഒപ്പിട്ടിരുന്നു. ഇതോടെ സബ് ഇന്‍സ്‌പെക്ടര്‍മാരെ സ്റ്റേഷന്റെ ചുമതലയില്‍ നിന്നും ഒഴിവാക്കി. കേരളത്തിലെ 471 പൊലീസ് സ്റ്റേഷനുകളുടെയും പൂര്‍ണ്ണ ഉത്തരവാദിത്തം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്കാവും.

രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളുടെയും ചുമതല സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നല്‍കണം എന്ന് സുപ്രീം കോടതി വിധി നിലവിലുണ്ട്. ഈ ഉത്തരവാണ് ഇപ്പോള്‍ കേരളത്തില്‍ നടപ്പാക്കുന്നത്.

പുതിയ സംവിധാനമനുസരിച്ച് സ്റ്റേഷനിലെ ക്രമസമാധാനത്തിന്റെ ചുമതലയും, കുറ്റ്വാന്വേഷണവും എസ്.ഐ മാര്‍ക്ക് വിഭജിച്ച് നല്‍കും. നിലവില്‍ എസ്.ഐ മാരില്ലാത്ത പതിമൂന്ന് സ്റ്റേഷനുകളാണ് കേരളത്തിലുള്ളത്. ഈ പ്രശ്‌നം പരിഹരിക്കാന്‍ ഉദ്യോഗസ്ഥരെ വിന്യസിക്കും.

പൊലീസ് സേനയിലെ പരിഷ്‌കാരങ്ങള്‍ക്കായി നിയമിച്ച ജസ്റ്റിസ് കെ.ടി തോമസ് കമ്മീഷന്റെ നിര്‍ദേശപ്രകാരമാണ് പുതിയ നടപടി.

We use cookies to give you the best possible experience. Learn more