| Tuesday, 13th December 2022, 1:45 pm

മമ്മൂട്ടി എല്ലാ കാര്യങ്ങളിലും ഇടപെടും, നിങ്ങളൊന്ന് മിണ്ടാതിരിക്കാന്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്‌ : വിപിന്‍ മോഹന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടി ക്യാമറവെക്കുന്ന കാര്യത്തില്‍ വരെ സജക്ഷന്‍സ് പറയുന്ന നടനാണെന്ന് ക്യാമറമാന്‍ വിപിന്‍ മോഹന്‍. എന്നാല്‍ മമ്മൂട്ടി പറയുന്നതൊന്നും താന്‍ കേള്‍ക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. മാസ്റ്റര്‍ ബിന്നിന് നല്‍കിയ അഭിമുഖത്തിലാണ് വിപിന്‍ മോഹന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ക്യാമറ സജക്ഷന്‍സൊക്കെ പറയുന്ന നടനാണ് മമ്മൂട്ടി. പുള്ളിക്ക് അത്തരം കാര്യങ്ങളില്‍ നല്ല ധാരണയുണ്ട്. ക്യാമറ ഈ ആങ്കിളില്‍ വെക്ക് ഈ ആങ്കിളില്‍ വെക്ക് എന്നൊക്കെ അദ്ദേഹം പറയാറുണ്ട്. പണ്ടൊക്കെ അങ്ങനെ പറയുമായിരുന്നു. എന്നോട് പറഞ്ഞാല്‍ താന്‍പോയി പണിനോക്കാന്‍ ഞാന്‍ പറയുമായിരുന്നു.

അന്ന് എന്റെ സ്വഭാവം ചീത്തയാണല്ലോ. ലൈറ്റ് ഇങ്ങോട്ട് വെക്ക് അങ്ങോട്ട് വെക്ക് എന്നൊക്കെ മമ്മൂട്ടി പറയും. അപ്പോള്‍ ഞാന്‍ പറയും നിങ്ങള്‍ മിണ്ടാതിരിക്ക് എനിക്കറിയാം എവിടെ വെക്കണമെന്ന്. അത്രേയും അടുപ്പമുള്ളതുകൊണ്ടാണ് ഞാന്‍ അങ്ങനെ പറയുന്നത്.

അതുപോലെ തന്നെ ഇങ്ങനെയൊക്കെ ഞാന്‍ പറയുന്നത് മമ്മൂക്കക്ക് ഇഷ്ടമാണ്. ഒരു ക്യാമറാ മാന്‍ എന്ന നിലയില്‍ എനിക്കറിഞ്ഞൂടെ ക്യാമറ എവിടെ വെക്കണമെന്ന്. അങ്ങനെ നിര്‍ദേശങ്ങള്‍ മുഴുവനും അദ്ദേഹം പറയുകയാണെങ്കില്‍ പിന്നെ എന്തിനാണ് എന്റെ ആവശ്യം.

മോഹന്‍ലാല്‍ അങ്ങനെയൊന്നും പറയില്ല. ലാലിന് ക്യാമറ എവിടെവെച്ചാലും ഒരു കുഴപ്പവുമില്ല. തിലകന്‍ ചേട്ടനും അങ്ങനെ തന്നെയാണ്. മുരട്ട് സ്വഭാവമാണെങ്കിലും ഇത്തരം കാര്യങ്ങളിലൊന്നും പുള്ളി ഇടപെടില്ല. സുരേഷും മഹാപാവമായിട്ടുള്ള മനുഷ്യനാണ്. ക്യാമറക്ക് മുമ്പിലാണ് ഞാന്‍ അയാളെ കൂടുതലും കണ്ടിട്ടുള്ളത്,’വിപിന്‍ മോഹന്‍ പറഞ്ഞു.

മലയാള സിനിമയില്‍ ഒരേ സംവിധായകനോടൊപ്പം ഒന്നില്‍ കൂടുതല്‍ സിനിമകളില്‍ ക്യാമറ ചലിപ്പിച്ചയാളാണ് വിപിന്‍ മോഹന്‍. 1979ല്‍ പുറത്തിറങ്ങിയ സന്നാഹം എന്ന സിനിമ മുതല്‍ 2022ല്‍ പുറത്തിറങ്ങിയ പായ്ക്കപ്പല്‍ എന്ന ചിത്രം വരെ നീളുന്നതാണ് അദ്ദേഹത്തിന്റെ സിനിമാ ജീവിതം.

CONTENT HIGHLIGHT: CINEMOTOGRAPPHER VIPIN MOHAN TALKS ABOUT MAMMOOTTY

We use cookies to give you the best possible experience. Learn more