| Sunday, 11th June 2023, 5:01 pm

കാടിന്റെ വന്യതയും ഹൈറേഞ്ചിന്റെ ഭംഗിയും; ഫ്രെയ്മുകള്‍ കൊണ്ട് കഥ പറഞ്ഞ ഒ. ബേബി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രഞ്ജന്‍ പ്രമോദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഒ. ബേബി. ദിലീഷ് പോത്തന്‍, രഘുനാഥ് പാലേരി, ഹാനിയ നസീഫ, സജി സോമന്‍, ഷിനു ശ്യാമളന്‍, അതുല്യ ഗോപാലകൃഷ്ണന്‍, വിഷ്ണു അഗസ്ത്യ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തിയത്.

പശ്ചിമ ഘട്ടത്തോട് ചേര്‍ന്ന് കിടക്കുന്ന മലയോര ഗ്രാമത്തില്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്. ജാതീയത കലര്‍ന്ന ദുരഭിമാന ബോധവും അതുണ്ടാക്കുന്ന പകയും അതിജീവനത്തിനായുള്ള പോരാട്ടങ്ങളുമാണ് ചിത്രം കാണിക്കുന്നത്.

മലയോര ഗ്രാമ പ്രദേശമായതുകൊണ്ടുതന്നെ ഭൂപ്രദേശത്തിന്റെ പ്രത്യേകത ഫ്രെയ്മിലേക്ക് കൊണ്ടുവരിക എന്നത് പ്രധാനമാണ്. ആ ഘടകം മനോഹരമായി തന്നെ അരുണ്‍ ചാല്‍ എന്ന സിനിമാറ്റോഗ്രാഫര്‍ ചിത്രത്തിലേക്ക് കൊണ്ടു വന്നിട്ടുണ്ട്.

കാടിന്റെ വന്യതയും മലനിരകളുടെ ഭംഗിയും മനോഹരമായി ക്യാമറയിലേക്ക് പകര്‍ത്തിയിട്ടുണ്ട്. നാഷണല്‍ ജ്യോഗ്രഫിക് ചാനലുകളെ ഓര്‍മിപ്പിക്കുന്ന കാടിന്റെ പല ഫ്രെയ്മുകള്‍ ചിത്രത്തില്‍ വരുന്നുണ്ട്. മലമുകളിലെ വൈഡ് ഫ്രെയ്മുകളും അരുവികളും പാറക്കെട്ടുകളും ക്യാമറയിലാക്കിയതിന് പിന്നില്‍ അരുണ്‍ നന്നേ കഷ്ടപ്പെട്ടിട്ടുണ്ടാവും.

എടുത്ത് പറയേണ്ടത് ചിത്രത്തിലെ കഥാപാത്രമായ മിനി ഇമാജിനേഷനില്‍ കാണുന്ന പാട്ടുകളിലെ ഫ്രെയ്മുകളാണ്. കൗമരക്കാരിയായ ഈ കഥാപാത്രത്തിന്റെ പ്രണയം നിറഞ്ഞ ഭാവനകള്‍ ഫ്രെയ്മിലേക്ക് വരുമ്പോള്‍ രാത്രിയും മഞ്ഞും പൂക്കളും ഒപ്പം നിരവധി നിറങ്ങളും കൊണ്ട് മനോഹരമായ ദൃശ്യങ്ങളാണ് പ്രേക്ഷകരിലേക്ക് വരുന്നത്.

കഥ നടക്കുന്ന മലയോര പരിസരത്തെ ജീവിതവും കുടിയേറ്റ ചരിത്രവും രീതികളും തോട്ടം തൊഴിലിന്റെ പ്രത്യേകതകളും രഞ്ജന്‍ പ്രമോദ് നന്നായി പഠിച്ചിട്ടുണ്ടെന്നത് ചിത്രം കാണുമ്പോള്‍ തന്നെ മനസിലാവും. ആ കഥപറച്ചിലിനോട് നീതി പുലര്‍ത്തുന്ന ഫ്രെയ്മുകള്‍ നല്‍കാന്‍ അരുണ്‍ ചാലിനായിട്ടുണ്ട്.

Content Highlight: cinematography in o baby movie

We use cookies to give you the best possible experience. Learn more