| Friday, 9th December 2022, 10:22 pm

മോഹന്‍ലാല്‍ അന്ന് ചെയ്ത കോമഡി ഇപ്പോള്‍ ചെയ്താല്‍ ഏല്‍ക്കില്ല; അദ്ദേഹം ചെയ്യുന്നത് കണ്ടിട്ട് ചിരിച്ച് ക്യാമറക്ക് മുന്നിലേക്ക് വീണിട്ടുണ്ട്: വിപിന്‍ മോഹന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിരവധി മലയാള സിനിമകളില്‍ ഛായഗ്രഹകനായും സംവിധായകനായും പ്രവര്‍ത്തിച്ച വ്യക്തിയാണ് വിപിന്‍ മോഹന്‍. മോഹന്‍ലാലിനൊപ്പം വര്‍ക്ക് ചെയ്ത അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് വിപിന്‍. തന്റെ സിനിമാ ജീവിതത്തില്‍ ഒരുപാട് കരയിച്ചതും ചിരിപ്പിച്ചതുമായ വ്യക്തിയാണ് മോഹന്‍ലാലെന്ന് വിപിന്‍ പറഞ്ഞു.

പണ്ട് താന്‍ മോഹന്‍ലാലിന്റെ തോളില്‍ കയ്യിട്ട് നടന്നിരുന്നതാണെന്നും എന്നാല്‍ ഇന്ന് കാണാന്‍ അനുവാദം ചോദിക്കേണ്ട അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ മോഹന്‍ലാലിന്റെ ഇപ്പോഴത്തെ സിനിമകളെക്കുറിച്ചും വിപിന്‍ സംസാരിച്ചു. മാസ്റ്റര്‍ ബിന്നിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ലാല്‍ ഒരു അത്ഭുത ജീവിയാണ്. സിനിമക്ക് വേണ്ടി ജനിച്ച ഒരാളാണ്. എന്താണ് ക്യാമറയ്ക്ക് മുന്നില്‍ പറയുക, ചെയ്യുക എന്നൊന്നും നമ്മുക്ക് പറയാന്‍ പറ്റില്ല. പുള്ളി സീന്‍ വായിക്കും മാറ്റിവെക്കും. ഷോട്ട് റെഡി ആയി കഴിഞ്ഞ് വന്ന് അദ്ദേഹം അഭിനയിക്കുന്നത് വേറെ രീതിയിലാകും.

എന്റെ സിനിമാ ജീവിതത്തില്‍ എന്നെ ഒരുപാട് കരയിച്ചതും ചിരിപ്പിച്ചതുമായ വ്യക്തി മോഹന്‍ലാലാണ്. അദ്ദേഹത്തിന്റെ അഭിനയം കണ്ട് ഞാന്‍ ചിരിച്ച് ക്യാമറ തട്ടിയിട്ട സംഭവം വരെയുണ്ട്. എനിക്ക് എന്റെ വികാരങ്ങള്‍ പിടിച്ചു വെക്കാന്‍ കഴിയില്ല. ചിലപ്പോഴൊക്കെ ഞാന്‍ കരഞ്ഞിട്ടുണ്ട്.

ടി.പി . ഗോപാലന്‍ എം എ ചെയ്യുന്ന സമയത്ത് അദ്ദേഹത്തിന്റെ അഭിനയം കണ്ട് ഞാന്‍ കരഞ്ഞിട്ടുണ്ട്. ഞാന്‍ ആ ക്യാരക്ടര്‍ ആയി മാറും. അദ്ദേഹം ചെയ്യുന്നത് എന്റെ ജീവിതവുമായി കണക്ട് ചെയ്യും. പണ്ടൊക്കെ ഷൂട്ടിങ്ങില്‍ ക്യാമറാമാന്‍ മാത്രമാകും സിനിമ കാണുക. മോണിറ്റര്‍ ഒന്നുമില്ല. ക്യാമറാമാന്‍ ഓക്കെ പറഞ്ഞാല്‍ ഓക്കെയാണ്. അവരുടെ കാല്‍ക്കുലേഷന്‍ അത്ര പ്രധാനമാണ്.

ഇന്ന് അങ്ങനെയല്ല. എല്ലാവരും കണ്ട് അഭിപ്രായം പറയും. അന്ന് സത്യന്‍ എന്നോട് ആ ഷോട്ട് ഓക്കെയാണോ എന്ന് ചോദിച്ചു. എനിക്ക് പറയാന്‍ പറ്റുന്നില്ലായിരുന്നു. ഞാന്‍ കരഞ്ഞുകൊണ്ട് ഇരിക്കുകയായിരുന്നു. സത്യന്റേയും കണ്ണ് നിറഞ്ഞിരിക്കുകയായിരുന്നു. ലാല്‍ അത് അഭിനയിച്ച് വേഗം പോയി.

കരയിച്ച പോലെ തന്നെ ലാല്‍ ചിരിപ്പിച്ചിട്ടുമുണ്ട്. റിഹേഴ്സലില്‍ ഒന്നും കാണിക്കാത്ത സാധനം ആവും അദ്ദേഹം ടേക്കില്‍ ചെയ്യുക. നാടോടിക്കാറ്റില്‍ ഒരു രംഗം ഷൂട്ട് ചെയ്യുമ്പോള്‍ ഞാന്‍ ചിരിച്ച് ക്യാമറയ്ക്ക് മുന്നിലേക്ക് വീണിട്ടുണ്ട്.

ഒരു കാലഘട്ടത്തിലെ നമ്മുക്കൊരു കഥാപാത്രമാകാന്‍ സാധിക്കുകയുള്ളു. വയസ് അനുസരിച്ചേ നമുക്കത് ചെയ്യാന്‍ കഴിയൂ. അപ്പോള്‍ ചെയ്തത് ഇപ്പോള്‍ ചെയ്താല്‍ ഏല്‍ക്കില്ല. അതാണ് സംഭവിച്ചത്. മോഹന്‍ലാല്‍ അന്ന് ചെയ്ത കോമഡിയൊന്നും ഇപ്പോള്‍ ചെയ്താല്‍ ഏല്‍ക്കില്ല. അന്ന് മോഹന്‍ലാല്‍ അത്ര സൂപ്പര്‍ സ്റ്റാര്‍ ഒന്നുമല്ല. ഇന്ന് ഒരു സൂപ്പര്‍ സ്റ്റാറാണ്. അന്ന് എന്ത് കോമാളിത്തരവും കാണിക്കാം. ഇന്ന് അത് പറ്റില്ല.

ഇന്ന് മോഹന്‍ലാലിന്റെ അടുത്ത് എത്തിപ്പെടാന്‍ കുറച്ചു ബുദ്ധിമുട്ടുണ്ട്. പണ്ട് ഞാനും ലാലും തോളില്‍ കയ്യിട്ട് നടന്നിരുന്നതാണ്. ഇന്ന് ഞാന്‍ ചെന്ന് ഒന്ന് കാണാന്‍ പറ്റുമോ എന്ന് ചോദിക്കേണ്ട അവസ്ഥയാണ്. എനിക്ക് അങ്ങനെയൊരു ആറ്റിറ്റിയൂഡ് ഇഷ്ടമല്ല. എന്റെ മനസ്സില്‍ എപ്പോഴും അന്നത്തെ ലാലാണ്.

ലാലു ഈ കഥയൊന്ന് കേള്‍ക്കൂ എന്ന് കയറി ചെന്ന് ചോദിക്കാനുള്ള ധൈര്യം ഇന്ന് എനിക്കില്ല. ലാല്‍ നോ പറഞ്ഞാല്‍ എനിക്ക് അത് ബുദ്ധിമുട്ടാണ്. ലാലിന്റെ ആദ്യ സിനിമ മുതല്‍ എനിക്ക് അറിയുന്നതാണ്. പിന്‍ഗാമിയില്‍ ആണ് അവസാനമായി ഒരുമിച്ച് പ്രവര്‍ത്തിച്ചത്. ലാലിന്റെ അന്ന് മുതലുള്ള വളര്‍ച്ച ഞാന്‍ കാണുന്നുണ്ട്. അതിന് സന്തോഷമുണ്ട്,” അദ്ദേഹം പറഞ്ഞു.

content highlight: cinematographer vipin mohan about mohanlal

We use cookies to give you the best possible experience. Learn more