| Monday, 4th March 2024, 7:56 am

ഗുണാ കേവ്; കമല്‍ ഹാസന്‍ എല്ലാവരെയും കൊല്ലാന്‍ കൊണ്ടുപോകുകയാണ് എന്ന ഒരു സംസാരം അവിടെയുണ്ടായി: സിനിമാറ്റോഗ്രാഫര്‍ വേണു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1991ല്‍ പുറത്തിറങ്ങിയ കമല്‍ ഹാസന്‍ ചിത്രമാണ് ഗുണാ. വര്‍ഷങ്ങള്‍ക്കിപ്പുറവും ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന ഈ സിനിമ സംവിധാനം ചെയ്തത് സന്താന ഭാരതിയാണ്.

തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഉള്‍പ്പെടെ സ്വന്തമാക്കിയ ചിത്രം മികച്ച പ്രമേയത്തിനും പ്രകടനത്തിനുമുള്ള നിരൂപക പ്രശംസയും നേടിയിരുന്നു.

ഡെവിള്‍സ് കിച്ചണ്‍ എന്നറിയപ്പെടുന്ന കൊടൈക്കനാലിലെ ഗുഹയും ഈ ചിത്രത്തിന്റെ ഒരു ലൊക്കേഷനായിരുന്നു. സിനിമ പുറത്തുവന്നതോടെ ആ ഗുഹ പിന്നീട് ഗുണാ കേവ് എന്നറിയപ്പെടാന്‍ തുടങ്ങി.

ഇപ്പോള്‍ തങ്ങള്‍ ഗുണാ കേവിനുള്ളില്‍ പോയതിനെ കുറിച്ച് പറയുകയാണ് ഗുണയുടെ സിനിമാറ്റോഗ്രാഫറായ വേണു. ദ ഫോര്‍ത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അന്ന് ഷൂട്ടിങ് ലൊക്കേഷനില്‍ വലിയ ബുദ്ധിമുട്ടായിരുന്നു. പലരുടെയും ജീവന് ഭീഷണിയുണ്ടാകുന്ന തരത്തിലുള്ള സ്ഥലമായിരുന്നു ആ കേവ്. കമല്‍ സാറായിരുന്നു ഈ സ്ഥലം കണ്ടെത്തിയിരുന്നത്. സിനിമയുടെ ഡയറക്ഷന്റെ ഒരുവിധം കാര്യങ്ങളൊക്കെ അദ്ദേഹം തന്നെയാണ് ചെയ്തത്. ആ സ്ഥലം പോയി കാണുന്നതും കമല്‍ സാറാണ്.

ആ കേവ് തന്നെയായിരുന്നു ആദ്യമേ തീരുമാനിച്ചിരുന്നത്. അതിന് മുമ്പ് വേറെ സ്ഥലം തീരുമാനിച്ചിരുന്നില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അന്ന് ഞങ്ങള്‍ പോകുമ്പോള്‍ ആളുകള്‍ അധികമെത്തുന്ന സ്ഥലമായിരുന്നില്ല അത്. വളരെ വൈല്‍ഡായ ഒരു പ്രദേശമായിരുന്നു ആ കേവ്. എന്നിട്ടും അവിടെ തന്നെ ഷൂട്ട് ചെയ്യാമെന്ന് കമല്‍ സാര്‍ തീരുമാനിക്കുകയായിരുന്നു.

ആദ്യം എല്ലാര്‍ക്കും എതിര്‍പ്പായിരുന്നു. പ്രൊഡ്യൂസര്‍ക്ക് ഉള്‍പ്പെടെ അവിടെ ഷൂട്ട് ചെയ്യുന്നതില്‍ എതിര്‍പ്പ് ഉണ്ടായിരുന്നു. കമല്‍ ഹാസന്‍ എല്ലാവരെയും കൊല്ലാന്‍ കൊണ്ടുപോകുകയാണ് എന്ന ഒരു സംസാരം അവിടെ പൊതുവെയുണ്ടായിരുന്നു. എല്ലാവരും അവിടെ ഷൂട്ട് നടക്കില്ലെന്ന് പറഞ്ഞു.

അന്ന് കമല്‍ സാര്‍ എന്നോട് അവിടെ ഷൂട്ട് നടത്താന്‍ കഴിയുമോയെന്ന് ചോദിച്ചു. നടക്കാതെയൊന്നുമില്ലെന്നും പക്ഷേ നല്ല ബുദ്ധിമുട്ടാണെന്നും ഞാന്‍ മറുപടി പറഞ്ഞു. ക്യാമറമാന് ഓക്കേയാണെങ്കില്‍ ചെയ്യാമെന്ന് കമല്‍ സാര്‍ പറഞ്ഞു. അങ്ങനെയാണ് അവിടെ ഷൂട്ട് ചെയ്തത്.

ആര്‍ക്കും അവിടെ ഷൂട്ട് ചെയ്യുന്നതില്‍ ഓക്കേയായിരുന്നില്ല. അതിന്റെ പ്രൊഡ്യൂസര്‍ പടം ചെയ്യുന്നില്ലെന്ന് പറഞ്ഞ് ആദ്യം തിരിച്ചു പോയിരുന്നു. ഒരു ദിവസമൊക്കെയാണെങ്കില്‍ അഡ്ജസ്റ്റ് ചെയ്യാമെന്ന് യൂണിറ്റ് അംഗങ്ങളും പറഞ്ഞു.

പിന്നെ അന്നത്തെ കാലത്ത് ഗുണാ ഒരു ഹിറ്റ് പടമായിരുന്നില്ല. അങ്ങനെയുള്ള ഒരു പടത്തെ പറ്റി അന്നാരും ചര്‍ച്ച പോലും ചെയ്തില്ല. ഇതിന്റെ കൂടെ റിലീസായ ചിത്രമായിരുന്നു ദളപതി. ഗുണാ ഇപ്പോഴാണ് ഹിറ്റായതെന്ന് വേണമെങ്കില്‍ പറയാം. ചില പടങ്ങള്‍ കുറേനാള്‍ കഴിഞ്ഞാകും കൂടുതല്‍ പോപുലാരിറ്റി ഉണ്ടാകുന്നത്,’ വേണു പറഞ്ഞു.


Content Highlight: Cinematographer Venu Talks About Gunaa Movie And Kamal Haasan

Latest Stories

We use cookies to give you the best possible experience. Learn more