പെരുന്തച്ചന്‍ സിനിമ ചെയ്യുന്ന സമയത്ത് തിലകന്‍ ചേട്ടനോട് ദേഷ്യപ്പെടേണ്ടി വന്നിട്ടുണ്ട്; സന്തോഷ് ശിവന്‍ പറയുന്നു
Malayalam Cinema
പെരുന്തച്ചന്‍ സിനിമ ചെയ്യുന്ന സമയത്ത് തിലകന്‍ ചേട്ടനോട് ദേഷ്യപ്പെടേണ്ടി വന്നിട്ടുണ്ട്; സന്തോഷ് ശിവന്‍ പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 8th May 2021, 3:35 pm

സെറ്റില്‍ ഭയങ്കരമായി ചൂടാവുന്ന ഒരാളല്ല താനെന്നും എന്നാല്‍ ചില സമയത്ത് ചിലരോടൊക്കെ ദേഷ്യപ്പെടേണ്ടി വന്നിട്ടുണ്ടെന്നും പറയുകയാണ് ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ പ്രമുഖ ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവന്‍. പെരുന്തച്ചന്‍ സിനിമ ചെയ്യുന്ന സമയത്ത് തിലകന്‍ ചേട്ടനോടൊക്കെ ദേഷ്യപ്പെടേണ്ടി വന്നിട്ടുണ്ടെന്നും സിനിമാ ഡാഡിക്ക് നല്‍കിയ അഭിമുഖത്തില്‍ സന്തോഷ് ശിവന്‍ പറയുന്നു.

സെറ്റില്‍ എങ്ങനെയാണ് ഭയങ്കരമായി ചൂടാകാറുണ്ടോ എന്ന ചോദ്യത്തിന് പെരുന്തച്ചന്‍ സിനിമ ചെയ്യുന്ന സമയത്ത് തിലകന്‍ ചേട്ടന്റെ അടുത്തൊക്കെ ദേഷ്യപ്പെട്ടിട്ടുണ്ടെന്നായിരുന്നു സന്തോഷ് ശിവന്റെ മറുപടി. നമ്മള്‍ അവരെ ഫേവര്‍ ചെയ്യുന്നതുപോലെ അവര്‍ നമ്മളേയും ഫേവര്‍ ചെയ്യണമെന്നും സന്തോഷ് ശിവന്‍ പറയുന്നു.

സിനിമയല്ലാതെ മറ്റെന്തിനോടാണ് താത്പര്യം എന്ന ചോദ്യത്തിന് വായിക്കാനും യാത്രചെയ്യാനും ചിത്രങ്ങള്‍ വരയ്ക്കാനും തനിക്ക് ഏറെ ഇഷ്ടമാണെന്നായിരുന്നു സന്തോഷ് ശിവന്റെ മറുപടി.

‘പണ്ട് സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ടെറസില്‍ പോയി നിന്ന് ഇന്ന് മഴ പെയ്യുമോ ഇല്ലയോ എന്ന് പറയുന്നതായിരുന്നു എന്റെ ജോലി. മേഘം വരുന്നതും അപ്പോള്‍ ചെടികളില്‍ വരുന്ന മാറ്റവും നിരീക്ഷിക്കും. മഴ പെയ്തുകഴിഞ്ഞാല്‍ ചെടികളില്‍ നില്‍ക്കുന്ന വെള്ളത്തുള്ളികള്‍, അങ്ങനെ വളരെ ചെറിയ സമയം മാത്രം നില്‍ക്കുന്ന കാര്യങ്ങളൊക്കെ വളരെ ഇന്ററസ്റ്റിങ് ആണെന്ന് അന്നേ മനസിലാക്കിയിരുന്നു.

ഇതൊക്കെ നമ്മള്‍ അറിയാതെ പഠിക്കുന്നതാണ്. മേഘം വന്ന് കഴിഞ്ഞാല്‍ പച്ചനിറമുള്ള മരങ്ങള്‍ മനോഹരമാകും. മഴപോയി വെയില്‍ വരുമ്പോഴുള്ളത് വല്ലാത്തൊരു സൗന്ദര്യമാണ്. അതുപോലെ രാത്രി പകലാവുന്നതും പകല്‍ രാത്രിയാകുന്നതും പോലുള്ള ട്രാന്‍സിഷനുകള്‍ അതിമനോഹരമാണ്, അത്തരം ട്രാന്‍സിഷനുകള്‍ നമ്മള്‍ സിനിമകളില്‍ കൊണ്ടുവരും, സന്തോഷ് ശിവന്‍ പറയുന്നു.

സിനിമയില്‍ സന്ധ്യാനേരവും പുലര്‍ച്ചസമയവും ഒന്നും അധികനേരം നില്‍ക്കില്ല. മിക്കവാറും സിനിമകളിലൊക്കെ അത്തരം വിഷ്വലുകളൊക്കെ മനോഹരമായി എടുത്തിട്ടുമുണ്ട്. അതെങ്ങനെയാണ് സാധിക്കുന്നത് എന്ന ചോദ്യത്തിന് വളരെ പെട്ടെന്ന് വര്‍ക്ക് ചെയ്യുക എന്നത് മാത്രമാണ് ചെയ്യാന്‍ കഴിയുകയെന്നായിരുന്നു സന്തോഷ് ശിവന്റെ മറുപടി. റീ ഷൂട്ട് ചെയ്ത് എടുക്കാറില്ലെന്നും ഒരുപാട് വേഗത്തില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ മാത്രമേ അത് സാധിക്കുള്ളൂവെന്നും സന്തോഷ് ശിവന്‍ പറയുന്നു.

ഫിലിമില്‍ നിന്നും ഡിജിറ്ററിലേക്കുള്ള മാറ്റത്തെ എങ്ങനെ കാണുന്നു എന്ന ചോദ്യത്തിന് ഫിലിം ഡിജിറ്റലിലേക്ക് മാറിയെങ്കിലും നമ്മുടെ സെന്‍സിബിലിറ്റി മാറുന്നില്ലല്ലോ എന്നായിരുന്നു സന്തോഷ് ശിവന്റെ മറുപടി.

ഫിലിമില്‍ നിന്നും ഡിജിറ്റലിലേക്ക് മാറിയെങ്കിലും നമ്മുടെ സെന്‍സിബിലിറ്റി അങ്ങനെ തന്നെ തുടരും. ഇപ്പോള്‍ പുതിയ ആള്‍ക്കാര്‍ ഫോണില്‍ ഷൂട്ട് ചെയ്യും. എഴുതാനും വായിക്കാനും പഠിക്കുന്നതിന് മുന്‍പെ ഫോണില്‍ ഷൂട്ട് ചെയ്യുന്നവരുണ്ട്. ഫോണില്‍ ഷൂട്ട് ചെയ്യുമെന്ന് വെച്ച് നമുക്ക് സിനിമാറ്റോഗ്രാഫറാവാന്‍ പറ്റില്ല. പക്ഷേ ഫോണില്‍ ഷൂട്ട് ചെയ്യുന്നവന് നല്ലൊരു വിഷ്വല്‍ കണ്ടാല്‍ അത് മനസിലാക്കാനുള്ള കഴിവ് ഉണ്ടാകും, ഇന്ന് പലരും പലതിനേയും ഇമിറ്റേറ്റ് ചെയ്യുകയാണെന്നും സന്തോഷ് ശിവന്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Cinematographer Santosh Sivan About Actor Thilakan