| Tuesday, 24th May 2022, 1:22 pm

കരണക്കുറ്റിക്ക് കിട്ടിയ ആ അടി ഓര്‍മയുണ്ടോയെന്ന് ഈയടുത്ത് ഞാന്‍ ലാലിനോട് ചോദിച്ചു; മറുപടി ഇതായിരുന്നു; കാലാപാനി ഓര്‍മകള്‍ പങ്കുവെച്ച് സന്തോഷ് ശിവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി 1996 ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു കാലാപാനി. പ്രഭു, അംബരീഷ് പുരി, ശ്രീനിവാസന്‍, തബു, നെടുമുടി വേണു തുടങ്ങി മലയാളത്തിലേയും തമിഴിലേയും മുന്‍നിര താരങ്ങളെല്ലാം ചിത്രത്തിന്റെ ഭാഗമായിരുന്നു.

ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ കാലാപാനി എന്ന സെല്ലുലാര്‍ ജയിലില്‍ നടക്കുന്ന കഥയായിരുന്നു ചിത്രം പറഞ്ഞത്. മലയാളത്തിലെ ആദ്യ ഡോള്‍ബി സ്റ്റീരിയോ ചിത്രം കൂടിയായിരുന്നു കാലാപാനി.

മൂന്ന് ദേശീയപുരസ്‌കാരങ്ങളും, ആറ് കേരളാ സംസ്ഥാന പുരസ്‌കാരങ്ങളും സ്വന്തമാക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത് സംവിധായകന്‍ കൂടിയായ സന്തോഷ് ശിവന്‍ ആയിരുന്നു. മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‌കാരവും ഈ ചിത്രത്തിലൂടെ സന്തോഷ് ശിവന് ലഭിച്ചു.

കാലാപാനി സിനിമയെ കുറിച്ചുള്ള തന്റെ ചില രസകരമായ ഓര്‍മകള്‍ പങ്കുവെക്കുകയാണ് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സന്തോഷ് ശിവന്‍. മോഹന്‍ലാലിനും പ്രഭുവിനും പ്രിയദര്‍ശനുമൊപ്പം ലൊക്കേഷന്‍ തേടിയുള്ള യാത്രയിലെ അനുഭവങ്ങളാണ് അദ്ദേഹം പങ്കുവെക്കുന്നത്.

‘ കാലാപാനിയുമായി ബന്ധപ്പെട്ട് നിരവധി ഓര്‍മകളുണ്ട്. ഞങ്ങള്‍ ഞെട്ടിയ ഒരു സംഭവത്തെ കുറിച്ച് പറായം. സാബു സിറിലാണ് ചിത്രത്തിന്റെ കലാസംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിന് വേണ്ടിയുള്ള പ്രോപ്പര്‍ട്ടീസൊക്ക കൊണ്ടുവരുന്ന കപ്പല്‍ ഞങ്ങളുടെ തൊട്ടുമുന്നില്‍ വെച്ച് കത്തി ഇല്ലാതാവുകയാണ്. അവസാനം ഞങ്ങള്‍ എല്ലാം ഇവിടെ നിന്നും രണ്ടാമത് ഉണ്ടാക്കേണ്ടി വന്നു.

ആന്‍ഡമാനില്‍ വെച്ച് ഇതൊന്നും ചെയ്യാന്‍ കഴിയില്ല. ചിത്രത്തിലേക്ക് വേണ്ടിയുള്ള ഒരു കുതിരയെ ഞങ്ങള്‍ കൊണ്ടുവന്നപ്പോള്‍ അവിടെയുള്ളവര്‍ ആദ്യമായിട്ടാണ് കുതിരയെ കാണുന്നത്. പിന്നെ കുതിരയെ കൊണ്ടുവരാന്‍ അവര്‍ സമ്മതിച്ചില്ല. അങ്ങനെ അതിനെ അവിടെ വെച്ച് തിരിച്ചുപോരുകയായിരുന്നു. അവര്‍ ആരും അതിന് മുന്‍പ് കുതിരയെ കണ്ടിരുന്നില്ല. അതൊക്കെ വലിയ രസമായിരുന്നു.

പിന്നെ ഞാനും ലാല്‍ സാറും പ്രഭു സാറും പ്രിയനും രണ്ട് മൂന്ന് പേരും കൂടി കടലിന്റെ നടുക്കിലൂടെ ഓംഗി ട്രൈബ്‌സിനെ കാണാന്‍ വേണ്ടി വേണ്ടി പോയി. ചെറിയ ബോട്ടിലാണ് യാത്ര. പിന്നീട് കിലോമീറ്ററുകളോളം കാട്ടിലൂടെ നടക്കണം. പ്രഭു സ്റ്റൂളും കയ്യില്‍ പിടിച്ചാണ് നടക്കുന്നത്. എവിടെയെങ്കിലും ഇരിക്കേണ്ടി വന്നാല്‍ ഇരിക്കാന്‍ വേണ്ടി. ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്.

ചിത്രത്തില്‍ ലാലും പ്രഭുവും ഓംഗീസിനെ കാണുന്ന രംഗമുണ്ട്. ഇതില്‍ ഒരു ഓംഗി ലാല്‍ സാറിന്റെ കരണക്കുറ്റി നോക്കി ഒരു അടികൊടുക്കുന്ന സീന്‍ ഉണ്ട്. അങ്ങനെ നില്‍ക്കുമ്പോള്‍ ഈ സ്ത്രീ ചിരിച്ചിട്ട് ഒറ്റ ഒരു അടിയാണ് ലാലിന്റെ മുഖത്ത് (ചിരി). എന്തൊരു അടിയാണെന്നോ, ഫേക്ക് അടിയൊന്നുമല്ല. ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും റിയലായ അടിയായിരുന്നു അത്.

ഈയടുത്ത് ലാല്‍ സാറിനെ കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു ഓര്‍മയുണ്ടോ ആ അടിയെന്ന്. നല്ല ഓര്‍മയുണ്ടെന്നായിരുന്നു ലാല്‍ പറഞ്ഞത്. അവര്‍ നന്നായി അടിച്ചു. മാത്രമല്ല അവരുടെ കൈ കൊണ്ട് അടി കിട്ടിയാല്‍ കിട്ടിയതാ. മീന്‍ പിടിക്കുന്ന കൈയല്ലേ. പൊട്ടിച്ചു കൊടുത്തു അവര്‍. ആ സീന്‍ സിനിമയിലുണ്ട്. അതൊക്കെ മറക്കാനാകാത്ത ഓര്‍മകളാണ്, സന്തോഷ് ശിവന്‍ പറഞ്ഞു.

Content Highlight: Cinematographer Santhosh Sivan shares a funny experiance from Kalapani movie set with Mohanlal

We use cookies to give you the best possible experience. Learn more