|

ബറോസിലേക്ക് വിളിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു ആദ്യം പറഞ്ഞത്, പക്ഷേ മോഹന്‍ലാലണ്ണന്‍ വിളിച്ചപ്പോള്‍ വരാമെന്നേറ്റു: സന്തോഷ് ശിവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബാറോസ് സിനിമയെ കുറിച്ച് മനസുതുറന്ന് ക്യാമറാമാന്‍ സന്തോഷ് ശിവന്‍. ബറോസ് ചെയ്യാന്‍ തുടക്കത്തില്‍ തീരുമാനിച്ചിരുന്നില്ലെന്നും സമയമില്ലെന്ന് പറഞ്ഞ് അന്ന് മാറിനിന്നതായിരുന്നെന്നും സന്തോഷ് ശിവന്‍ സിനിമാ ഡാഡിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

തിരക്കഥാകൃത്ത് ജിജോ നേരത്തെ വിളിച്ച് ചോദിച്ചിരുന്നു. പക്ഷേ സമയമില്ലെന്നായിരുന്നു ഞാന്‍ പറഞ്ഞത്. മഹാമാരിയുടെ സമയമായിരുന്നു. പിന്നീട് മോഹന്‍ലാലണ്ണന്‍ വിളിച്ച് ചെയ്യാമോ എന്ന് ചോദിച്ചു. അതോടെ ഞാന്‍ സമ്മതം പറഞ്ഞു.

ലാല്‍ സാറിനൊപ്പം പണ്ടുമുതലേ സ്റ്റില്‍സ് ഒക്കെ എടുത്ത് മത്സരിക്കുമായിരുന്നു. അദ്ദേഹം നന്നായി പടമെടുക്കും. ഈ പാന്‍ഡമിക്കിന്റെ സമയത്ത് അദ്ദേഹം വീട്ടില്‍ ഇരുന്ന് എടുത്ത പടം എനിക്ക് അയച്ചുതരുമായിരുന്നു.

പഴയ കാര്യങ്ങളൊക്കെ അദ്ദേഹത്തിന് ഇഷ്ടമാണ്. നേപ്പാളില്‍ യോദ്ധ ഷൂട്ട് ചെയ്യുന്ന സമയത്ത് ഇഷ്ടപ്പെട്ട ചില കല്ലുകളൊക്കെയുണ്ട്. അതൊക്കെ ഞാന്‍ അദ്ദേഹത്തിന് എത്തിച്ചുകൊടുത്തിട്ടുണ്ട്. അദ്ദേഹത്തിന് കലയോട് വലിയ അഭിനിവേശമാണ്. എല്ലാം ചെയ്യും.

ഒരുപാട് പടം അദ്ദേഹത്തിനൊപ്പം ഞാന്‍ ചെയ്തിട്ടുണ്ട്. മാത്രമല്ല അദ്ദേഹത്തെ ഷൂട്ട് ചെയ്ത പടങ്ങള്‍ക്കാണ് എനിക്ക് കൂടുതല്‍ നാഷണല്‍ അവാര്‍ഡുകള്‍ കിട്ടിയത്. ഇരുവര്‍, കാലാപാനി തുടങ്ങി. ‘എന്റെ മുഖത്ത് ലൈറ്റ് അപ്പ് ചെയ്ത് അല്ലേ പഠിച്ചത്’ എന്ന് പറഞ്ഞ് എന്നെ കളിയാക്കാറുണ്ട്, സന്തോഷ് ശിവന്‍ പറഞ്ഞു.

ബാറോസ് ഒരു ത്രിഡി സിനിമയാണ്. ടെക്‌നിക്കലി ചെറിയ വ്യത്യാസങ്ങള്‍ ഉണ്ട്. മാത്രമല്ല ബറോസ് ഒരു കൊമേഴ്ഷ്യല്‍ ത്രില്ലര്‍ അല്ല. ചില്‍ഡ്രന്‍സ് ഫിലിം ആണെങ്കിലും ത്രിഡി ആകുമ്പോള്‍ വലിയ റീച്ചായിരിക്കും. വലിയ ആളുകള്‍ക്കും ഇഷ്ടപ്പെടുന്ന ഒരുപാട് സംഭവങ്ങള്‍ സിനിമയില്‍ ഉണ്ട്.

ഇതൊരു പ്ലസന്റ് സിനിമയായി വരണമെന്ന് ലാല്‍ സാര്‍ പറഞ്ഞിരുന്നു. വ്യത്യസ്തമായ സബ്ജക്ടാണെന്നും അത് എപ്പോഴും ചെയ്യാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. സിനിമയില്‍ അദ്ദേഹത്തിന്റെ ഇന്‍വോള്‍വ്‌മെന്റ് വളരെ വലുതാണ്. സിനിമ എങ്ങനെ വരണമെന്ന് അദ്ദേഹത്തിന് നല്ല ധാരണയുണ്ടെന്നും സന്തോഷ് ശിവന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlight: Cinematographer Santhosh Sivan About Mohanlal Barroz