| Monday, 5th February 2018, 11:49 am

'ഇതെങ്ങെനെ ത്രീഡി ചിത്രമാകും; പദ്മാവത് ജനങ്ങളെ പറ്റിക്കുന്ന ചിത്രമാണ്': ചിത്രത്തിനെതിരെ വിമര്‍ശനവുമായി ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: വിവാദങ്ങളെ പിന്തള്ളി പ്രദര്‍ശനം തുടരുന്ന സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്മാവദിനെതിരെ വിമര്‍ശനവുമായി ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു. പദ്മാവദ് ത്രീഡി അല്ലെന്നും 2ഡി ആണെന്നുമാണ് ഛായാഗ്രാഹകന്റെ വാദം.

ത്രീഡി സിനിമയ്ക്ക് ടിക്കറ്റെടുത്ത് സിനിമ കാണാന്‍ എത്തുന്ന പ്രേക്ഷകരെ വഞ്ചിക്കുകയാണ് സംവിധായകന്‍. ഡിജിറ്റലി ത്രീഡിയിലേക്ക് മാറ്റിയ ചിത്രമാണ് പദ്മാവതെന്നും രണ്ട് ലെന്‍സുകള്‍ ഉപയോഗിച്ച് ഷൂട്ട് ചെയ്ത യഥാര്‍ഥ സിനിമയല്ല പദ്മാവത് എന്നും രാമചന്ദ്രബാബു ആരോപിക്കുന്നു.

സിനിമയുടെ രാഷ്ട്രീയമോ പ്രമേയത്തെപ്പറ്റിയോ സംസാരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ത്രീഡി സിനിമയെന്ന നിലയ്ക്കാണ് ചിത്രം കാണാന്‍ പോയതെന്നും അദ്ദേഹം പറഞ്ഞു. പക്ഷെ ത്രീഡി ഗ്ലാസ്സിന് അധിക പണം നല്‍കി സിനിമ കാണുന്ന പ്രേക്ഷകര്‍ വഞ്ചിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഏകദേശം രണ്ടുകോടിരൂപ ചെലവാക്കിയാല്‍ എതൊരു സിനിമയേയും ത്രീഡിയിലേക്ക് മാറ്റാന്‍ കഴിയും. ഇതിനായി മുടക്കിയ പണം ത്രീഡി ഗ്ലാസ്സുകള്‍ വിറ്റഴിക്കുന്നതിലൂടെ നിര്‍മാതാക്കള്‍ക്ക് നേടാനും കഴിയും. പ്രേക്ഷകരെ വഞ്ചിക്കുന്ന രീതിയാണിതെന്നും അദ്ദേഹം വിമര്‍ശിച്ചു.

അതേസമയം ഐമാക്‌സ് ത്രീഡിയില്‍ ഇറങ്ങുന്ന ആദ്യ ഇന്ത്യന്‍ ചിത്രമാണ് പദ്മാവത് എന്നായിരുന്നു ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരുടെ അവകാശവാദം. ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങള്‍ നശിപ്പിക്കുന്നത് ഒറിജിനല്‍ ത്രീഡി സിനിമകളെയാണ് എന്നും രാമചന്ദ്രബാബു അഭിപ്രായപ്പെട്ടു.

We use cookies to give you the best possible experience. Learn more