| Wednesday, 3rd November 2021, 4:17 pm

തിങ്കളാഴ്ച നിശ്ചയത്തില്‍ നിന്നുള്ള എന്റെ ഏറ്റവും പ്രിയപ്പെട്ട 'ബിഹൈന്‍ഡ് ദ സീന്‍' ദൃശ്യം; വീഡിയോ പങ്കുവെച്ച് ഛായാഗ്രഹകന്‍ ശ്രീരാജ് രവീന്ദ്രന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത് ഒക്ടോബര്‍ 29ന് ഒ.ടി.ടി പ്ലാറ്റ്‌ഫോമായ സോണി ലിവില്‍ റിലീസ് ചെയ്ത ‘തിങ്കളാഴ്ച നിശ്ചയം’ സിനിമ മികച്ച പ്രേക്ഷകപ്രീതിയും നിരൂപകപ്രശംസയും നേടി മുന്നേറുകയാണ്. കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് ഒരുക്കിയിട്ടുള്ള ഈ കോമഡി ഡ്രാമ ചിത്രം വ്യത്യസ്തമായ സിനിമാ അനുഭവമാണ് പ്രേക്ഷകര്‍ക്ക് നല്‍കുന്നത്.

ഇപ്പോള്‍ സിനിമയിലെ ക്ലൈമാക്‌സ് രംഗത്തിന്റെ ചിത്രീകരണ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തിന്റെ ഛായാഗ്രഹകനും തിരക്കഥാകൃത്തുക്കളില്‍ ഒരാളുമായ ശ്രീരാജ് രവീന്ദ്രന്‍. ചിത്രത്തിലെ അച്ഛന്‍ കഥാപാത്രമായ വിജയന്‍ ദേഷ്യത്തോടെ സാധനങ്ങളെല്ലാം തല്ലിത്തകര്‍ക്കുന്ന സീന്‍ ചിത്രീകരിക്കുന്നതിന്റെ വീഡിയോയാണ് ശ്രീരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്.

”വിജയന്റെ പൊട്ടിത്തെറി. തിങ്കളാഴ്ച നിശ്ചയത്തില്‍ നിന്നുള്ള എന്റെ ഏറ്റവും പ്രിയപ്പെട്ട ‘ബിഹൈന്‍ഡ് ദ സീന്‍’ ക്ലിപ്പ് ആണിത്. ഒരു ഛായാഗ്രഹകന്‍ എന്ന നിലയ്ക്ക് ഇത്രയും മികച്ച ഒരു പ്രകടനം നേരില്‍ കാണാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു.

ഈ ദൃശ്യം ചിത്രീകരിച്ചപ്പോള്‍ എനിക്ക് ശരിക്കും രോമാഞ്ചം വന്നിരുന്നു. ഇത് ചിത്രീകരിക്കുകയും എനിക്ക് ഷെയര്‍ ചെയ്യുകയും ചെയ്തതിന് രാഹുല്‍ വമദേവന്‍ ജൊയമ്മയ്ക്ക് നന്ദി. പുഷ്‌കര മല്ലികാര്‍ജുനയ്യ നിര്‍മിച്ച് സോണി ലിവില്‍ പ്രദര്‍ശിപ്പിക്കുന്ന തിങ്കളാഴ്ച നിശ്ചയം എല്ലാവരും കാണുക,” വീഡിയോ പങ്കുവെച്ച് കൊണ്ട് ശ്രീരാജ് രവീന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

വീഡിയോയ്ക്ക് താഴെ ഈ ദൃശ്യത്തെക്കുറിച്ചും വിജയന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ മനോജ് കെ.യുവിനെക്കുറിച്ചും നിരവധി പേര്‍ കമന്റ് ചെയ്യുന്നുമുണ്ട്.


സിനിമയില്‍ പുതുമുഖങ്ങളായവരാണ് തിങ്കളാഴ്ച നിശ്ചയത്തിലെ അഭിനേതാക്കളിലധികവും. എല്ലാവരുടെയും പ്രകടനവും മികച്ച അഭിപ്രായമാണ് നേടുന്നത്.

അന്‍പത്തിയൊന്നാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച രണ്ടാമത്തെ സിനിമയ്ക്കും മികച്ച കഥയ്ക്കുമുള്ള പുരസ്‌കാരവും തിങ്കളാഴ്ച നിശ്ചയം നേടിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Cinematographer of the movie Thinkalazhcha Nishchayam shares a behind the scene video

We use cookies to give you the best possible experience. Learn more