| Sunday, 29th October 2023, 6:36 pm

ഇന്റിമേറ്റ് രംഗം വ്യത്യസ്തമാവാനാണ് ലൈറ്റിങ് ഇരുണ്ടാതാക്കിയത്, ഷോട്ടിന് ശേഷം ലോകേഷിന്റെ പ്രതികരണം ഇതായിരുന്നു: ലിയോ ക്യാമറമാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലിയോയിലെ ഇന്റിമേറ്റ് രംഗം ചിത്രീകരിച്ചതിനെ പറ്റി സംസാരിക്കുകയാണ് സിനിമാറ്റോഗ്രാഫര്‍ മനോജ് പരമഹംസ. സാധാരണ ഇന്റിമേറ്റ് രംഗമെന്നതിന് പകരം വ്യത്യസ്തതക്ക് വേണ്ടിയാണ് ലൈറ്റിങ് ഇരുണ്ടതാക്കിയതെന്ന് മനോജ് പറഞ്ഞു. ആ സമയത്തെ അവരുടെ അവസ്ഥ കാണിക്കാന്‍ വേണ്ടി കൂടിയാണ് ലൈറ്റിങ് അങ്ങനെയാക്കിയതെന്നും മനോജ് പറഞ്ഞു. ആറ് മിനിട്ടോളം നീണ്ട് നിന്ന ഷോട്ടിന് ശേഷം സംവിധായകന്‍ ലോകേഷ് കനകരാജിന്റെ പ്രതികരണത്തെ പറ്റിയും മനോജ് ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘അരണ്ട വെളിച്ചത്തില്‍ ചെറിയ ഇരുളിമയിലാണ് ഇന്റിമേറ്റ് സീന്‍ ചിത്രീകരിച്ചത്. അതുകൊണ്ട് തന്നെ അതൊരു സാധാരണ കിസിങ് സീന്‍ ആവില്ല. അതൊരു ഇന്റിമേറ്റ് രംഗമാണെങ്കിലും അവര്‍ ഇപ്പോഴും ഇരുട്ട് നിറഞ്ഞ അവസ്ഥയിലാണ് എന്ന് കാണിക്കാനാണ് അങ്ങനെ ചിത്രീകരിച്ചത്.

ലോകേഷ് വളരെ ജിജ്ഞാസയോടെയാണ് ആ രംഗം ചിത്രീകരിച്ചത്. ഒരേ ആങ്കിളില്‍ എവിടെയും കട്ട് ചെയ്യാതെ എടുക്കാം എന്ന് അദ്ദേഹം പറഞ്ഞു. സാധാരണ ഗതിയില്‍ ഒരു ആറ് മിനിട്ട് രംഗം എടുക്കുമ്പോള്‍ അത് നന്നായെങ്കില്‍ സംവിധായകന്‍ ഒന്ന് നോക്കിയിട്ട് കട്ട് പറയും. എന്നാല്‍ ലോകേഷ് വളരെ സന്തോഷത്തോടെ ബാക്ക് അപ്പ് എന്നാണ് പറഞ്ഞത്,’ മനോജ് പരമഹംസ പറഞ്ഞു.

ഒക്ടോബര്‍ 19നാണ് ലിയോ റിലീസ് ചെയ്തത്. രണ്ട് ഗെറ്റപ്പിലാണ് ചിത്രത്തില്‍ എത്തിയത്. സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, മന്‍സൂര്‍ അലി ഖാന്‍, മഡോണ സെബാസ്റ്റിയന്‍, ഗൗതം വാസുദേവ് മേനോന്‍ എന്നിങ്ങനെ വലിയ താരനിരയും ചിത്രത്തില്‍ ഉണ്ടായിരുന്നു.

അതേസമയം ചിത്രത്തിന്റെ കളക്ഷന്‍ 500 കോടി പിന്നിട്ടു. കേരളത്തില്‍ നിന്ന് മാത്രം 50 കോടിയാണ് ചിത്രം നേടിയത്. പത്ത് ദിവസം കൊണ്ടാണ് ചിത്രം കേരളത്തില്‍ 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചത്. കേരളത്തില്‍ ഏറ്റവും വേഗത്തില്‍ 50 കോടി നേടുന്ന ആദ്യ ചിത്രമായും ലിയോ മാറി. 11 ദിവസം കൊണ്ട് 50 കോടി നേടിയ കെ.ജി.എഫ് 2 വിന്റെ റെക്കോര്‍ഡ് ആണ് ലിയോ കേരളത്തില്‍ മറികടന്നത്.

Content Highlight: Cinematographer Manoj Paramahamsa talks about the intimate scene in Leo

We use cookies to give you the best possible experience. Learn more