| Sunday, 5th November 2023, 1:03 pm

രജിനികാന്ത് ചിത്രത്തിലെ ആ രംഗം ലിയോയില്‍ ട്രൈ ചെയ്തിട്ടുണ്ട്: സിനിമാറ്റോഗ്രാഫര്‍ മനോജ് പരമഹംസ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലിയോ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സിനിമാറ്റോഗ്രാഫര്‍ മനോജ് പരമഹംസ. ബാഷയില്‍ രജിനികാന്ത് തന്റെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നത് പോലെ ഒരു രംഗം ലിയോയിലും ഉണ്ടെന്നും അവിടെ ഐഡന്റിറ്റി മനസിലാവുന്ന തരത്തില്‍ നായകന്‍ സംസാരിക്കുന്നില്ലെന്നും മനോജ് പറഞ്ഞു. ലിയോയില്‍ ഏറെ ചര്‍ച്ചയായ കോഫി ഷോപ്പ് രംഗത്തിലെ മാലാഖയുടെ ചിറകും മുള്‍ക്കിരീടം റഫറന്‍സിനെ പറ്റിയും മനോജ് പറഞ്ഞു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ചിറകിന്റെ പെയ്ന്റിങ് ആ കോഫി ഷോപ്പില്‍ നേരത്തെ തന്നെ ഉണ്ടായിരുന്നതാണ്. ഈ സീന്‍ കോഫി ഷോപ്പില്‍ എവിടെ ഷൂട്ട് ചെയ്യണമെന്ന് ചര്‍ച്ച ചെയ്തുകൊണ്ടിരുന്നപ്പോള്‍ ആ മൂലക്ക് ചെയ്യാമെന്ന് തീരുമാനിച്ചു. കാരണം അവിടേക്ക് വിജയ് നടന്നത് വരെ വില്ലന്റെ ബില്‍ഡപ്പ് ഉണ്ടാവും.

വില്ലനെ അവതരിപ്പിച്ചത് ഒരു റിവേഴ്‌സ് പ്ലേയിലൂടെയാണ്. സാധാരണ വില്ലന്മാര്‍ക്ക് തുടക്കത്തിലാണ് ബില്‍ഡപ്പ് കൊടുക്കാറുള്ളത്. വണ്ടി വരുന്നു, വില്ലന്‍ അതില്‍ നിന്നും ഇറങ്ങുന്നു അങ്ങനെയായിരിക്കും. ലിയോയില്‍ ഒരു ക്ലോസപ്പ് കാണിച്ച് പിന്നെയാണ് ഒരുപാട് കാറുകള്‍ കാണിക്കുന്നത്.

ഈ സീന്‍ എടുക്കാന്‍ തുടങ്ങുമ്പോള്‍ അവിടുത്തെ ചിറകുകള്‍ കണ്ടത്. അത് വില്ലന് പശ്ചാത്തലമാക്കി. ഹീറോക്ക് പശ്ചാത്തലത്തില്‍ എന്ത് കൊടുക്കണമെന്ന് ചിന്തിച്ചപ്പോഴാണ് മുള്‍ക്കീരിടം തീരുമാനിച്ചത്. കാരണം കഥയില്‍ സാക്രിഫൈസ് ഉണ്ട്. തുടര്‍ന്ന് ആര്‍ട് ഡയറക്ടറെ വിളിച്ച് വരപ്പിക്കുകയായിരുന്നു.

ലിയോയിലെ ഈ സിറ്റുവേഷന്‍ സാധാരണ മറ്റ് സിനിമകളില്‍ എങ്ങനെയാണ് ചെയ്തിരിക്കുന്നത് എന്ന് നോക്കണം. ഉദാഹരണത്തിന് രജിനികാന്തിന്റെ ബാഷയില്‍ ഒരു ഫേമസ് ബോഡി ലാംഗ്വേജ് ഉണ്ട്. മുന്നോട്ട് ആഞ്ഞ് മേശയിലേക്ക് കൈ വെച്ച് എനിക്ക് ഇനി ഒരു പേര് കൂടി ഉണ്ട് എന്ന് പറയുന്നതാണ് അത്. അങ്ങനെയൊന്ന് ഈ സിനിമയില്‍ ട്രൈ ചെയ്തിട്ടുണ്ട്. പക്ഷേ അത്തരത്തിലുള്ള ഡയലോഗൊന്നും പറയുന്നില്ല. പ്രേക്ഷകര്‍ക്ക് അത് മനസിലായിട്ടുണ്ട്,’ മനോജ് പറഞ്ഞു.

Content Highlight: Cinematographer Manoj Paramahamsa shares his experiences of shooting Leo

We use cookies to give you the best possible experience. Learn more