| Thursday, 4th April 2024, 4:44 pm

നജീബ് മരുഭൂമിയില്‍ നിന്ന് റോഡിലേക്കിറങ്ങിയെത്തുന്ന ആ സീന്‍ 43 ടേക്കാണ് പോയത്: ആടുജീവിതം സിനിമാറ്റോഗ്രാഫര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആടുജീവിതം എന്ന സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ മനസില്‍ തങ്ങിനില്‍ക്കുന്ന തരത്തില്‍ മനോഹരമായിരുന്നു ചിത്രത്തിലെ ഓരോ ഷോട്ടുകളും. തുടക്കം മുതല്‍ അവസാനം വരെ, പ്രത്യേകിച്ചും മരുഭൂമിയിലുള്ള ഷോട്ടുകള്‍ ഇത്രയേറെ ഗംഭീരമായി പ്രേക്ഷകരിലേക്കെത്തിച്ചത് സിനിമാറ്റോഗ്രാഫറായ കെ.എസ് സുനിലായിരുന്നു.

വലിയ പ്രതിസന്ധികളെ നേരിട്ടുകൊണ്ടായിരുന്നു ബ്ലെസിയും സംഘവും ആടുജീവിതം ഷൂട്ട് പൂര്‍ത്തിയാക്കിയത്. മനസില്‍ കണ്ട ഒരു ഷോട്ട് അതിനി എത്ര കഷ്ടപ്പെട്ടിട്ടായാലും വേണമെന്ന് നിര്‍ബന്ധം പിടിക്കുന്ന ഒരു സംവിധാകനാണ് ബ്ലെസി. അദ്ദേഹത്തിന്റെ മനസിലുള്ള ഷോട്ടുകള്‍ അതുപോലെ ഒപ്പിയെടുത്തു നല്‍കാന്‍ സുനിലിനും സാധിച്ചിട്ടുണ്ടെന്നത് സിനിമ കാണുമ്പോള്‍ വ്യക്തം.

ആടുജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ടേക്ക് പോയ സീനുകളെ കുറിച്ചും അതിന്റെ കാരണങ്ങളെ കുറിച്ചും ദി ഫോര്‍ത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് സുനില്‍.

‘ നജീബ് മരുഭൂമിയില്‍ നിന്ന് ഏറ്റവും ഒടുവില്‍ റോഡിലേക്ക് എത്തുന്ന ഒരു ഷോട്ടുണ്ട്. 43 ടേക്കാണ് എടുത്തത്. അതായിരുന്നു ഏറ്റവും സമയമെടുത്ത് ചെയ്ത ഒരു ഷോട്ട്. റോഡ് ഫൈന്റിങ് ഷോട്ട്,’ സുനില്‍ പറയുന്നു.

ആടുജീവിതത്തിന്റെ സമയത്ത് പുള്ളി ടോട്ടലി വേറൊരു മനുഷ്യനായിരുന്നു. പൃഥ്വി തന്നെ പറയുമായിരുന്നു ഞാന്‍ എന്തെങ്കിലും തെറി പറഞ്ഞാലും അത് സഹിച്ചേക്കണേ, ഒന്നും മനസില്‍ വെക്കരുതേ എന്ന്. ചില സമയത്ത് ഭയങ്കര ഒച്ചപ്പാടുണ്ടാക്കുമായിരുന്നു. പക്ഷേ ഞങ്ങള്‍ അദ്ദേഹത്തെ കൂടെ നിന്ന് സപ്പോര്‍ട്ട് ചെയ്തു.

മരുപ്പച്ച സീനൊക്കെ ഷൂട്ട് ചെയ്തത് ഏറെ ബുദ്ധിമുട്ടി തന്നെയാണ്. മരുഭൂമിയുടെ നടുക്ക് നല്ല പച്ചപ്പായിട്ടുള്ള ഒരു മരമുണ്ടായിരുന്നു. ബാക്കി വെള്ളവും പനയുമൊക്കെ ആര്‍ട് ഡയറക്ടര്‍ പ്രശാന്ത് ചെയ്തതാണ്. അത് മരുഭൂമിയുടെ ഒത്ത നടുക്കാണ്. ടാങ്കറൊക്കെ കഷ്ടപ്പെട്ട് എത്തിച്ച് വെള്ളമൊക്കെ എത്തിച്ചാണ് വാട്ടര്‍ പോര്‍ഷനൊക്കെ ഷൂട്ട് ചെയ്തത്.

വാദിറം ഡെസേര്‍ട്ട് ടൂറിസ്റ്റ് സ്‌പോര്‍ട്ടാണ്. കൊറോണ ആയതുകൊണ്ട് ഞങ്ങള്‍ക്ക് കിട്ടിയ ഒരു ഗുണം മരുഭൂമിയില്‍ വണ്ടിയുടെ മാര്‍ക്കോ കാല്‍പ്പാടുകളോ ഉണ്ടായിരുന്നില്ല എന്നതാണ്. ലോക്ഡൗണിന് ശേഷം 14 ദിവസം കൂടി ഷൂട്ട് ചെയ്യാനുള്ള പെര്‍മിഷന്‍ ഞങ്ങള്‍ക്ക് കിട്ടി.
ആ സമയത്താണ് ക്രൂഷ്യല്‍ ആയിട്ടുള്ള വൈഡ് ഷോട്ടുകളെല്ലാം എടുത്തു തീര്‍ത്തത്,’ സുനില്‍ പറഞ്ഞു.

മൃഗങ്ങളുമൊത്തുള്ള രംഗങ്ങള്‍ ഷൂട്ട് ചെയ്തതിനെ കുറിച്ചും സുനില്‍ സംസാരിച്ചു. ഒട്ടകത്തിനെ പിന്നേയും നമുക്ക് ഷൂട്ട് ചെയ്യാം. അവ വിളിച്ചാല്‍ തിരിഞ്ഞുനോക്കുകയൊക്കെ ചെയ്യും. പക്ഷേ ആട് അങ്ങനെയല്ല. ആടിനെ എവിടെയെങ്കിലും കൊണ്ടുനിര്‍ത്തിയാല്‍ അത് അവിടെ നില്‍ക്കും. സിനിമയില്‍ ഒരു ആട് തിരിഞ്ഞുനോക്കുന്ന സീനുണ്ട്. ഒരു ദിവസം ഉച്ച മുതല്‍ വൈകുന്നേരം വരെ എടുത്തിട്ടാണ് ആ ഷോട്ട് കിട്ടിയത്. എടുത്തിട്ടേ പോകൂ എന്ന് ബ്ലെസി സാറും. ഒടുവില്‍ കിട്ടി.

അതുപോലെ സൂര്യോദയം കിട്ടാന്‍ വേണ്ടി ഒരുപാട് ദിവസങ്ങള്‍ കാത്തിരുന്നിട്ടുണ്ട്. ഇഹ്രാഹിം ഖാദിരിയുടെ തലയുടെ മുകളിലൂടെ സൂര്യന്‍ ഉദിച്ചുയരുന്ന സീന്‍ പ്ലാന്‍ ചെയ്ത പോലെ തന്നെ പെട്ടെന്ന് കിട്ടി. എന്നാല്‍ രാവിലെ ഇവര്‍ എഴുന്നേറ്റ് വരുന്ന ചില സീക്വന്‍സുകളുണ്ട്. അതൊക്കെ കിട്ടാന്‍ കുറേ ബുദ്ധിമുട്ടിയിരുന്നു,’ സുനില്‍ പറഞ്ഞു.

Content Highlight: Cinematographer KS Sunil about The Toughest Scene on Aadujeevitham

We use cookies to give you the best possible experience. Learn more