|

അവര്‍ സെറ്റില്‍ പെരുമാറുന്നത് കണ്ടാല്‍ യഥാര്‍ത്ഥത്തില്‍ അവരാണോ സഹോദരന്‍മാര്‍ എന്ന് എനിക്ക് തോന്നും: ജിംഷി ഖാലിദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആലപ്പുഴ ജിംഖാന എന്ന ചിത്രത്തിലൂടെ വീണ്ടും ഒരു കിടിലന്‍ ചിത്രം മലയാളികള്‍ക്ക് സമ്മാനിച്ചിരിക്കുകയാണ് ഖാലിദ് റഹ്‌മാന്‍. അനുരാഗ കരിക്കിന്‍വെള്ളം, ഉണ്ട, ലവ്, തല്ലുമാല എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത ചിത്രമാണ് ആലപ്പുഴ ജിംഖാന.

ഖാലിദ് റഹ്‌മാന്റെ സഹോദരന്‍ കൂടിയായ ജിംഷി ഖാലിദാണ് ഈ ചിത്രത്തിന്റേയും സിനിമാറ്റോഗ്രഫി ചെയ്തിരിക്കുന്നത്. സഹോദരങ്ങള്‍ ഒരു സെറ്റില്‍ ഒന്നിച്ച് വര്‍ക്ക് ചെയ്യുമ്പോഴുണ്ടാകുന്ന തര്‍ക്കങ്ങളെ കുറിച്ചും സൗകര്യങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ഖാലിദ് റഹ്‌മാനും ജിംഷി ഖാലിദും.

ഒപ്പം നടന്‍ ലുക്മാനെ കുറിച്ചും ജിംഷി സംസാരിക്കുന്നുണ്ട്. ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

‘ സെറ്റില്‍ ഞങ്ങള്‍ ശരിക്കും റിലാക്‌സ്ഡ് ആണ്. ഒരു ഷൂട്ടിങ് അന്തരീക്ഷമല്ല ഞങ്ങള്‍ക്ക് തോന്നുക. ഒരു കസേരയില്‍ ഇരുന്ന് ഒരു ചായയൊക്കെ കുടിച്ച് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.

എന്ത് അഭിപ്രായ വ്യത്യാസങ്ങളും അവിടെ പരിഹരിക്കപ്പെടും. റഹ്‌മാനുമായി ഞാന്‍ ഒരുപാട് ഫൈറ്റ് ചെയ്തിട്ടുണ്ട്. അനുരാഗ കരിക്കിന്‍ വെള്ളം ഷൂട്ട് ചെയ്യുന്ന സമയത്ത് ഞങ്ങള്‍ ഒരുപാട് വഴക്കുണ്ടാക്കിയിരുന്നു.

ഞങ്ങള്‍ രണ്ടുപേരും ചെറുപ്പക്കാരാണ്. എനിക്ക് 26 ഉം അവന് 24 വയസുമാണ് പ്രായം. എല്ലാ കാര്യങ്ങളിലും ക്രിയേറ്റീവായി എന്തെങ്കിലും ചെയ്യണമെന്നുണ്ടായിരുന്നു.

ഈ തര്‍ക്കത്തിന് ശേഷം ഒരേ മുറിയില്‍ ഒരേ കട്ടിലില്‍ കിടന്ന് ഞങ്ങള്‍ ഉറങ്ങും. അതൊരു ചെറിയ സിനിമയാണ്. ഞങ്ങളുടെ സാഹചര്യവും അങ്ങനെ ആയിരുന്നു. പക്ഷേ ക്രമേണ എനിക്ക് മനസിലായി അതെല്ലാം എന്റെ തെറ്റായിരുന്നു എന്ന്.

റഹ്‌മാനാണ് അന്ന് സീനിയര്‍ (ചിരി). ആ സിനിമയെ കുറിച്ച് റഹ്‌മാന് കൃത്യമായി കാഴ്ചപ്പാടുണ്ടെന്ന് എനിക്ക് മനസിലായി. എന്താണ് വേണ്ടതെന്ന് അവന് അറിയാം. ആ സമയത്തൊക്കെ ഞാന്‍ ഒരു ഷോട്ടൊക്ക എടുക്കുന്നത് വളരെ പേഴ്‌സണല്‍ ആയിട്ടായിരുന്നു.

എന്റെ ഷോട്ടാണ് എന്ന അര്‍ത്ഥത്തില്‍. പക്ഷേ അത് ശരിയല്ല. ഞാന്‍ അവന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അല്പം വൈകിയാണെങ്കിലും മനസിലാക്കി. ഉണ്ടയില്‍ എത്തിയപ്പോഴും അതെനിക്ക് മനസിലാക്കി. നമ്മള്‍ അവന് ഓപ്ഷന്‍സ് കൊടുക്കാം. അവന്‍ അത് എടുക്കുകയാണെങ്കില്‍ എടുക്കാം. അല്ലെങ്കില്‍ വേണ്ട.

ഞാന്‍ അവന്റെ സഹോദരന്‍ ആയതുകാണ്ടല്ല അവന്‍ എന്നെ അവന്റെ സിനിമകളിലേക്ക് എന്നെ വിളിക്കുന്നത്. അവന്‍ എന്നെ പൂര്‍ണമായി വിശ്വസിച്ച് തന്നെയാണ് വിളിച്ചത്.

സെറ്റില്‍ ചര്‍ച്ച നടത്തുകയും വര്‍ക്ക് ചെയ്യുമ്പോഴുമൊന്നും നമ്മള്‍ സഹോദരന്മാരാണെന്ന കാര്യം വരുന്നേയില്ല. ഞാനത് ആഗ്രഹിക്കുന്നുമില്ല. അതൊരു പ്രൊഫഷണല്‍ സ്‌പേസ് ആണ്.

ഒരു ഉദാഹരണം പറഞ്ഞാല്‍ നടന്‍ ലുക്മാന്‍ ഞങ്ങളുടെ നാല്് സിനിമകളിലും ഉണ്ടായിരുന്നു. അവന്‍ നമ്മുടെ സെറ്റിലെ സ്ഥിരം സാന്നിധ്യമാണ്. ഇവര്‍ രണ്ടുപേരും പെരുമാറുന്നത് കണ്ടാല്‍ അവര്‍ രണ്ടുപേരുമാണ് സഹോദരന്മാരാണെന്ന് തോന്നും. ഞാന്‍ മറ്റെവിടുന്നോ വന്നതായിട്ടാണ് തോന്നുക. നമുക്കിടയില്‍ അങ്ങനെയൊന്നുമില്ല,’ ജിംഷി ഖാലിദ് പറഞ്ഞു.

Content Highlight: Cinematographer Jimshi Khalid about Khalid Rahman