| Wednesday, 19th May 2021, 12:44 pm

മൃഗങ്ങളെവെച്ച് എടുത്ത ചില സിനിമകള്‍ കോമാളിക്കളിയായിട്ടുണ്ട്, ഇത് പിടിവിട്ടുപോകുമോ എന്ന് എല്ലാവര്‍ക്കും ആശങ്കയുണ്ടായിരുന്നു; ജല്ലിക്കട്ട് ചിത്രീകരണത്തെ കുറിച്ച് ഗിരീഷ് ഗംഗാധരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാഴ്ചകളുടെ ഒരു പുതിയ ലോകം പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ചിത്രമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലൊരുങ്ങിയ ജല്ലിക്കട്ട്. പോത്തിന് പിറകെ ഓടുന്ന ക്യാമറക്കണ്ണുകള്‍ വിസ്മയക്കാഴ്ചകളായിരുന്നു ഓരോ പ്രേക്ഷകനും സമ്മാനിച്ചത്.

സംവിധാനത്തില്‍ ഒരു പുത്തന്‍ പരീക്ഷണത്തിന് ലിജോ ജോസ് പെല്ലിശേരി ഒരുങ്ങിയപ്പോള്‍ ആ കാഴ്ചകളെ ക്യാമറക്കണ്ണിലൂടെ അതിമനോഹരമായി പ്രേക്ഷകരിലെത്തിക്കാന്‍ ക്യാമറമാനായ ഗിരീഷ് ഗംഗാധരന് സാധിച്ചു. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി അരങ്ങേറ്റം കുറിച്ച ഗിരീഷിന്റെ പത്താമത്തെ സിനിമയായിരുന്നു ജല്ലിക്കട്ട്.

ലിജോയുടെ കൂടെ അങ്കമാലി ഡയറീസ് ചെയ്തതിന് ശേഷമാണ് ജല്ലിക്കട്ടിന്റെ കഥ കേള്‍ക്കുന്നതെന്നും കഥ കേട്ടപ്പോള്‍ തന്നെ തീരെ പരിചിതമല്ലാത്ത കഥാപരിസരമാണെന്ന് തിരിച്ചറിഞ്ഞിരുന്നെന്നും അതിന് പ്രധാന കാരണം സാധാരണ സിനിമകളിലെപ്പോലെ മനുഷ്യനല്ല ഹീറോ, മറിച്ച് പോത്താണ് എന്നതായിരുന്നെന്നും ഗീരീഷ് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

ഒരു മലയോരഗ്രാമത്തില്‍ വെച്ചാണ് സിനിമ കഥ പറയുന്നത്. സിനിമയിലെ പ്രധാന ഭാഗങ്ങളെല്ലാം നടക്കുന്നത് രാത്രിയിലുമാണ്. ഇതെല്ലാം ഒരുമിക്കുന്നൊരു സിനിമ എന്നതായിരുന്നു പ്രധാന വെല്ലുവിളി.

കാരണം അത്തരമൊരു സിനിമ ഞാന്‍ മുന്‍പ് ചെയ്തിട്ടില്ല. എന്റെ അറിവില്‍ മലയാളത്തില്‍ തന്നെ ആദ്യമായിട്ടാണ് ഇങ്ങനെയൊരു സിനിമ ഉണ്ടാകുന്നത്. അതിനാല്‍ തന്നെ ചെറിയൊരു പാളിച്ച ഉണ്ടായാല്‍ തന്നെ അത് സിനിമയെ ബാധിക്കും. കാരണം മൃഗങ്ങളെവെച്ച് എടുത്ത ചില സിനിമകള്‍ കോമാളിക്കളി മാത്രമായി മാറിയത് നമ്മള്‍ കണ്ടിട്ടുണ്ട്. പതിവുപോലെ ലൊക്കേഷനുകള്‍ പോയി കാണുകയും നമുക്ക് എന്തൊക്കെ ആവശ്യമായിവരും എന്ന് കണ്ടെത്തുകയുമാണ് ആദ്യം ചെയ്തത്. ഓരോ ഘട്ടത്തിലും വളരെ ഭംഗിയായിത്തന്നെ മുന്നൊരുക്കങ്ങള്‍ ചെയ്തു എന്നതാണ് വിജയകാരണം, ഗിരീഷ് ഗംഗാധരന്‍ പറയുന്നു.

ജല്ലിക്കട്ടില്‍ പോത്ത് ഓടുമ്പോള്‍ ക്യാമറാമാനും പിറകെ ഓടുന്നുണ്ട്. ഇത്തരം പരീക്ഷണങ്ങള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്തതാണോ എന്ന ചോദ്യത്തിന് മുന്‍കൂട്ടി പ്ലാന്‍ ചെയ്തതൊന്നുമല്ലെന്നും എല്ലാം ഓരോ സന്ദര്‍ഭങ്ങളില്‍ സംഭവിക്കുന്നതാണെന്നുമായിരുന്നു ഗിരീഷിന്റെ മറുപടി.

സാധാരണ സിനിമകളില്‍ കാണുന്ന സന്ദര്‍ഭങ്ങളല്ല ജല്ലിക്കട്ടിലുള്ളത്. ആളുകള്‍ പന്തവും ടോര്‍ച്ചുമൊക്കെയായി പോത്തിന് പിറകേ ഓടുകയാണ്. കാണുന്ന പ്രേക്ഷകരിലേക്ക് ആ ഓട്ടത്തിന്റെയും ചുറ്റുപാടിന്റെയുമെല്ലാം വ്യാപ്തി കൈമാറണം. അത്തരമൊരു ട്രീറ്റ്‌മെന്റ് ഷോട്ടുകള്‍ക്ക് ഉണ്ടാകണം എന്ന് തീരുമാനിച്ചു. ഏതു തരത്തില്‍ അത് കൊണ്ടുവരാമെന്നുള്ള വഴികള്‍ നോക്കി.

ഷോട്ടുകള്‍ക്ക് അതിനുതകുന്ന മൂവ്‌മെന്റ് നല്‍കാന്‍ ചില പരീക്ഷണങ്ങള്‍. പോത്തിനൊപ്പവും പിറകേയുമൊക്കെയുള്ള ഓട്ടവും കിണറ്റിലിറങ്ങി ഷൂട്ട് ചെയ്തതുമെല്ലാം അത്തരം ശ്രമങ്ങളായിരുന്നു.

ക്ലൈമാക്‌സ് രംഗങ്ങളില്‍ വലിയ ആള്‍ക്കൂട്ടം കടന്നുവരുന്നുണ്ട്. ഷൂട്ടിങ് നടന്ന പ്രദേശങ്ങളില്‍നിന്നുള്ള അഭിനേതാക്കളാണ് ഭൂരിഭാഗവും അഭിനയിച്ചിരിക്കുന്നത്. എന്താണ് ചെയ്യേണ്ടതെന്നതിനെപ്പറ്റി അവര്‍ക്ക് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.

മൃഗങ്ങളെപ്പോലെ തന്നെ മനുഷ്യരും ഓടിവരുകയാണ്. പിടിവിട്ടുപോകുമോ എന്ന് എല്ലാവര്‍ക്കും ആശങ്കയുണ്ടായിരുന്നെങ്കിലും നന്നായിത്തന്നെ രംഗങ്ങളെല്ലാം ചിത്രീകരിക്കാനായി.

ചെറിയ ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. അത്തരമൊരു സ്‌പെഷല്‍ ക്ലൈമാക്‌സ് ചിത്രീകരിക്കുമ്പോള്‍ ബുദ്ധിമുട്ടുകള്‍ സാധാരണമാണ്. അതിനപ്പുറം വലിയ രീതിയിലുള്ള തടസ്സങ്ങളൊന്നും ഉണ്ടായില്ല. ചില പരീക്ഷണങ്ങള്‍ വിജയിക്കും മറ്റ് ചിലത് പരാജയപ്പെടും. വിജയിച്ച ശ്രമങ്ങളാണ് പ്രേക്ഷകര്‍ കാണുന്നത്.

‘അങ്കമാലി ഡയറീസി’ല്‍ പത്തുമിനിറ്റ് നീളുന്ന ക്ലൈമാക്‌സ് സീന്‍ ഒറ്റഷോട്ടില്‍ തീര്‍ത്തത് അത്തരമൊരു പരീക്ഷണമായിരുന്നു. ജല്ലിക്കട്ടില്‍ എത്തുമ്പോള്‍ പരീക്ഷണങ്ങള്‍ കൂടി എന്നുമാത്രം. സംവിധായകനും കൂടെയുള്ള ടീമും പിന്തുണച്ചാല്‍ ഏത് പരീക്ഷണവും ചെയ്തുനോക്കാന്‍ നമുക്ക് ധൈര്യം കിട്ടും, ഗിരീഷ് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Cinematographer Gireesh Gangadharan about Jallikkettu Movie

We use cookies to give you the best possible experience. Learn more