തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ഓപ്പറേഷന്‍ ജാവയുടെ ഛായാഗ്രഹകനായി സിനിമയിലേക്ക് കടന്നുവന്നയാളാണ് ഫായിസ് സിദ്ദിഖ്. തുടര്‍ന്ന് വൂള്‍ഫ്, പകലും പാതിരാവും, ക്രിസ്റ്റഫര്‍ എന്നീ ചിത്രങ്ങള്‍ക്ക് ഫായിസ് ക്യാമറ ചലിപ്പിച്ചു. ക്രിസ്റ്റഫറില്‍ വര്‍ക്ക് ചെയ്തപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് ഫായിസ്. ചിത്രത്തില്‍ ഒരു ട്രാക്കിങ് ഷോട്ട് സീന്‍ എടുക്കാനുണ്ടായിരുന്നെന്നും എന്നാല്‍ അത് നാലഞ്ച് ടേക്ക് വരെ പോയെന്നും ഫായിസ് പറഞ്ഞു.
സെറ്റില്‍ പലരും തന്നോട് പറഞ്ഞത് മൂന്നാമത്തെയോ നാലാമത്തെയോ ടേക്ക് പോയാല്‍ ദേഷ്യപ്പെടുമെന്നായിരുന്നെന്ന് ഫായിസ് പറഞ്ഞു. ഓരോ ഷോട്ട് പോകുമ്പോഴും മമ്മൂട്ടിയെപ്പോലുള്ള ആര്‍ട്ടിസ്റ്റുകള്‍ ആ സീനിന് കൊടുക്കുന്ന ഇന്‍പുട്ടിന്റെ എനര്‍ജി ഓരോ ലെവല്‍ വെച്ച് കുറയുമെന്നും അതിനാലാണ് ദേഷ്യപ്പെടുന്നതെന്നും ഫായിസ് പറഞ്ഞു.
അത്രയും ടേക്ക് ഷോട്ട് പോയപ്പോള്‍ സംവിധായകന്‍ തന്നോട് വേറെ ഷോട്ട് പോകാമെന്ന് പറഞ്ഞെന്നും അത് കേട്ടപ്പോള്‍ അത്രയും അളുകളുടെ മുന്നില്‍ അപഹാസ്യനായതുപോലെ തോന്നിയെന്നും ഫായിസ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആ സീനുമായി മുന്നോട്ടുപോകാമെന്ന് താന്‍ പറഞ്ഞെന്നും മമ്മൂട്ടി അത് കേട്ട് തന്നെ അടുത്തേക്ക് വിളിച്ചെന്നും ഫായിസ് സിദ്ദിഖ് പറഞ്ഞു.
ആ സീനില്‍ തന്റെ കൂടെ നടന്നാലാണ് ഫോക്കസ് പോകുന്നതെന്നും അതിനാല്‍ തന്റെ പിന്നാലെ ക്യാമറ കൊണ്ടുവന്നാല്‍ മതിയെന്ന് മമ്മൂട്ടി തന്നോട് പറഞ്ഞെന്നും ഫായിസ് കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെ ഇത്രയും കാലത്തെ എക്‌സ്പീരിയന്‍സിന്റെ പുറത്താണ് ആ കാര്യം പറഞ്ഞതെന്നും അത് ഫോളോ ചെയ്തപ്പോള്‍ ഷോട്ട് ഓക്കെയായെന്നും ഫായിസ് പറഞ്ഞു. സില്ലി മോങ്ക്‌സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു ഫായിസ് സിദ്ദിഖ്.
‘ക്രിസ്റ്റഫറാണ് എന്റെ കരിയറില്‍ ഞാന്‍ ആദ്യമായി ചെയ്ത വലിയൊരു സിനിമ. ബജറ്റ് കൊണ്ടായാലും കാസ്റ്റ് കൊണ്ടായാലും അത് വലുതായിരുന്നു. ആ പടത്തില്‍ ഒരു ഷോട്ടുണ്ട്. ക്രെയിനില്‍ നിന്ന് ഒരു ഏരിയല്‍ ഷോട്ട് കാണിച്ചുകൊണ്ട് തുടങ്ങി അത് താഴേക്ക് വന്ന് പിന്നീട് പാസിങ് ഷോട്ടായി മാറുന്ന ഒരു സീനായിരുന്നു അത്. എടുത്തിട്ട് ശരിയാകാത്തതുകൊണ്ട് നാല് ടേക്ക് വരെ പോകേണ്ടി വന്നു.
എനിക്ക് കറക്ടായി ഫോക്കസ് പിടിക്കാന്‍ പറ്റാത്തതുകൊണ്ടാണ് അത് സംഭവിച്ചത്. മൂന്നാമത്തെ ഷോട്ടൊക്കെ പോകേണ്ടി വന്നാല്‍ മമ്മൂക്ക ചൂടാകുമെന്ന് സെറ്റിലുള്ള പലരും പറയുന്നത് കേട്ടിട്ടുണ്ട്. അതിന്റെ കാരണം എന്താണെന്ന് വെച്ചാല്‍, ഓരോ തവണ റീടേക്ക് പോകുമ്പോഴും ആ സീനിന് വേണ്ടി അവര്‍ സൂക്ഷിട്ടുവെച്ചിരിക്കുന്ന എനര്‍ജിയുടെ ലെവല്‍ കുറയും. അതുകൊണ്ടാണ് മമ്മൂക്കയൊക്കെ ചൂടാവുന്നത്.
ആ സമയത്ത് ഉണ്ണികൃഷ്ണന്‍ സാര്‍ വേറെ ഷോട്ട് എടുക്കാമെന്ന് പറഞ്ഞു. അത്രയും പേരുടെ മുന്നില്‍ വെച്ച് എനിക്കെന്തോ അപഹാസ്യനായതുപോലെ തോന്നി. ആ ഷോട്ട് തന്നെ എടുക്കാമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ മമ്മൂക്ക എന്നെ അടുത്തേക്ക് വിളിച്ചു. എന്നിട്ട് ‘എന്റെ കൂടെ ക്യാമറ കൊണ്ടുനടന്നാലാണ് പ്രശ്‌നമാകുന്നത്. എന്റെ തൊട്ടുപിന്നാലെ ക്യാമറ വെച്ചോ’ എന്ന് പുള്ളി സജസ്റ്റ് ചെയ്തു. അത് ഓക്കെയായി. ഇത്രയും കാലത്തെ എക്‌സപീരിയന്‍സിന്റെ പുറത്താണ് മമ്മൂക്ക അക്കാര്യം പറഞ്ഞത്,’ ഫായിസ് സിദ്ദിഖ് പറയുന്നു.
Content Highlight: Cinematographer Faiz Siddik shares the shooting experience of Christopher movie with Mammootty