സിനിമാറ്റോഗ്രാഫര്‍ ജോമോന്‍ ടി. ജോണിനോടൊപ്പം സഹ ക്യാമറമാനായാണ് അലക്‌സ് ജെ.പുളിക്കല്‍ മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. മലയാള സിനിമ ഫിലിം ക്യാമറകളില്‍ നിന്ന് ഡിജിറ്റല്‍ ക്യാമറകളിലേക്ക് മാറിയ മാറ്റം കൈകൊണ്ട് തൊട്ടറിഞ്ഞ വ്യക്തിയാണ് അലക്‌സ്. ഇന്ന് ആര്‍.ഡി. എക്‌സ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ സിനിമോട്ടോഗ്രാഫറായി എത്തി നില്‍ക്കുമ്പോള്‍, വന്ന വഴിയെ കുറിച്ച് ഓര്‍ക്കുകയാണ് അദ്ദേഹം. വിനീത് ശ്രീനിവാസനുമൊത്ത് തട്ടത്തിന്‍ മറയത്ത് സിനിമയില്‍ ഒരുമിച്ചു വര്‍ക്ക് ചെയ്തതിന്റെ ഓര്‍മകള്‍ റെഡ് എഫ്.എമ്മിനോട് പങ്കുവെക്കുകയാണ് അലക്‌സ്.
‘സ്റ്റിലില്‍ ഞാന്‍ ഒരുപാട് പേരെ അസിസ്റ്റ് ചെയ്തിട്ടുണ്ട്. സിനിമാറ്റോഗ്രാഫറായി സിനിമയില്‍ എത്തണമെന്നത് എന്റെ ഒരു വലിയ ആഗ്രഹമായിരുന്നു. സ്റ്റില്‍ ഫോട്ടോഗ്രാഫറില്‍ നിന്ന് ഒരു സിനിമാട്ടോഗ്രാഫറിലേക്ക് ഉയരാന്‍ വേണ്ടിയാണ് ഞാന്‍ ശ്രമിച്ചുകൊണ്ടിരുന്നത്. ജോമോന്‍ ചേട്ടനോട് ഞാന്‍ ഇടയ്ക്കിടയ്ക്ക് ചോദിക്കുമായിരുന്നു പുതിയ സിനിമകള്‍ ഏതെങ്കിലും ഉണ്ടോയെന്ന്. അടുത്ത വര്‍ക്കില്‍ തീര്‍ച്ചയായും നിന്നെയും കൂടെ കൂട്ടാമെന്ന് ജോമോന്‍ ചേട്ടന്‍ പറയുമായിരുന്നു.
അങ്ങനെയാണ് വിനീതേട്ടന്റെ തട്ടത്തിന്‍ മറയത്തില്‍ സഹ ക്യാമറമാനായി ഞാന്‍ കയറുന്നത്. അതായിരുന്നു എന്റെ ആദ്യ സിനിമ. പൂര്‍ണമായി ഫിലിമില്‍ ഷൂട്ട് ചെയ്ത സിനിമയായിരുന്നു അത്. തിരയും തട്ടത്തിന്‍ മറയത്തും ചെയ്തതിനുശേഷം ജോമോന്‍ ചേട്ടനൊപ്പം തമിഴിലും ഒരു സിനിമ ചെയ്തിരുന്നു. അതും ഫിലിമില്‍ തന്നെ എടുത്ത ചിത്രമാണ്.
തട്ടത്തിന്‍ മറയത്ത് പൂര്‍ണ്ണമായും ഫിലിമില്‍ എടുത്ത ചിത്രമായതുകൊണ്ട് തന്നെ റിഹേഴ്‌സിലുകള്‍ക്ക് ഒരു പരിധി ഉണ്ടായിരുന്നു. ചിത്രത്തില്‍ നിവിന്‍ പോളിയും ഇഷാ തല്‍വാറും കണ്ടുമുട്ടുന്ന സീന്‍ ഷൂട്ട് ചെയ്തത് വളരെ രസകരമായ ഒരു ഓര്‍മയാണ്. ആയിഷ എന്ന കഥാപാത്രം റോപ്പ് ഉപയോഗിച്ചുകൊണ്ടാണ് കോണിപ്പടിയില്‍ നിന്നും വീഴുന്നത്.
വിനിതേട്ടന്റെ കൊറിയോഗ്രഫിയുടെ ഭംഗി കൊണ്ടാണ് ആ സീന്‍ അത്രയും മനോഹരമായി മാറിയത്. വിനീതേട്ടന്‍ പറയുന്നത് കേള്‍ക്കാന്‍ തന്നെ നല്ല രസമാണ്. ഒരുപാട് ഫീലോടെയാണ് വിനിതേട്ടന്‍ കാര്യങ്ങള്‍ അവതരിപ്പിക്കുക. ആ ഫീല്‍ സെറ്റ് മുഴുവന്‍ നിറഞ്ഞു നില്‍ക്കും.അഭിനയിക്കുന്ന ആര്‍ട്ടിസ്റ്റിനാണെങ്കിലും ആ ഫീല്‍ അനുഭവപ്പെടും. ഒരു സീന്‍ വിവരിക്കുമ്പോള്‍ മ്യൂസിക്കെല്ലാം പ്ലേ ചെയ്ത് ആ മൂഡ് സൃഷ്ടിച്ചു കൊണ്ടാണ് വിനീതേട്ടന്‍ അവതരിപ്പിക്കുക.
‘നിവിനെ നീയിങ്ങനെ കയറി വരുമേ,കയറി വന്നിട്ട് പെട്ടെന്ന് ആയിഷ നിന്നെ തിരിഞ്ഞു നോക്കും. അപ്പൊള്‍ നീ തിരിഞ്ഞു നോക്കി വന്ന് ഇടിക്കണേ ‘ ഇങ്ങനെയാണ് വിനിതേട്ടന്‍ നിവിന് ആ സീന്‍ പറഞ്ഞ് കൊടുക്കുന്നത്. ഒരു സിനിമാറ്റോഗ്രാഫര്‍ എന്ന നിലയില്‍ ഞങ്ങളുടെ വര്‍ക്കിനെ വിനിതേട്ടന്റെ ആ വാക്കുകള്‍ വലിയ രീതിയില്‍ സഹായിക്കാറുണ്ട്. അത് കേള്‍ക്കാന്‍ തന്നെ മനോഹരമാണ്. അതുകൊണ്ട് ഷൂട്ട് ചെയ്യാന്‍ നല്ല രസമായിരുന്നു. അതുപോലെയുള്ള സംവിധായകരോടൊപ്പം വര്‍ക്ക് ചെയ്യുമ്പോഴാണ് ഏറ്റവും മികച്ച റിസള്‍ട്ട് നമുക്ക് കിട്ടുന്നത്,’അലക്‌സ് പറയുന്നു.
content highlights: Cinematographer Alex Pulikal talks about the scene in the movie Thattatin Marayat