സത്യം പറയൂ, നിങ്ങള്‍ സിനിമ കാണാന്‍ പോകുന്നത് എങ്ങനെയാണ്? കാറിലോ ബൈക്കിലോ എന്നല്ല ചോദിക്കുന്നത്. റിലീസ് ചെയ്യുന്ന എല്ലാ പടങ്ങളും പോയി കാണുന്ന വ്യക്തികളാണോയെന്നാണ്. വലിയ താരനിരകള്‍ ഉള്ള സിനിമയാണെങ്കിലും റിലീസ് ചെയ്ത അന്ന് തന്നെ എല്ലാവരും സിനിമ കാണാന്‍ പോകണമെന്നില്ല.
ടിക്കറ്റ് ചാര്‍ജ് പോലെ തന്നെ വെറുതെ കളയാനില്ലാത്ത ഒന്നാണ് സമയവും. 2, 2.30 മണിക്കൂര്‍, പ്രൊഡ്യൂസര്‍ ചിലവാക്കിയ പണം തിരിച്ചു കിട്ടിക്കോട്ടെയെന്ന് വിചാരിച്ച് സിനിമക്ക് കേറുന്നവര്‍ ഉണ്ടെന്ന് തോന്നുന്നില്ല. 2.30 മണിക്കൂര്‍ തിയേറ്ററില്‍ ഇരുന്ന് ആസ്വദിക്കാന്‍ വേണ്ടി തന്നെയാണ് എല്ലാരും സിനിമ കാണുന്നത്.
വളരെ ചെറിയ ബജറ്റില്‍ പുതുമുഖങ്ങളെയും താരപരിവേഷമില്ലാത്ത അഭിനേതാക്കളെയും വെച്ച് ഇന്ന് ഒരുപാട് സിനിമകള്‍ ഇറങ്ങുന്നുണ്ട്. അത്തരം സിനിമകള്‍, കൊള്ളാം, കാണാം പോകാമെന്ന് ആളുകള്‍ തീരുമാനിക്കുന്നത് പലപ്പോഴും കണ്ടിറങ്ങിയവരുടെ അഭിപ്രായങ്ങള്‍ അറിഞ്ഞാണ്. ഇനി ഇതൊക്കെ എന്തിനാണ് പറഞ്ഞത് എന്നതിലേക്ക് വരാം.
കഴിഞ്ഞ ദിവസം കൊച്ചിയില്‍ വെച്ച് നടന്ന ഫിലിം ചേംബറിന്റ യോഗത്തില്‍ തിയേറ്റര്‍ കോമ്പൗണ്ടില്‍ നിന്നും സിനിമാ റിവ്യൂകള്‍ എടുക്കുന്നത് വിലക്കാന്‍ ധാരണയായിരിക്കുകയാണ്. ഒരു സിനിമ കണ്ടിറങ്ങുന്നവരോട് സിനിമ എങ്ങനെയുണ്ടെന്ന് ചോദിക്കുന്നത് ഇത്ര വലിയ പാതകമാണോ? സിനിമ തങ്ങള്‍ക്ക് ഇഷ്ടപെട്ടിട്ടുണ്ടോ എന്നതില്‍ അവര്‍ തങ്ങളുടെ അഭിപ്രായം പറയും. അത്രയല്ലെ സംഭവിക്കുന്നുള്ളൂ.
ഇനിയിപ്പോള്‍ ഈ റിവ്യൂ കാണുന്നവര്‍ കണ്ണും പൂട്ടി ഒരാള്‍ പറയുന്ന അഭിപ്രായം കേട്ട് സിനിമ കാണാന്‍ പോകേണ്ട എന്ന് തീരുമാനിക്കുമോ. ആളുകള്‍ പറയുന്നത് ശരിയാണോ, കണ്ടിറങ്ങിയ ഭൂരിപക്ഷത്തിനും എന്താണ് അഭിപ്രായം എന്ന് മാത്രമെ നോക്കുകയുള്ളൂ. എന്നാലും സംവിധായകരോടും അഭിനേതാക്കളോടുമുള്ള വിശ്വസത്തിന്റെ പുറത്തും സിനിമ കാണാന്‍ പോകുന്നവരുണ്ട്.
ഇരട്ട സിനിമയുടെ പ്രസ്മീറ്റില്‍ വെച്ച് നടന്‍ ജോജു ജോര്‍ജ് അദ്ദേഹത്തിന്റെ ജോസഫ് സിനിമ വിജയമായതിനെക്കുറിച്ച് ഒരു കാര്യം പറഞ്ഞിരുന്നു. ജോസഫ് സിനിമ ഇറങ്ങിയ ആദ്യ ദിവസം പെരുമഴയും പിറ്റേ ദിവസത്തെ ഹര്‍ത്താലും കാരണം അന്ന് സിനിമ കാണാന്‍ വന്നവര്‍ കുറഞ്ഞു. വെറും ഒന്നേകാല്‍ ലക്ഷം രൂപയാണ് കളക്ഷന്‍ കിട്ടിയത്. എന്നാല്‍ അടുത്ത ദിവസങ്ങളിലായി കാണാന്‍ വന്നവര്‍ സിനിമയെക്കുറിച്ച് പരസ്പരം പറഞ്ഞ് കൂടുതല്‍ ആളുകള്‍ തിയേറ്ററില്‍ കയറി. ഒരു ലക്ഷത്തില്‍ നിന്ന് ആ ആഴ്ച 35 ലക്ഷത്തിലേക്ക് കളക്ഷന്‍ ഉയര്‍ന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞത്.
ചെറിയ ബജറ്റ് സിനിമയാണെന്നോ വമ്പന്‍ താരനിരകള്‍ ഉണ്ടോയെന്നൊന്നുമല്ല ഇന്ന് ആളുകള്‍ നോക്കുന്നത്. 150, 200 രൂപ കൊടുത്ത് 2,2.30 മണിക്കൂര്‍ തനിക്ക് ആസ്വദിക്കാനുള്ള എന്തെങ്കിലും ആ സിനിമയില്‍ ഉണ്ടോയെന്ന് മാത്രമാണ്. പല ചെറിയ ബജറ്റില്‍ ഇറങ്ങുന്ന വലിയ താരപരിവേഷമില്ലാത്ത ചിത്രങ്ങള്‍ പോലും വിജയിക്കുന്നത് അങ്ങനെയാണ്. നവാഗത സംവിധായകര്‍ക്കും പുതിയ താരങ്ങള്‍ക്കും ഇത്തരം റിവ്യൂസ് കൊണ്ട് ഗുണം ഉണ്ടായിട്ടുണ്ട്.
സിനിമയെ തകര്‍ക്കുകയെന്ന് ഉദ്ദേശത്തില്‍ റിവ്യൂ ചെയ്യുന്നവരെ പ്രേക്ഷകര്‍ക്ക് മനസിലാകും ഹേ… പിന്നെ നിങ്ങള്‍ ആരെയാണ് ഭയക്കുന്നത്. സിനിമ റിവ്യൂ ചെയ്യാന്‍ പാടില്ല, സിനിമയെക്കുറിച്ച് പഠിച്ചു മാത്രമെ അഭിപ്രായം പറയാന്‍ പാടുള്ളു, കൊറിയയില്‍ ഒന്നും ആരും വിമര്‍ശിക്കാറില്ല തുടങ്ങി ഘോരഘോരം പ്രസംഗിക്കുന്നത് ഒക്കെ എന്തിനാണ്.
അഭിപ്രായസ്വാതന്ത്രം വലിയ വെല്ലുവിളികള്‍ നേരിടുന്ന ഈ കാലത്ത് സിനിമയെക്കുറിച്ച് സ്വന്തം അഭിപ്രായം പറയാന്‍ പാടില്ലെന്നുള്ള തീരുമാനം ആര്‍ക്ക് വേണ്ടിയാണ്. തിയേറ്റര്‍ റിവ്യൂനോട് മാത്രമല്ല, സിനിമ റിവ്യൂ ചെയ്താല്‍ പോലും സംവിധായകര്‍ക്കും നടന്മാര്‍ക്കും വലിയ വെറുപ്പാണ്. സിനിമയെ തകര്‍ക്കുക എന്ന ഗൂഢ ലക്ഷ്യത്തിലാണ് ആളുകള്‍ റിവ്യൂ ചെയ്യുന്നത് എന്നൊക്കെയാണ് അവരുടെ വാദം.
സിനിമ ഇഷ്ടപ്പെടാം ഇഷ്ടപെടാതിരിക്കാം. ഒരാള്‍ വന്ന് പറഞ്ഞാല്‍ ബാക്കി മനുഷ്യന്മാരൊക്കെ അവരെ അന്ധമായി വിശ്വസിച്ച് കാണാതിരിക്കുമോ സൂര്‍ത്തുക്കളെ… കണ്ടവര്‍ അവരുടെ അഭിപ്രായം അല്ലെ പറയുന്നത്. എന്താ മാഷേ ഇവിടെ അഭിപ്രായം പറയാന്‍ പറ്റില്ലേ?
content highlight: cinema review and discussions