ഇനിയെങ്കിലും പ്രതികരിച്ചില്ലെങ്കില്‍, ഒരു മനുഷ്യനു വാസയോഗ്യമായ ഒരു ഭൂപ്രദേശമെങ്കിലും ബാക്കിയുണ്ടാവുമോ എന്നു സംശയമാണ് ; ദല്‍ഹി അക്രമത്തില്‍ പ്രതിഷേധവുമായി സിനിമാ പാരഡൈസോ ക്ലബ്ബ്
കൊച്ചി: ദല്‍ഹി അക്രമത്തില്‍ പ്രതിഷേധവുമായി ചലച്ചിത്രാസ്വാദകരുടെ സോഷ്യല്‍ മീഡിയ കൂട്ടായ്മയായ സിനിമ പാരഡൈസോ ക്ലബ്ബ്.
പൗരത്വ ഭേദഗതി നിയമ പ്രതിഷേധക്കാര്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന അക്രമത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതിഷേധവുമായി സി.പി.സി രംഗത്ത് എത്തിയത്.
ഭരണകൂടത്തിന്റെ വര്‍ഗീയ അജണ്ട നടപ്പിലാക്കാനായി മാത്രം രൂപംകൊടുത്ത ഒരു കരിനിയമത്തിനെതിരെ തെരുവിലിറങ്ങിയര്‍ നേരിടേണ്ടി വന്ന ഒറ്റപ്പെട്ടതും കൂട്ടായതുമായ ആക്രമണങ്ങളൊക്കെയും ഒരു വംശഹത്യ രൂപത്തിലേക്ക് മാറിക്കഴിഞ്ഞെന്നും മാധ്യമങ്ങളുടെ തെറ്റിധാരണ പരത്തലും ഭരണ’തീവ്രവാദ’കക്ഷി നേതാക്കളുടെ ഭീഷണികളും ഫലവത്താവുന്നില്ല എന്നുകണ്ടപ്പോള്‍ തങ്ങളുടെ അടിസ്ഥാന വര്‍ക്കിങ് പ്രിന്‍സിപ്പളിലേക്ക് തിരിയുകയാണ് ഈ കിരാത ഭരണകൂടവും അതിന്റെ അണികളെന്നും സി.പി.സി പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു.
ആദ്യഘട്ടത്തില്‍ ലക്ഷ്യം മുസ്‌ലീങ്ങളാണെന്നും മുസ്‌ലീം അവസാനിച്ചാല്‍ അടുത്തത് സ്വതന്ത്രചിന്തകരാണെന്നും സി.പി.സി അഭിപ്രായപ്പെട്ടു. പിന്നെ തങ്ങളുടെ പ്യൂരിറ്റന്‍ ആശയങ്ങള്‍ക്ക് വിഘാതമാവുന്ന ഓരോ ആശയവും ഓരോ കമ്യൂണിറ്റിയും ഇതുപോലെ തെരുവില്‍ കൊലചെയ്യപ്പെടുമെന്നും സി.പി.സി പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു.
ഇന്ത്യയെന്ന സെക്കുലര്‍ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ആശയങ്ങളെ അവര്‍ എന്നോ കുളംതോണ്ടി കഴിഞ്ഞെന്നും. ഇനി വരാന്‍ പോവുന്നത് ആധുനിക മനുഷ്യന്‍ എന്നോ ഉപേക്ഷിച്ച അന്ധമായ ഗോത്രീയ നിയമങ്ങളിലേക്കും കയ്യൂക്കില്‍ മാത്രം നിലനില്‍ക്കുന്ന നിയമ വ്യവസ്ഥിത്തിയിലേക്കുമുള്ള അനിവാര്യമായ കൂപ്പുകുത്തലാണെന്നും സി.പി.സി പറഞ്ഞു. നിശബ്ദത എന്നോ ഒരു ചോയിസല്ലാതായി മാറിക്കഴിഞ്ഞെന്നും സി.പി.സി അഭിപ്രായപ്പെട്ടു.
ഇനിയെങ്കിലും പ്രതികരിച്ചില്ലെങ്കില്‍ , ഒന്നു മുരടനക്കുകയെങ്കിലും ചെയ്തില്ലങ്കില്‍ രാജ്യമെന്ന്‌പോയിട്ട് ഒരു മനുഷ്യനു വാസയോഗ്യമായ ഒരു ഭൂപ്രദേശമെങ്കിലും ബാക്കിയുണ്ടാവുമോ എന്നു സംശയമാണെന്നും സിനിമാ പാരഡൈസോ ക്ലബ്ബ് പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു.