കാര്‍ഷിക നിയമത്തിന് പ്രശ്‌നങ്ങളില്ലേ?; അറിയാനും മനസിലാക്കാനുമുള്ള ഡോക്യുമെന്ററികളെ പരിചയപ്പെടുത്തി സിനിമാ പാരഡൈസോ ക്ലബ്
farmers march
കാര്‍ഷിക നിയമത്തിന് പ്രശ്‌നങ്ങളില്ലേ?; അറിയാനും മനസിലാക്കാനുമുള്ള ഡോക്യുമെന്ററികളെ പരിചയപ്പെടുത്തി സിനിമാ പാരഡൈസോ ക്ലബ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 4th December 2020, 9:17 pm

തിരുവനന്തപുരം: കേന്ദ്രം പാസാക്കിയ കാര്‍ഷിക ബില്ലിനെതിരെ രാജ്യതലസ്ഥാനത്ത് പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കപ്പെടുമ്പോള്‍ എന്താണ് സംഭവിക്കുക എന്ന് മനസിലാക്കാന്‍ സഹായിക്കുന്ന രണ്ട് ഡോക്യുമെന്ററികളെ പരിചയപ്പെടുത്തുകയാണ് സിനിമാ പാരഡൈസോ ക്ലബ്.

ഫൈസല്‍ കെ. എസ് എന്നയാളുടെ കുറിപ്പാണ് സിനിമാ പാരഡൈസോ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചത്.

‘പുതിയ കര്‍ഷക ബില്ലിന് എന്താണ് കുഴപ്പം? കോര്‍പ്പറേറ്റുകള്‍ കാര്‍ഷിക മേഖലയിലേക്ക് വരുന്നത് കര്‍ഷകര്‍ക്ക് നല്ലതല്ലേ, ആധുനിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയുള്ള കൃഷി രീതികള്‍ വന്നാല്‍ അത് രാജ്യത്തിനും കര്‍ഷകര്‍ക്കും ഗുണകരമാവില്ലേ എന്നൊക്കെ ചിന്തിക്കുന്നവര്‍ ഒരുപാടുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ എന്തായിരിക്കും സംഭവിക്കുക എന്നറിയാന്‍ സമാനമായ നിയമങ്ങള്‍ നിലവിലുള്ള രാജ്യങ്ങളിലെ കര്‍ഷകരുടെ അവസ്ഥ നോക്കിയാല്‍ മതിയല്ലോ. അതിന് പറ്റിയ രണ്ട് ഡോക്യുമെന്ററികളാണ് 2010ല്‍ ഇറങ്ങിയ ഫൂഡ് ഇന്‍ക് , 2014ല്‍ ഇറങ്ങിയ ഫൂഡ് ചെയിന്‍സ്,’ കുറിപ്പില്‍ വിശദീകരിക്കുന്നു.

ഇരു ഡോക്യുമെന്ററികളെക്കുറിച്ചുള്ള വിവരണങ്ങളും സിനിമാ പാരഡൈസോ ക്ലബ് പങ്കുവെക്കുന്നുണ്ട്.

ഫൂഡ് ഇന്‍ക് (2010)

കഴിഞ്ഞ അമ്പത് വര്‍ഷങ്ങള്‍ കൊണ്ട് മാറിയ നമ്മുടെ ഭക്ഷണശീലങ്ങള്‍, അതിന് മുന്‍പത്തെ അഞ്ഞൂറ് വര്‍ഷങ്ങള്‍ കൊണ്ടുണ്ടായ മാറ്റങ്ങളേക്കാള്‍ വളരേ വലുതാണ്. ഫാസ്റ്റ്ഫുഡ് ചെയിനുകള്‍, സൂപ്പര്‍മാര്‍ക്കറ്റ് കള്‍ച്ചര്‍ എന്നിവ ആളുകളുടെ ഭക്ഷണക്രമത്തില്‍ ഉണ്ടാക്കിയ മാറ്റം എളുപ്പത്തില്‍ കാണാവുന്നതേയുള്ളൂ, എന്നാല്‍ അതിനൊപ്പം തന്നെ ഇതുണ്ടാക്കിയ വേറെയും കുറേ മാറ്റങ്ങളുണ്ട്, ഒരുപക്ഷേ നാം അറിയാത്തവ, അല്ലെങ്കില്‍ കണ്ടില്ലെന്ന് നടിക്കുന്നവ. എങ്ങനെയാണ് മാറിയ ഭക്ഷണ സംസ്‌കാരം കര്‍ഷകരെ ബാധിച്ചത്, കൃഷിയെ ബാധിച്ചത് എന്നൊക്കെയാണ് റോബര്‍ട്ട് കെന്നറുടെ ‘ഫൂഡ് ഇന്‍ക്.’ സംസാരിക്കുന്നത്
കോര്‍പ്പറേറ്റ് ഫാമിംഗിന്റെ വിവിധ മുഖങ്ങള്‍ നമ്മളെ പരിചയപ്പെടുത്തുന്നുണ്ട് ഈ ഡോക്യുമെന്ററി. ഒന്നാമത്തേത് സൂപ്പര്‍മാര്‍ക്കറ്റുകളെ പറ്റിയാണ്, ആയിരക്കണക്കിന് പ്രൊഡക്റ്റുകള്‍ വില്‍പ്പനക്ക് വെച്ചിട്ടുള്ള സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഇത്രയധികം വൈവിധ്യമാര്‍ന്ന വസ്തുക്കളോ എന്ന് ഇല്ലൂഷന്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത് എന്നാണ് ആദ്യം പറയുന്നത്.

വെറും നാലേ നാല് കമ്പനികളാണ് 80% ഫുഡ്‌പ്രൊഡക്റ്റുകളും വിപണിയില്‍ ഇറക്കുന്നത്. ഫാമുകളില്‍ നിന്നല്ല അവയൊന്നും വരുന്നത്, മറിച്ച്, ‘ഫാമുകള്‍’ എന്ന് തോന്നാവുന്ന കോര്‍പറേറ്റ് ഫാക്ടറികളില്‍ നിന്നാണ്. പേറ്റന്റ് നിയമങ്ങള്‍ ഉപയോഗിച്ചും, ഗുണ്ടായിസം കാട്ടിയും, നിയമങ്ങള്‍ വിലക്കെടുത്തും കുത്തക കമ്പനികള്‍ വളര്‍ന്നു. അമേരിക്കയിലെ ഫുഡ് പ്രോഡക്ടുകള്‍ ഏതാണ്ട് മുഴുവനായി തന്നെ വെറും നാല് കമ്പനികള്‍ നിയന്ത്രിക്കുന്ന സ്ഥിതിയിലേക്ക് എത്തിയത് എങ്ങനെന്നും, രാജ്യത്തെ കര്‍ഷകരെ മുഴുവന്‍ അവരെങ്ങനെ അടിച്ചമര്‍ത്തിയെന്നുമൊക്കെ വിശദീകരിക്കുന്ന ഒരു ക്ലാസിക് ഡോക്യുമെന്ററി.

ഫൂഡ് ചെയിന്‍ (2014)

സഞ്ജയ് രാവല്‍ എന്ന ഇന്ത്യക്കാരന്‍ സംവിധാനം ചെയ്ത ഒരു ഡോക്യുമെന്ററിയാണ്. ഫ്‌ളോറിഡയില്‍ നടന്നൊരു കര്‍ഷക സമരത്തിന്റെ വിവരണങ്ങളിലൂടെ, എങ്ങനെയാണ് കോര്‍പ്പറേറ്റുകള്‍ അമേരിക്കന്‍ കാര്‍ഷിക മേഖലയെ തകര്‍ത്തതെന്നും, ഒരു വശത്ത് കോടികള്‍ ലാഭം കൊയ്യുകയും, അതിന് വേണ്ടി വിയര്‍പ്പൊഴുക്കുന്ന തൊഴിലാളികളെ ചൂഷണം ചെയ്ത് ദാരിദ്ര്യത്തിലേക്ക് തള്ളിയിടുന്നതെന്നും കാണിക്കുകയാണ്.

വര്‍ഷത്തില്‍ എല്ലാ ദിവസവും ഓഫറുകള്‍ കൊടുക്കുന്ന, മറ്റേത് കടകളെക്കാളും വിലക്കുറവില്‍ സാധനങ്ങള്‍ (കാര്‍ഷിക വിഭവങ്ങള്‍) നല്‍കുന്ന വമ്പന്‍ റീട്ടെയില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് എങ്ങനെയാണ് ഇത് സാധ്യമാകുന്നത് എന്നൊരു ചോദ്യമുണ്ട്. അവര്‍ നേരിട്ട് കാര്‍ഷിക മേഖലയില്‍ ഇടപെടുന്നു എന്നതാണ് ഉത്തരം. ഇടപെടുക എന്നാല്‍ അവര്‍ കൃഷി ചെയ്യുന്നുവെന്നോ, കൃഷിയില്‍ ഇന്‍വെസ്റ്റ് ചെയ്യുന്നു എന്ന് ധരിക്കരുത്, പകരം കോണ്ട്രാക്റ്റ് ഫാമിംഗ് നടത്തുകയാണ്. തീര്‍ത്തും ഏകപക്ഷീയമായ വ്യവസ്ഥകള്‍ വെച്ചുകൊണ്ട് കര്‍ഷകരുമായി കമ്പനി കരാറുകളില്‍ ഏര്‍പ്പെടുന്നു.

കൃഷിയെക്കുറിച്ച് നമുക്കറിയാം, വളരേ റിസ്‌ക് ഉള്ള ഒരു പരിപാടിയാണ്, കാലാവസ്ഥ മുതല്‍ നൂറായിരം കാര്യങ്ങളാല്‍ ബാധിക്കപ്പെടാവുന്ന, ധാരാളം ഇന്‍വെസ്റ്റ്മെന്റ് ആവശ്യമായുള്ള ഒരു കാര്യം. തുടര്‍ച്ചയായി ലാഭം മാത്രം കിട്ടുക എന്നതൊരു സ്വെപ്നം മാത്രമാണ്. എല്ലാ കാര്യങ്ങളും കൃത്യമായി നടക്കുകയും, നല്ല വിളവ് കിട്ടുകയും ചെയ്താല്‍ കിട്ടിയേക്കാവുന്ന ലാഭത്തിന് വേണ്ടി ചൂഷണം ചെയ്യപ്പെടുന്നത് ഏറ്റവും താഴെത്തട്ടില്‍ അധ്വാനിക്കുന്ന തൊഴിലാളിയാണ്. അവരുടെ വേതനം രാജ്യത്തിലെ ഏറ്റവും കുറഞ്ഞതാകുന്നു. മറുവശത്ത് റീട്ടെയില്‍ ഭീമന്മാരുടെ ലാഭം ഓരോ വര്‍ഷവും കോടികളുടെ ടേണോവറുമായി മുകളിലേക്ക് മാത്രമാണ് പോകുന്നത് എന്നോര്‍ക്കണം. കൃഷിയില്‍ ഉണ്ടാകുന്ന ഒരു നഷ്ടവും അവരെ ബാധിക്കുന്നതേയില്ല. എന്തിനാണ് ഇത്ര കഷ്ടപ്പെട്ട് സഹിച്ച് കമ്പനികള്‍ക്ക് വേണ്ടി നില്‍ക്കുന്നത് എന്ന് ന്യായമായും തോന്നാം, വേറെ വഴിയില്ലാത്തത് കൊണ്ടാണ് എന്നാണ് ഉത്തരം.

എക്കണോമിക്‌സില്‍ ‘മോണോപ്‌സോണി’ (Monoposny) എന്നൊരു അവസ്ഥയുണ്ട്. മോണോപ്പൊളിയുടെ ഓപ്പോസിറ്റ്. ഒരുപാട് വില്പനക്കാര്‍, വാങ്ങാന്‍ ഒരേയൊരു ആള്‍ മാത്രമുള്ള അവസ്ഥ. അവിടെ മാര്‍ക്കറ്റ് കണ്ട്രോള്‍ മുഴുവന്‍ വാങ്ങുന്ന ആളുടെ കയ്യിലായിരിക്കും. കാര്‍ഷിക മേഖലയില്‍ കോര്‍പ്പറേറ്റുകള്‍ സൃഷ്ടിക്കുന്നത് ഈ അവസ്ഥയാണ്. ഒരുപാട് കര്‍ഷകര്‍, എന്നാല്‍ പ്രൊഡക്റ്റ് വാങ്ങുന്നത് മുഴുവന്‍ ഒന്നോ രണ്ടോ കമ്പനികള്‍ എന്ന അവസ്ഥ. ഒരൊറ്റ രാത്രികൊണ്ട് ഉണ്ടായ സ്ഥിതിയല്ല, മറിച്ച് കുത്തക കമ്പനികളോട് പിടിച്ച് നില്‍ക്കാന്‍ പറ്റാതെ ചെറിയ ചെറിയ കമ്പനികള്‍ ഒക്കെ പൂട്ടി വമ്പന്മാര്‍ മാത്രം ബാക്കിയായ ശേഷം ഉണ്ടാകുന്ന അവസ്ഥയാണ്. (ജിയോ വന്നതിന് ശേഷം പൂട്ടിപ്പോയ ടെലികോം കമ്പനികളെ ഓര്‍ക്കാം) പിന്നീട് കമ്പനിയുടെ ആവശ്യങ്ങള്‍ മീറ്റ് ചെയ്യുന്ന തരത്തില്‍ കൃഷി ചെയ്യേണ്ടത് കര്‍ഷകരുടെ ബാധ്യതയായി മാറുകയാണ്, അവര്‍ക്ക് വേറെ ഓപ്ഷനില്ലാതെ വരുന്നു.

ഫ്‌ലോറിഡയിലെ തക്കാളി തോട്ടങ്ങളിലെ തൊഴിലാളികളുടെ അവസ്ഥ വെച്ച്, ഈ ഡോക്യുമെന്ററി ലോകമെങ്ങുമുള്ള കര്‍ഷക തൊഴിലാളി ചൂഷണങ്ങളെ കുറിച്ചാണ് പറയുന്നത്. ഒപ്പം തൊഴിലിടങ്ങളില്‍ നടക്കുന്ന സ്ത്രീ പീഡനങ്ങള്‍, മൈഗ്രന്റ് തൊഴിലാളികളോടുള്ള വിവേചനങ്ങള്‍ തുടങ്ങിയ വിഷയങ്ങളും മുന്നിലേക്ക് വെക്കുന്നുണ്ട്. ഏവരും കണ്ടിരിക്കേണ്ട രണ്ട് ഡോക്യുമെന്ററികള്‍.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlight: Cinema Paradiso Club introduces documentaries that how effect Farmers laws