| Sunday, 27th December 2020, 11:32 pm

'ഇന്ത്യാ മഹാരാജ്യത്ത് മുസ്‌ലിമിന് തിരക്കഥയെഴുതാന്‍ സാധിക്കില്ലെ'? വര്‍ത്തമാനത്തിന് പ്രദര്‍ശാനുമതി നിഷേധിച്ചതില്‍ സിനിമ പാരഡൈസോ ക്ലബ്ബ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
 തിരുവനന്തപുരം:സിദ്ധാര്‍ത്ഥ് ശിവയുടെ സംവിധാനത്തില്‍ പാര്‍വതി നായികയായെത്തുന്ന വര്‍ത്തമാനം എന്ന ചിത്രത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ പ്രതികരണവുമായി സിനിമാ പാരഡൈസോ ക്ലബ്. വെള്ളരിക്കാപ്പട്ടണം എന്ന അവസ്ഥയിലേക്കാണ് മീഡിയ/ ആര്‍ട്സ് സെന്‍സറിംഗ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് സി.പി.സിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

‘മുസ്ലിമിനു ഇന്ത്യ മഹാരാജ്യത്തു സിനിമ തിരക്കഥ എഴുതാന്‍ സാധിക്കില്ലേ? സര്‍ക്കാരിന് എതിരെ സമരം ചെയ്തവരുടെ കഥ സിനിമ ആക്കുന്നത് രാജ്യ ദ്രോഹം ആവുന്നത് എങ്ങനെയാണ്?. രാജ്യത്തു സിനിമ സെന്‍സറിംഗ് എന്നത് ഫാസിസ്റ്റുകള്‍ക്കു തങ്ങളുടെ അജണ്ട കുത്തിവയ്ക്കാനുള്ള ഉപാധി ആയി തീരുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത് ഒരു കല/സിനിമ പ്രേമിക്കും എന്നു വേണ്ട പൊതുജനത്തിന് പോലും നോക്കി നില്‍ക്കാനാവുന്ന കാര്യമല്ല’, ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

സിനിമയുടെ വിഷയം ജെ.എന്‍.യു ദളിത് പീഡനമായതിനാല്‍ എതിര്‍ക്കപ്പെടേണ്ടതാണെന്ന് പറഞ്ഞ് ട്വിറ്ററില്‍ രംഗത്തെത്തിയ അഡ്വ. സന്ദീപ് കുമാറിനെതിരെയും പോസ്റ്റില്‍ വിമര്‍ശനമുയരുന്നു. ബി.ജെ.പി എസ്.സി മോര്‍ച്ച സ്റ്റേറ്റ് പ്രസിഡന്റാണ് ഇദ്ദേഹമെന്നും ഇതില്‍ നിന്നും വര്‍ത്തമാനം സിനിമയ്ക്ക് പ്രദര്‍ശാനുമതി നിഷേധിച്ചതില്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാണെന്നും പോസ്റ്റില്‍ പറയുന്നു.

വര്‍ത്തമാനം എന്ന ചിത്രം ദേശവിരുദ്ധമാണെന്നും മതസൗഹാര്‍ദ്ദത്തെ തകര്‍ക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിന് അനുമതി നിഷേധിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ജെ.എന്‍.യു, കശ്മീര്‍ വിഷയങ്ങള്‍ പ്രതിപാദിക്കുന്നതും പ്രദര്‍ശനം തടയാന്‍ കാരണമായെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

കൂടുതല്‍ പരിശോധനക്കായി ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് അയച്ചിരിക്കുകയാണെന്നാണ് സെന്‍സര്‍ ബോര്‍ഡ് അറിയിച്ചിട്ടുള്ളത്. സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ തീരുമാനമെടുക്കും വരെ ചിത്രം പ്രദര്‍ശിപ്പിക്കാനാവില്ല.

അതേസമയം ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് അയച്ചതായുള്ള അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് നിര്‍മ്മാതാക്കളില്‍ ഒരാള്‍ അറിയിച്ചതായി 24ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പാര്‍വതി തിരുവോത്തിനെ കൂടാതെ റോഷന്‍ മാത്യുവും സിദ്ദീഖുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബിജിപാല്‍ പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത് അളഗപ്പന്‍ നാരായണനാണ്. ആര്യാടന്‍ നാസര്‍, ബെന്‍സി നാസര്‍ എന്നിവരാണ് വര്‍ത്തമാനം നിര്‍മ്മിക്കുന്നത്.

സിനിമ പാരഡൈസോ ക്ലബ്ബിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

സെന്‍സര്‍ ബോര്‍ഡ് അംഗം എന്നു പരിചയപ്പെടുത്തുന്ന അറ്. V Sandeep Kumar എന്നൊരു വ്യക്തി ട്വിറ്ററില്‍ താന്‍ ‘വര്‍ത്തമാനം’ എന്നൊരു സിനിമ സെന്‍സറിങ്ങിനായി കണ്ടു എന്നും ‘ആര്യാടന്‍ ഷൗക്കത്’ എന്ന ‘മുസ്ലിം’, തിരക്കഥ എഴുതിയ (നിര്‍മാതാവും ആയ) സിനിമ ആയതു കൊണ്ട് സിനിമ രാജ്യ വിരുദ്ധമാണ് എന്നും ആ കാരണത്താല്‍ സിനിമയെ എതിര്‍ത്തു എന്നും പങ്കുവയ്ക്കുന്നു. കൂടാതെ സിനിമയുടെ വിഷയം ഖചഡ ദളിത് പീഡനം ആയതു കൊണ്ട് കൂടി ഇതു എതിര്‍ക്കപ്പെടേണ്ട സിനിമ ആണെന്നും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. അദ്ദേഹം ബി.ജെ.പി ടഇ മോര്‍ച്ച സ്റ്റേറ്റ് പ്രസിഡന്റ് ആണെന്നാണ് പ്രൊഫൈലില്‍ നിന്നു അറിയാന്‍ കഴിയുന്നത്.

ഇന്നിപ്പോള്‍ ‘വര്‍ത്തമാനം’ എന്ന സിനിമയ്ക്കു പ്രദര്‍ശനാനുമതി നിഷേധിച്ചിരിക്കുന്നു. എന്താണ് സംഭവിച്ചത് എന്നു വ്യക്തമാണല്ലോ.
‘വെള്ളരിക്കാപട്ടണം’ എന്നു അക്ഷരം തെറ്റാതെ വിളിക്കാവുന്ന അവസ്ഥയിലേക്കാണ് മീഡിയ/ആര്‍ട് സെന്‌സറിങ് രാജ്യത്തു നീങ്ങിക്കൊണ്ടിരിക്കുന്നത്. മുസ്ലിമിനു ഇന്ത്യ മഹാരാജ്യത്തു സിനിമ തിരക്കഥ എഴുതാന്‍ സാധിക്കില്ലേ? സര്‍ക്കാരിന് എതിരെ സമരം ചെയ്തവരുടെ കഥ സിനിമ ആക്കുന്നത് രാജ്യ ദ്രോഹം ആവുന്നത് എങ്ങനെയാണ്?. രാജ്യത്തു സിനിമ സെന്‌സറിങ് എന്നത് ഫാസിസ്റ്റുകള്‍ക്കു തങ്ങളുടെ അജണ്ട കുത്തിവയ്ക്കാനുള്ള ഉപാദി ആയി തീരുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത് ഒരു കല/സിനിമ പ്രേമിക്കും എന്നു വേണ്ട പൊതുജനത്തിന് പോലും നോക്കി നില്‍ക്കാനാവുന്ന കാര്യമല്ല.

സിദ്ധാര്‍ഥ് ശിവയുടെ സംവിധാനത്തില്‍ പുറത്തു വരാനിരുന്ന ‘വര്‍ത്തമാനം’ എന്ന സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച സംഭവത്തില്‍ സീ.പി.സി ശക്തമായി അപലപിക്കുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights; Cinema Paradiso Club Facebookpost

We use cookies to give you the best possible experience. Learn more