സില്‍ക്ക് സ്മിത ഒരു ശരീരം മാത്രമായിരുന്നോ?…
Daily News
സില്‍ക്ക് സ്മിത ഒരു ശരീരം മാത്രമായിരുന്നോ?…
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 23rd September 2011, 5:38 pm


സില്‍ക്ക് സ്മിത അംഗീകരിക്കപ്പെട്ടത് അവരുടെ മരണ ശേഷം മാത്രമാണ്. അവരെപ്പറ്റി കവിതയുണ്ടായതും, ലേഖനങ്ങള്‍ ഉണ്ടായതും മാധ്യമങ്ങള്‍ അവരെ വാഴ്ത്തിയതും അവരെപ്പറ്റി പഠനങ്ങള്‍ വന്നതുമൊക്കെ മരണ ശേഷമാണ്. അവര്‍ക്ക് ശേഷം വന്ന നടിമാരുടെയും സ്ഥിതി വ്യത്യസ്തമല്ല.


 

വശ്യമായ തന്റെ കണ്ണുകള്‍ കൊണ്ട് ആരാധകരുടെ ഉറക്കം കെടുത്തിയ നടി. കറുത്തു മെലിഞ്ഞ ആ പെണ്‍കുട്ടിയുടെ കണ്ണുകളില്‍ അപാരമായ വശ്യത കണ്ട് സംവിധായകന്‍ വിനു ചക്രവര്‍ത്തിയാണ് സ്മിതയെ സിനിമയിലേക്ക് കൊണ്ടു വന്നത്. എണ്‍പതുകളുടെ തെന്നിന്ത്യന്‍ യുവത്വം സില്‍ക്ക് സ്മിതയെ പ്രതിഷ്ഠിച്ചത് അവരുടെ ഹൃദയത്തിലാണ്. സില്‍ക്ക് കടിച്ച ആപ്പിള്‍ ലേലത്തിന് വാങ്ങാന്‍ ആരാധകര്‍ തിക്കും തിരക്കും കൂട്ടി. സില്‍ക്കിന്റെ സാന്നിധ്യം പല സിനിമകളുടെയും ഗതി നിര്‍ണ്ണയിച്ചു.

എന്നാല്‍ സിനിമക്ക് സില്‍ക്ക് സ്മിതയുടെ ശരീരത്തെ മാത്രം മതിയായിരുന്നു. സിനിമാ വ്യവസായം സില്‍ക്കിനെ ആഘോഷിച്ചപ്പോള്‍ ജീവിതം അവരെ ഒറ്റപ്പെടുത്തി. സില്‍ക്കിന്റെ ശരീരത്തെ ആഘോഷിച്ച സിനിമാ വ്യവസായം തന്നെ അവരെ അശ്ലീലമെന്ന് പറഞ്ഞ് ജീവിതത്തില്‍ നിന്ന് മാറ്റിനിര്‍ത്തി. ഒടുവില്‍ ചെന്നൈയിലെ ഫ്‌ളാറ്റില്‍ അവരെ മരിച്ച നിലയില്‍ കണ്ടെത്തി. ആ മരണത്തോടു പോലും സിനിമാ ലോകം അയിത്തം കാണിച്ചു. അന്ന് ചെന്നൈയിലുണ്ടായിരുന്ന സൂപ്പര്‍ സ്റ്റാറുകള്‍ സില്‍ക്കിന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തില്ല. സില്‍ക്കിന്റെ മൃതദേഹം കാണുന്നത് പോലും കെട്ടിയുണ്ടാക്കിയ തങ്ങളുടെ ഇമേജിനെ പൊളിക്കുമെന്ന് അവര്‍ കരുതി. ഡൂള്‍ന്യൂസ് ലഞ്ച് ബ്രേക്ക് ചര്‍ച്ച ചെയ്യുന്നു. സില്‍ക്ക് സ്മിതയോട് സിനിമാ ലോകം നീതി കാണിച്ചോ?…


പ്രേംചന്ദ് (ചിത്രഭൂമി അസിസ്റ്റന്റ് എഡിറ്റര്‍)

സില്‍ക്ക് സ്മിതയോട് സിനിമാലോകം നീതി പുലര്‍ത്തിയിട്ടില്ല. അവര്‍ ആത്മഹത്യ ചെയ്യേണ്ട അവസ്ഥ ഉണ്ടാക്കുകയായിരുന്നു സിനിമ ലോകം. അവര്‍ക്കൊരിക്കലും അര്‍ഹിക്കുന്ന പരിഗണന ലഭിച്ചിട്ടില്ല. സില്‍ക്ക് സിനിമയെ മുന്‍നിര്‍ത്തി മാത്രം ഈ വിഷയത്തെ കാണരുത്. ഇപ്പോഴും നായികമാരോടും നടിമാരോടും സിനിമാ ലോകം അവഗണനയോടെയാണ് പെരുമാറുന്നത്. നടിമാരോട് മാത്രമല്ല ഗായികമാരോടും മറ്റു സിനിമാ സംബന്ധിയായി ജോലി ചെയ്യുന്ന സ്ത്രീകളോട് എല്ലാം ഈ അനീതി നിലനില്‍ക്കുന്നുണ്ട്.

ആരെങ്കിലും ഈ അനീതിയെ മറികടന്നു വളര്‍ന്നു വന്നിട്ടുണ്ടെങ്കില്‍ അത് സ്വന്തം കഴിവുകൊണ്ട് മാത്രമാണ്. കൂലിയുടെ കാര്യത്തിലായാലും അവര്‍ നേടുന്ന അധികാരത്തിന്റെ കാര്യത്തില്‍ ആയാലും സിനിമാ വ്യവസായത്തില്‍ സ്ത്രീകള്‍ക്ക് അര്‍ഹിക്കുന്നത് കിട്ടിയിട്ടില്ല എന്നുള്ളത് നമുക്ക് കാണാവുന്നതേയുള്ളൂ. അതിന്റെ കാരണം ഈ മേഖല അടിസ്ഥാനപരമായി പുരുഷ ഇടമാണ് എന്നുള്ളതാണ്. ലിംഗസമത്വമോ ലിംഗ നീതിയോ അവിടെയില്ല. സില്‍ക്ക് സ്മിത ഒരു ചേരുവ എന്ന നിലയ്ക്ക് ഒരു കാലത്ത് പ്രധാനമായിരുന്നു. അവരെ വ്യവസായം എങ്ങനെ വിറ്റു എന്നതിന് ഫോക്കസ് കൊടുക്കേണ്ട കാര്യമില്ല. സില്‍ക്ക് സ്മിതയുടെ യഥാര്‍ത്ഥ ശബ്ദം എന്തായിരുന്നു എന്ന് മലയാള സിനിമയ്ക്ക് അറിയുമോ? ഡബ് ചെയ്ത ശബ്ദം മാത്രമായിരുന്നു സില്‍ക്ക് സ്മിതയ്ക്ക്. നമ്മുടെ നടിമാരില്‍ മിക്കവരും ഇന്നും ഡബ് ശബ്ദത്തിലാണ് അറിയപ്പെടുന്നത്.

സില്‍ക്ക് സ്മിത അംഗീകരിക്കപ്പെട്ടത് അവരുടെ മരണ ശേഷം മാത്രമാണ്. അവരെപ്പറ്റി കവിതയുണ്ടായതും, ലേഖനങ്ങള്‍ ഉണ്ടായതും മാധ്യമങ്ങള്‍ അവരെ വാഴ്ത്തിയതും അവരെപ്പറ്റി പഠനങ്ങള്‍ വന്നതുമൊക്കെ മരണ ശേഷമാണ്. അവര്‍ക്ക് ശേഷം വന്ന നടിമാരുടെയും സ്ഥിതി വ്യത്യസ്തമല്ല. ഏറ്റവുമൊടുവില്‍ കോഴിക്കോട് ശാന്താദേവി എന്ന നടിയുടെ അവസ്ഥ നാം കണ്ടതാണ്. 50 വര്‍ഷത്തോളം സിനിമാ വ്യവസായത്തില്‍ പ്രവര്‍ത്തിച്ച അവരോടു എന്തു നീതിയാണ് ഒടുവില്‍ സിനിമാ വ്യവസായംകാണിച്ചത്? മരിക്കാറായ സമയത്ത് ആരും തിരിഞ്ഞു നോക്കിയില്ല. ആശുപത്രിയില്‍ക്കിടന്നു പുഴുത്ത് നരകിച്ചാണ് മരിച്ചത്. വ്യക്തിബന്ധമുള്ള ടി.എ റസാക്കിനെപ്പോലെ ചിലര്‍ സഹായിച്ചതാണ് ആകെയുള്ളത്. അല്ലാതെ അഞ്ചു പൈസയുടെ സഹായം സിനിമാ ലോകത്തുനിന്നും ആരും ചെയ്തിട്ടില്ല.

അപ്പോള്‍ നടിമാരെ സംബന്ധിച്ച് ഈ രണ്ട് എക്‌സ്ട്രീം സാധ്യതകള്‍ ആണുള്ളത്, ഒന്നുകില്‍ ഈ വ്യവസായത്തിന്റെ ഭാഗമായി ഗ്ലാമര്‍ ലോകത്ത് ജീവിച്ചു ഒടുവില്‍ അവഗണിക്കപ്പെട്ടു മരിക്കുക., അല്ലെങ്കില്‍ അതിനു നില്‍ക്കാതെ നേരത്തെ ആത്മഹത്യ ചെയ്യുക.

സിനിമാ രംഗത്തെ സംഘടനകള്‍ ലിംഗനീതിയുടെ കാര്യത്തില്‍ ഒന്നും ചെയ്യുന്നില്ല. അവരുടെ അധികാരം ഉറപ്പിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാത്രമേയുള്ളൂ.. പേരിനു ചില സഹായങ്ങളും മറ്റും ചെയ്യുന്നുണ്ട്. കോടിക്കണക്കിനു രൂപ മറിയുന്ന സിനിമാലോകത്ത് എത്രരൂപയാണ് ഇത്തരക്കാരെ സഹായിക്കാന്‍ ചെലവഴിക്കുന്നത്? മോഹന്‍ലാലും മമ്മൂട്ടിയും പ്രിഥ്വിരാജുമൊക്കെ ഒരു അഞ്ച് കോടി രൂപ നീക്കിവെച്ചാല്‍ ഇത്തരം ആളുകളെ സഹായിക്കാവുന്നതെ ഉള്ളൂ. കോടികള്‍ കള്ളപ്പണം സൂക്ഷിക്കുന്നവരും ഇത്തരം ശ്രമങ്ങള്‍ നടത്തുന്നില്ല.

ടി.എന്‍.സീമ, മുന്‍ സി.പി.ഐ.എം രാജ്യസഭാ അംഗം

സിനിമാ ലോകം ഒരു നടിയോട് കാണിക്കേണ്ട നീതി ഒരിക്കലും സില്‍ക് സ്മിതയോട് കാണിച്ചിട്ടില്ല. അവരുടെ ശരീരത്തെ ഉപയോഗപ്പെടുത്തുകയും ചൂഷണം ചെയ്യുകയുമായിരുന്നു സിനിമാ ലോകം. സില്‍ക് സ്മിത ഒരു നല്ല നടിയായിരുന്നു. അഭിനയ സാധ്യതകളുള്ള വേഷങ്ങള്‍ അവര്‍ക്ക് ലഭിച്ചിരുന്നില്ല. ശരീരപ്രദര്‍ശനങ്ങളായിരുന്നു കൂടുതലും. ഇതിന്റെ പേരില്‍ സാമ്പത്തിക ലാഭമുണ്ടാക്കിയവരാരും പിന്നീട് അവരെ തിരിഞ്ഞു നോക്കിയിട്ടില്ല.

ഇതിലെല്ലാം മടുത്തിട്ടാവണം അവര്‍ ചെറുപ്പത്തില്‍ തന്നെ ജീവിതം അവസാനിപ്പിച്ചത്. സിനിമ എല്ലാ കാലത്തും ചെയ്തതും ഇപ്പോഴും ചെയ്തു കൊണ്ടിരിക്കുന്നതും ഇതു തന്നെയാണ്. സില്‍ക് സ്മിതക്ക് ശേഷം ഇവര്‍ ഷക്കീലയെ കൊണ്ട് വന്നു. ഇപ്പോള്‍ നായികമാര്‍ തന്നെ മേനിപ്രദര്‍ശനത്തിനും ഐറ്റം ഡാന്‍സിനുമെല്ലാം തയ്യാറാകുന്നു.
സിനിമ നടിയോട് ചെയ്യുന്നതല്ല, സമൂഹം സ്ത്രീയോട് ചെയ്യുന്നതാണ് ഇത്. സ്ത്രീയെ ഒരു ഉപഭോഗ വസ്തുവായി മാത്രം കാണുന്നു.

ശിവകുമാര്‍ കാങ്കോല്‍, ഡോക്യുമെന്ററി സംവിധായകന്‍

മലയാളത്തില്‍ മാത്രമല്ല ബോളിവുഡില്‍ വരെ ശ്രദ്ധിക്കപ്പെട്ട നടിയാണ് സില്‍ക് സ്മിത. അവരുടെ സാന്നിധ്യം കൊണ്ടുമാത്രം സിനിമ വിജയിച്ച് പണക്കാരായ ഒരുപാട് പേരുണ്ട്. ചെന്നൈയില്‍ ആത്മഹത്യചെയ്ത സ്മിതയുടെ മൃതദേഹം ഏറ്റുവാങ്ങാനോ അവരെ അവസാനമായി ഒന്നു കാണാനോ ഇവരാരും പോയിട്ടില്ല. അവരെ ചെന്നുകണ്ടാല്‍ കപടമാന്യത നശിച്ചുപോകുമെന്ന ഭീതിയായിരിക്കാം ഇതിനു പിന്നില്‍.

സ്മിതയ്ക്കുശേഷം വന്ന പല നടിമാര്‍ക്കും അവരെക്കാള്‍ കൂടുതല്‍ പ്രാധാന്യം ലഭിച്ചിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ഇപ്പോള്‍ മുഖ്യധാരാ നായികമാര്‍ കൂടി യാതൊരു മടിയുമില്ലാതെ മേനി പ്രദര്‍ശനത്തിന് തയ്യാറാവുന്നുണ്ട്. അതുകൊണ്ടുതന്നെ മാദക നടി, മുന്‍നിര നായിക എന്ന വ്യത്യാസം വളരെ നേര്‍ത്തതാണ്. സ്മിതയ്ക്ക് ശേഷം വന്ന ഷക്കീലയ്ക്ക് ലഭിച്ച പ്രാധാന്യം തന്നെ നോക്കുക. അവരെക്കുറിച്ചുള്ള ലേഖനങ്ങളും അഭിമുഖങ്ങളുമുണ്ടായി. മറ്റുനടിമാരെപ്പോലെ തന്നെ അവരെ കാണാന്‍ തുടങ്ങി. എന്നാല്‍ സ്മിതയെക്കുറിച്ച് പറയുകയാണെങ്കില്‍ അവരുടെ ശരീരം മാത്രമാണ് സിനിമ ഉപയോഗിച്ചത്. അവരുടെ അഭിനയശേഷി ഒരിക്കല്‍ പോലും ഉരച്ചുനോക്കിയിട്ടില്ല.

സൂപ്പര്‍സ്റ്റാറുകളുടെ ആധിപത്യം മലയാള സിനിമയില്‍ വ്യക്തമാണ്. അവരെ ഉപയോഗിച്ചാണ് സിനിമ മാര്‍ക്കറ്റ് ചെയ്യുന്നത്. അതിനിടയില്‍ നടിയെ ഒരു നിഴല്‍ മാത്രമായി ഉപയോഗിക്കുന്നു. വളരെ അപൂര്‍വ്വമായി മാത്രമേ ശക്തമായ സ്ത്രീ കഥാപാത്രങ്ങളുണ്ടായിട്ടുള്ളൂ. മജ്ഞുവാര്യര്‍ കഴിഞ്ഞാല്‍ അഭിനയ സാധ്യതയുള്ള വേഷങ്ങള്‍ ലഭിച്ച നടിമാര്‍ കുറവാണ്. മീരാ ജാസ്മിനെ ആ ലിസ്റ്റില്‍ പെടുത്താം.

ജീവിച്ചിരിക്കുമ്പോഴും മരിച്ചപ്പോഴും സ്മിതയെ മാര്‍ക്കറ്റ് ചെയ്യാനാണ് എല്ലാവരും ശ്രമിച്ചത്. അവരില്‍ ബാക്കിയുള്ളത് വിറ്റ് എങ്ങനെ കോടികള്‍ കൊയ്യാമെന്നാണ് എല്ലാവരും ചിന്തിക്കുന്നത്. സ്മിതയുടെ ജീവിതകഥയെ അടിസ്ഥാനമാക്കിയെടുക്കുന്ന ബോളിവുഡ് ചിത്രം അതിനുദാഹരണമാണ്. ഗൗരവമായി അവരുടെ ജീവിതത്തെ സമീപിക്കുന്നതാണോ ഈ ചിത്രം എന്നത് സിനിമ പുറത്ത് വന്നശേഷമേ പറയാന്‍ കഴിയൂ. അങ്ങനെയാണെങ്കില്‍ സ്മിതക്ക് ലഭിക്കുന്ന വലിയൊരു അംഗീകാരമായിരിക്കും അത്.

madonaമഡോണ, എഴുത്തുകാരി

സില്‍ക്ക് സ്മിതയുടെ കാര്യം മാത്രമായി എനിക്കിതിനെ കാണാനാവില്ല. മലയാളികളുടെ മാനസികാവസ്ഥ ഹിപ്പോക്രസി കാണിക്കുക എന്നതാണ്. സെക്‌സ് അതിപ്രസരമുള്ള ദൃശ്യങ്ങളും ശാരീരിക പ്രദര്‍ശനങ്ങളുമൊക്കെ കാണാന്‍ അവര്‍ക്ക് താല്‍പര്യമാണ്. എന്നാല്‍ സംസ്‌കാരം, മാന്യത തുടങ്ങിയവ ഇതിനെതിരാണെന്ന് അവര്‍ കണക്കുകൂട്ടുന്നു. സില്‍ക്ക് സ്മിതയുടേയും, ഷക്കീലയുടേയുമൊക്കെ ചിത്രങ്ങള്‍ കാണാന്‍ അവര്‍ തള്ളിക്കയറുന്നു. ഇതേ ആളുകള്‍ തന്നെ അവരെക്കുറിച്ച് പറയുമ്പോള്‍ നെറ്റിചുളിക്കുന്നു.

കുടുംബത്തിന് മലയാളി ഏറെ പ്രധാന്യം നല്‍കുന്നുണ്ട്. കുടുംബ ബന്ധങ്ങള്‍ തകരാതെ നിലനിര്‍ത്തേണ്ടത് സ്ത്രീകളാണെന്ന ധാരണ അവര്‍ ഉണ്ടാക്കിയെടുക്കുന്നു. സെക്‌സിനെ സപ്രസ് ചെയ്യുകയാണ് നമ്മള്‍ ചെയ്യുന്നത്. മനസിനുള്ളില്‍ അടിച്ചമര്‍ത്തപ്പെട്ട ഈ ആഗ്രഹങ്ങളെല്ലാം അവര്‍ തീര്‍ക്കുന്നത് ഇത്തരം നടിമാരുടെ നഗ്‌നത ആസ്വദിച്ചാണ്. മലയാളികളുടെ ഈ സ്വഭാവത്തില്‍ മാറ്റംവരാത്ത കാലത്തോളം ഈ നടിമാര്‍ അവരുടെ അടുത്തുനിന്നും നീതി പ്രതീക്ഷിക്കേണ്ട.

മറ്റെല്ലാ മേഖലയിലും പോലെ സിനിമാ വ്യവസായത്തിലും പുരുഷാധിപത്യം ശക്തമാണ്. 50, 60 വയസ്സ് കഴിഞ്ഞ പുരുഷന്‍മാര്‍ അവരൊടൊപ്പം 18കാരി തങ്ങളോടൊപ്പം അഭിനയിച്ചാല്‍ മതിയെന്നു പറയുന്നു. നടിമാര്‍ക്ക് ഒന്നും നിശ്ചയിക്കാനുള്ള അധികാരമില്ല.

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി

മനുഷ്യനെ മനസിലാക്കുന്നതില്‍ ആളുകള്‍ എപ്പോഴും ശരീരത്തെ മാത്രമാണ് പരിഗണിക്കാറുള്ളത്. സ്ത്രീയായാല്‍ പ്രത്യേകിച്ചും. സില്‍ക്ക് സ്മിതയും ഞരമ്പുരോഗമുള്ള പുരുഷന്‍മാരുടെ കണ്ണില്‍ ഒരു ശരീരം മാത്രമാണ്. അഭിനയം ആത്മാവില്‍ നിന്ന് പ്രക്ഷേപിക്കപ്പെടുന്ന ചലനമാക്കിയ ആ നടി വേണ്ടത്ര മതിക്കപ്പെടാതെ പോയത് നമ്മളവരെ ശരീരമാത്രദൃഷ്ടികൊണ്ട് നോക്കികണ്ടതിനാലാണ്.

സില്‍ക്ക് സ്മിത അന്തരിച്ചുകഴിഞ്ഞപ്പോള്‍ അവരെ പറ്റി കവിതകളും ലേഖനങ്ങളും വന്നു. എന്റെ ഓര്‍മ ശരിയാണെങ്കില്‍ പ്രഫസര്‍ വി.ജി തമ്പിയാണ് സ്മിതയെക്കുറിച്ച് ആദ്യമായി കവിതയെഴുതിയത്. ഇപ്പോഴിതാ വിദ്യാബാലനെ സില്‍ക്ക് സ്മിതയാക്കിക്കൊണ്ട് ചലച്ചിത്രമൊരുങ്ങുന്നു. ഇതില്‍ കൂടെയും പുറത്തുവരാന്‍ സാധ്യതയുള്ളത് സില്‍ക്കിന്റെ ശരീരത്തെ സ്മരിച്ചുകൊണ്ട് അത് മറ്റൊരു സ്ത്രീയുടെ ശരീരത്തിലേക്ക് പ്രക്ഷേപിച്ചുകൊണ്ട് സ്വന്തം ഞരമ്പുരോഗത്തിന് സമാശ്വാസം കണ്ടെത്തുന്ന പുരുഷകാഴ്ചമാത്രമായിരിക്കും. അതിലപ്പുറം ഒരു നടിയെന്ന നിലയില്‍ ഐശ്വര്യാറായിയെക്കാളും എത്രയോ മികവ് സില്‍ക്ക് സ്മിതയ്ക്കുണ്ടായിരുന്നിട്ടും അവര്‍ ആരുമല്ലാതായി പോയി എന്നത് ആരുടെ കുറ്റംകൊണ്ടാണ്. നമ്മുടെ കാഴ്ചയെ നിര്‍ണയിക്കുന്നത് ബലങ്ങളല്ല, ദൗര്‍ബല്യങ്ങളാണ്. ലൈംഗികമായ ഞരമ്പുരോഗം പുരുഷന്റെ ദൗര്‍ബല്യമാണ്. അവരുടെ കണ്ണില്‍ ഏത് സ്ത്രീയും ശരീരം മാത്രമാണ്. സില്‍ക്ക് സ്മിതയും അതിലപ്പുറം ആവാന്‍ വഴിയില്ല.

പുരുഷന്റെ ഒരു നിഴലുമാത്രമായിട്ട്, പുരുഷ സൗന്ദര്യത്തെ പര്‍വതീകരിച്ച് കാണാനുള്ള ഭൂതകണ്ണാടി സ്ത്രീ സാന്നിധ്യം ഉപയോഗിക്കുന്ന രീതി നമ്മുടെ സിനിമകളിലുണ്ട്. നായകന്റെ നിഴല്‍ മാത്രമായിട്ട് നായിക മാറുന്ന അവസ്ഥ സിനിമയുടേത് മാത്രമാണെന്ന് പറയാന്‍ കഴിയില്ല. സിനിമ എത്രയൊക്കെ കൃത്രിമമാണെന്ന് പറഞ്ഞാലും അത് ജീവിതവുമായി ചില ബന്ധങ്ങളുണ്ട്. ജീവിതത്തില്‍ നാം കാണുന്ന പാര്‍ശ്വവത്കരിക്കപ്പെട്ട സ്ത്രീയെ സിനിമയിലൂടെയും നാം കാണുന്നു.

ac-sreehariഎ.സി ശ്രീഹരി, കവി, നിരൂപകന്‍

സ്മിതയ്ക്ക് മാത്രമല്ല ഒരു നടിക്കും മലയാള സിനിമയില്‍ അംഗീകാരം കിട്ടിയിട്ടില്ല. ഇന്ത്യന്‍ സിനിമയും ലോക സിനിമയും ഇതിന് അപവാദമല്ല. സിനിമ എന്നു പറയുന്നത് ആണുങ്ങളുടെ ലോകമാണ്. അതില്‍ ആണുങ്ങള്‍ എങ്ങനെയാണ് സ്ത്രീയെ നോക്കി കാണുന്നത് അതുപോലെ മാത്രമേ അവരെ ചിത്രീകരിച്ചിട്ടുള്ളൂ.

യൂറോപ്യന്‍ കാഴ്ചപ്പാടാണ് നമ്മളെ ഭരിച്ചുകൊണ്ടിരിക്കുന്നത്. നമ്മുടെ വിദ്യാഭ്യാസത്തിലും മറ്റും ഇതിന്റെ പ്രതിഫലനം കാണാം. നമ്മുടെ ദേവതമാരെ തുണിയുടുപ്പിച്ചത് അവരാണ്. രവിവര്‍മ ചിത്രങ്ങളിലെല്ലാം ആ കാഴ്ചപ്പാടിന്റെ പ്രതിഫലനം കാണാം. ഇതാണ് ഭാരത സ്ത്രീകള്‍ എന്നൊരു ചട്ടക്കൂട് ആരൊക്കെയോ നമ്മുടെ മനസില്‍ ഉണ്ടാക്കിയിരിക്കുന്നു.

സ്മിതയുടെ കാര്യത്തില്‍ അവരുടെ കരുത്തും, കുതറലു പോലും പലരും ചൂഷണം ചെയ്തിട്ടുണ്ട്. കാമുകന്മാരായിട്ടും, സുഹൃത്തുക്കളായിട്ടും പലരും അവരെ ഉപയോഗിച്ചു. സ്മിത ഇത് മനസിലാക്കാന്‍ വളരെ വൈകി. എല്ലാ തിരിച്ചറിഞ്ഞപ്പോള്‍ ആത്മഹത്യയല്ലാതെ മറ്റൊരു വഴി അവരുടെ മുന്നിലുണ്ടായിരുന്നില്ല.

സ്മിതയ്ക്ക് വ്യക്തിപരമായി തെലുങ്ക് , മലയാളം, തമിഴ് എന്നിവ കൂടിച്ചേര്‍ന്നൊരു കള്‍ച്ചറുണ്ട്. താവഴിയല്ലാതെ ലഭിച്ച സ്മിതയുടെ ഈ കഴിവ് സിനിമ സംവിധായകര്‍ എഡിറ്റ് ചെയ്ത് കാണികള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചു. സ്മിത നേരിട്ട അവഗണയില്‍ കാണികള്‍ക്കും പങ്കുണ്ട്.

സിനിമാ നടിമാര്‍ മോശക്കാരാണെന്ന ധാരണയുണ്ട്. മുന്‍നിര നായികമാരെ വരെ പ്രേക്ഷകര്‍ ആ രീതിയിലാണ് കാണുന്നത്. അവരൊക്കെ ചീത്ത സ്ത്രീയാണെന്ന തരത്തിലാണ് പുരുഷന്‍മാരുടെ ഭാവനയുണ്ടാക്കിയെടുക്കുന്ന ധാരണ.

എം.ടിയെപ്പോലുള്ള സംവിധായകരുടെ ചിത്രത്തില്‍ സ്ത്രീകളെ ചിത്രീകരിച്ചിരിക്കുന്നത് ലൈംഗികത അടക്കിവയ്ക്കുന്ന, അപകടകാരികളായ ജീവികളായാണ്. ഒരു ശരാശരി മലയാളി സ്ത്രീയെ നോക്കികണ്ടതുപോലെയാണ് എം.ടിയുടെയും നോട്ടം. ആധുനിക മലയാള പുരുഷന്റെ പ്രതിനിധിയാണ് അദ്ദേഹവും.