യുവതാരങ്ങളെ അണിനിരത്തി മമാസ് ചന്ദ്രന്‍ സംവിധാനം ചെയ്ത സിനിമാ കമ്പനി വിവാദത്തില്‍. യുവതാരം പൃഥ്വിരാജിനെ ആക്ഷേപിക്കുന്നെന്ന ആരോപണമാണ് സിനിമാ കമ്പനിയ്‌ക്കെതിരെ ഉയര്‍ന്നുവന്നിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലും മറ്റും ചൂടന്‍ ചര്‍ച്ചകളും പൊടിപൊടിക്കുന്നുണ്ട്.[]
സിനിമാ കമ്പനിയിലെ പൃഥ്വിരാജിന്റെ രൂപസാദൃശ്യമുള്ള രാജീവ് കൃഷ്ണ എന്ന കഥാപാത്രമാണ് വിവാദത്തിനാധാരം. യുവനിരയിലെ സൂപ്പര്‍സ്റ്റാറാണ് സിനിമാ കമ്പനിയിലെ രാജീവ് കൃഷ്ണ. വളരെ അഹങ്കാരിയായും മോശം സ്വഭാവമുള്ളവനായുമാണ് രാജീവിനെ ചിത്രീകരിച്ചിരിക്കുന്നത്.
നിധിന്‍ പോളാണ് രാജീവ് കൃഷ്ണയെ അവതരിപ്പിച്ചിരിക്കുന്നത്. പൃഥ്വിരാജുമായി ഏറെ രൂപസാദൃശ്യമുള്ള നിധിന്‍ പോള്‍ അദ്ദേഹത്തിന്റെ പലമാനറിസങ്ങളും ചിത്രത്തില്‍ അനുകരിക്കാന്‍ ശ്രമിക്കുന്നുണ്ട്. കൂടാതെ രാജീവ് കൃഷ്ണയെ പരിചയപ്പെടുത്തുന്നതിനായി പൃഥ്വിരാജ് ചിത്രം ഹീറോയിലെ ഒരു സീനും ഉപയോഗിച്ചിട്ടുണ്ട്.
അതേസമയം, സിനിമാ കമ്പനിയ്‌ക്കെതിരായ ആരോപണങ്ങളെല്ലാം തന്നെ സംവിധായകന്‍ മമാസ് ചന്ദ്രന്‍ നിഷേധിച്ചിട്ടുണ്ട്.
” ചിത്രത്തില്‍ വളരെ മോശമായാണ് രാജീവ് കൃഷ്ണയെ അവതരിപ്പിച്ചിട്ടുള്ളത്. രാജീവിന് പൃഥ്വിരാജുമായി യാതൊരു സാമ്യവുമില്ല. പൃഥ്വിരാജുമായി എനിക്ക് അടുപ്പമാണുള്ളത്. അദ്ദേഹം രാജീവിനെപ്പോലെ മോശം സ്വഭാവക്കാരനല്ല. എനിക്ക് അദ്ദേഹത്തോട് യാതൊരു വ്യക്തിവിദ്വേഷവുമില്ല. ഞാനദ്ദേഹത്തിന്റെ ഡേറ്റ് ചോദിച്ച് കിട്ടാത്തതോ അല്ലെങ്കിലും മറ്റെന്തെങ്കിലും തരത്തിലുള്ള പ്രശ്‌നമോ ഞങ്ങള്‍ക്കിടയിലില്ല. ” ഒരു ചാനല്‍ പരിപാടിയില്‍ മമാസ് പറഞ്ഞു.
“അദ്ദേഹത്തിനെ ദ്രോഹിക്കുകയെന്ന ഉദ്ദേശത്തോടെയല്ല ആ കഥാപാത്രത്തെ സൃഷ്ടിച്ചത്. നിധിന്‍ പോളിന് പൃഥ്വിയുമായുള്ള രൂപസാദൃശ്യം യാദൃശ്ചികമായി സംഭവിച്ചതാണ്. ഹീറോയിലെ രംഗങ്ങള്‍ ഞങ്ങള്‍ ഉപയോഗിച്ചുവെന്ന് പറയുന്നത് ശരിയല്ല. ഹീറോ പുറത്തിറങ്ങുന്നതിന് എത്രയോ മുമ്പ് സിനിമാ കമ്പനിയിലെ ആ രംഗങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്. ഇത് വെറും വാദത്തിനുവേണ്ടി പറയുന്നതല്ല. ആരും വിശ്വസിക്കില്ല എന്നറിയാം. പക്ഷെ എന്റെ കയ്യില്‍ തെളിവുകളുണ്ട്.” മമാസ് പറഞ്ഞു.
വിവാദവുമായി ബന്ധപ്പെട്ട് പൃഥ്വിരാജുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടുണ്ടോയെന്ന് ചോദിച്ചപ്പോള്‍ മമാസിന്റെ പ്രതികരണം ഇതായിരുന്നു ” അദ്ദേഹം ഇത് അറിഞ്ഞിട്ടുപോലുമുണ്ടാവില്ല. പൃഥ്വിരാജുമായി സംസാരിക്കും. പക്ഷേ അതൊരിക്കലും കുറ്റം ഏറ്റുപറയല്‍ എന്ന രീതിയിലാവില്ല. കാരണം ഞാനെന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.”