| Saturday, 7th September 2024, 5:01 pm

സിനിമാ പെരുമാറ്റച്ചട്ടം; പുതിയ നിര്‍ദേശങ്ങളുടെ ഒരു പരമ്പരയുമായി ഡബ്ല്യൂ.സി.സി; ഫേസ്ബുക്ക് പോസ്റ്റ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എല്ലാവര്‍ക്കും തുല്യവും സുരക്ഷിതവുമായ ഒരു തൊഴിലിടമെന്ന നിലയില്‍ മലയാള ചലച്ചിത്ര വ്യവസായത്തെ പുനര്‍നിര്‍മിക്കുന്നതിന് പുതിയ നിര്‍ദേശങ്ങളോടെ ഒരു പരമ്പരയുമായി ഡബ്ല്യൂ.സി.സി. ഹേമ കമ്മറ്റി നിര്‍ദേശങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം.

ഇന്നുമുതല്‍ ഈ പരമ്പര ആരംഭിക്കുന്ന വിവരം ഡബ്ല്യൂ.സി.സി തങ്ങളുടെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അറിയിച്ചത്. സിനിമയെ വെള്ളിത്തിരയുടെ ഉള്ളിലും പുറത്തും മികവുറ്റതാക്കാന്‍ സഹായിക്കുന്ന ഒരു സിനിമാ പെരുമാറ്റച്ചട്ടവുമായാണ് ഡബ്ല്യൂ.സി.സി എത്തുന്നത്.

ഡബ്ല്യൂ.സി.സിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ഹേമ കമ്മറ്റി നിര്‍ദേശങ്ങളുടെ പശ്ചാത്തലത്തില്‍ എല്ലാവര്‍ക്കും തുല്യവും സുരക്ഷിതവുമായ ഒരു തൊഴിലിടം എന്ന നിലയില്‍ മലയാള ചലച്ചിത്ര വ്യവസായത്തെ പുനര്‍നിര്‍മിക്കുന്നതിന്, പുതിയ നിര്‍ദേശങ്ങളോടെ ഞങ്ങള്‍ ഇന്ന് ഒരു പരമ്പര ആരംഭിക്കുകയാണ്.

ഇന്‍ഡസ്ട്രിയിലെ എല്ലാ അംഗങ്ങളും, തൊഴില്‍ സംഘടനകളും തുറന്ന മനസോടെ, ഐക്യദാര്‍ഢ്യത്തോടെ ഇതില്‍ പങ്കുചേരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. നമ്മുടെ സിനിമാ വ്യവസായത്തെ വെള്ളിത്തിരക്കുള്ളിലും പുറത്തും മികവുറ്റതാക്കാന്‍ സഹായിക്കുന്ന ഒരു സിനിമാ പെരുമാറ്റച്ചട്ടം! കൂടുതല്‍ വിശദാംശങ്ങള്‍ക്കായി കാത്തിരിക്കുക!

അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമയില്‍ ആരോപണങ്ങള്‍ കനത്തിരുന്നു. 296 പേജുള്ള റിപ്പോര്‍ട്ടിന്റെ 233 പേജുകളിലെ ഉള്ളടക്കമായിരുന്നു ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ പുറത്തുവിട്ടത്. മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ചുണ്ടെന്നും സിനിമാ രംഗത്ത് സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു.

കഴിഞ്ഞ ദിവസം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കേരളത്തിന് പുറത്തും ഒട്ടേറെ അനുരണനങ്ങള്‍ ഉണ്ടാക്കി കൊണ്ടിരിക്കുകയാണെന്നും എന്നാല്‍ ഇനി തങ്ങള്‍ക്കെതിരായ സൈബര്‍ അറ്റാക്കിന്റെ കാലമാണെന്നും ഡബ്ല്യു.സി.സി. ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. ഫേക്ക് ഐഡികള്‍ കൂട്ടമായി ഉണ്ടാക്കി കൊണ്ടിരിക്കുകയാണെന്നും അതിനെ നിയമപരമായി നേരിട്ടു കൊണ്ടുതന്നെ മുന്നോട്ട് പോകുമെന്നും അവര്‍ ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു.

Content Highlight: Cinema Code of Conduct; WCC With A Series Of New Proposals After Hema Committee Report

We use cookies to give you the best possible experience. Learn more