| Thursday, 19th April 2018, 10:53 pm

പതിറ്റാണ്ടുകള്‍ക്കിപ്പുറം സൗദിയിയില്‍ സിനിമയുടെ വെള്ളിവെളിച്ചം തെളിഞ്ഞു; ബ്ലാക്ക് പാന്തര്‍ പ്രദര്‍ശിപ്പിച്ച് ആദ്യ ഷോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: തീയേറ്ററില്‍ ഇരുട്ട് നിറഞ്ഞപ്പോള്‍ സൗദിയില്‍ പിറന്നത് മാറ്റത്തിന്റെ പുതിയ വെളിച്ചമാണ്. മൂന്ന് പതിറ്റാണ്ടിന്റെ വിലക്കിന് ശേഷം സൗദിയിലെ ആദ്യ സിനിമാ പ്രദര്‍ശനമാണ് കഴിഞ്ഞ ദിവസം നടന്നത്. റിയാദിലെ ഒരു ഓഡിറ്റോറിയം സിനിമാ തീയേറ്ററാക്കി മാറ്റിയാണ് പ്രദര്‍ശനം നടന്നത്. മാര്‍വലിന്റെ ബ്ലാക്ക് പാന്തറായിരുന്നു ആദ്യ ചിത്രം.

സൗദിയില്‍ സിനിമ വിലക്ക് എടുത്ത് കളയുകയും പുതിയ തീയേറ്ററുകള്‍ ആരംഭിക്കുന്നതിന്റെയും ഭാഗമായിട്ടാണ് കഴിഞ്ഞ ദിവസം പ്രത്യേക പ്രീമിയര്‍ ഷോ സംഘടിപ്പിച്ചത്. വയലന്റ് സീനുകള്‍ കട്ട് ചെയ്‌തെങ്കിലും ചുംബനരംഗങ്ങള്‍ ഉള്‍പ്പടെയുള്ളവയ്ക്ക് സെന്‍സര്‍ ഇല്ലാതെയാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്.

പ്രദര്‍ശനത്തോടനുബന്ധിച്ച് നടന്ന മൈംമില്‍ നിന്ന്.

“ഇതൊരു പുതിയ യുഗത്തിന്റെ ആരംഭമാണ്, കാര്യങ്ങള്‍ മാറുകയാണ്. പുരോഗതി സംഭവിക്കുന്നുണ്ട്. ഞങ്ങള്‍ ലോകത്തോടൊപ്പം സഞ്ചരിച്ച് തുടങ്ങുകയാണ്.” എന്നാണ് പ്രദര്‍ശനത്തില്‍ പങ്കെടുത്ത റാഹിഫ് അല്‍ഹെന്ദി പ്രതികരിച്ചത്.

പ്രദര്‍ശനം ആരംഭിക്കുന്നതിന് മുമ്പ് തീയേറ്ററിനകത്ത് കയറി ചിത്രങ്ങള്‍ പകര്‍ത്തുന്ന പത്രക്കാര്‍.

1970 കളില്‍ സൗദിയില്‍ തീയേറ്ററുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് നിയമം ശക്തമായതിനെത്തുടര്‍ന്ന് അടച്ചുപൂട്ടുകയായിരുന്നു.

സൗദി അറേബ്യയെ സഞ്ചാരി സൗഹാര്‍ദ്ദ രാജ്യമാക്കാനുള്ള രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ ശ്രമങ്ങളുടെ ഭാഗമായാണ് തീയേറ്ററുകള്‍ക്ക് പുനര്‍ജന്മം ലഭിച്ചത്. എണ്ണയില്‍ നിന്നുള്ള വരുമാനത്തെ ആശ്രയിക്കാതെ രാജ്യത്തിന് മറ്റു സ്രോതസുകള്‍ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി രാജ്യത്ത് കൂടുതല്‍ വിനോദ കേന്ദ്രങ്ങള്‍ ആരംഭിക്കാനും സഞ്ചാര സൗഹൃദ രാഷ്ട്രമാക്കാനുമാണ് രാജകുമാരന്റെ നീക്കം.

സിനിമ തീയേറ്ററുകള്‍ ആരംഭിക്കുന്നത് സാമ്പത്തിക വളര്‍ച്ചയ്ക്കും വൈവിധ്യവല്‍ക്കരണത്തിനും സഹായകമാവുമെന്ന് ഡിസംബറില്‍ സാംസ്‌കാരിക മന്ത്രി അവാദ് ബിന്‍ സലേഹ് അലവ്വാദ് പറഞ്ഞിരുന്നു. സിനിമ രാജ്യത്തിന്റെ വിനോദ മാര്‍ഗങ്ങളെ പുഷ്ടിപ്പെടുത്തുമെന്നും പുതിയ തൊഴിലവസരങ്ങളുണ്ടാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

2030 ഓടെ സൗദി അറേബ്യയില്‍ മുന്നൂറിലധികം തീയേറ്ററുകളിലായി 2,000 ത്തിലധികം സ്‌ക്രീനുകള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ നീക്കം.

We use cookies to give you the best possible experience. Learn more