പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം കനക്കുന്നു; പിന്തുണച്ച് ചലച്ചിത്രതാരങ്ങളും
CAA Protest
പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം കനക്കുന്നു; പിന്തുണച്ച് ചലച്ചിത്രതാരങ്ങളും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 16th December 2019, 8:41 pm

ന്യൂദല്‍ഹി: പൗരത്വനിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം കനക്കുകയാണ്. വിദ്യാര്‍ത്ഥികളുടേയും വിവിധ രാഷ്ട്രീയ മുന്നണികളുടേയും മറ്റ് സംഘടനകളുടേയും നേതൃത്വത്തില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി നടക്കുന്ന പ്രക്ഷോഭങ്ങളെ പിന്തുണച്ച് ചലച്ചിത്ര താരങ്ങളും രംഗത്തെത്തി.

ചലച്ചിത്ര താരങ്ങളായ പൃഥ്വിരാജ് സുകുമാരന്‍, ഇന്ദ്രജിത് സുകുമാരന്‍, ടൊവിനോ തോമസ്, കുഞ്ചാക്കോബോബന്‍, പാര്‍വതി തിരുവോത്ത്, ലിജോജോസ് പെല്ലിശ്ശേരി, റിമാ കല്ലിങ്കല്‍, ഷെയിന്‍ നിഗം തുടങ്ങിയ യുവ താരങ്ങളെല്ലാം പ്രതിഷേധത്തെ പിന്തുണച്ച് രംഗത്തെത്തി.

‘വിപ്ലവം നമ്മളില്‍ നിന്നാണ് ആരംഭിക്കുന്നത്’ എന്ന ക്യാപ്ഷനോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പ്രതിഷേധങ്ങളുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു നടന്‍ പൃഥ്വിരാജിന്റെ പ്രതികരണം. റൈസ് എന്ന ഹാഷ് ടാഗോടെയാണ് പൃഥ്വിരാജ് പ്രതിഷേധം രേഖപ്പെടുത്തിയത്.

പ്രതിഷേധത്തിനിടെ റെന്ന എന്ന വിദ്യാര്‍ത്ഥി പൊലീസിന് നേരെ വിരല്‍ ചൂണ്ടി നില്‍ക്കുന്ന ചിത്രം പങ്ക് വെച്ചായിരുന്നു ഇന്ദ്രജിത്ത് സുകുമാരന്‍, കുഞ്ചാക്കോ ബോബന്‍, അമലാപോള്‍ തുടങ്ങിയവര്‍ പ്രതിഷേധത്തിന് പിന്തുണയറിയിച്ചത്.

അടിച്ചമര്‍ത്തും തോറും പ്രതിഷേധങ്ങള്‍ പടര്‍ന്നുകൊണ്ടേയിരിക്കുമെന്നായിരുന്നു ടൊവീനോയുടെ പ്രതികരണം.
ഹാഷ്ടാഗ് ക്യാംപെയ്നുകള്‍ക്ക് അപ്പുറം ഇവിടെ പ്രക്ഷോഭങ്ങളുണ്ടാകും. ചരിത്രം പഠിപ്പിക്കുന്നത് അതാണെന്നും ടൊവീനോ പറഞ്ഞു. ഇന്‍സ്റ്റഗ്രാമി ലൂടെയായിരുന്നു നടന്റെ പ്രതികരണം. ദല്‍ഹിയില്‍ നടക്കുന്ന പ്രക്ഷോഭങ്ങളുടെ ചിത്രവും ടൊവിനോ പങ്ക് വെച്ചു.

സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ഇന്ത്യ ടുഡെ യുടെ വാര്‍ത്തയോടൊപ്പം ‘പിന്തുണ’ എന്ന് എഴുതി ഷെയര്‍ ചെയ്യുകയായിരുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മലയാള സിനിമാതാരങ്ങളില്‍ നിന്ന് ആദ്യമായി വന്ന പ്രതികരണം നടി പാര്‍വതി തിരുവോത്തിന്റേ ആയിരുന്നു. നട്ടെല്ലില്ലൂടെ ഭയം കയറുന്നുവെന്നായിരുന്നു പാര്‍വതി തിരുവോത്തിന്റെ പ്രതികരണം.