ബ്യൂണസ് ഐറിസ്: ഫുട്‌ബോള്‍ ഇതിഹാസം ഡിഗോ മറഡോണയുടെ സ്വത്തുക്കള്‍ ലേലത്തില്‍ വെക്കാനൊരുങ്ങി കുടുംബം. മറഡോണ ഉപയോഗിച്ചിരുന്ന ബി.എം.ഡബ്ല്യൂ കാറുകള്‍, സിഗാര്‍, അദ്ദേഹത്തിന്റെ വില്ല തുടങ്ങിയ വസ്തുക്കളാണ് ലേലത്തില്‍ വെക്കുന്നത്.
‘ദി ഓക്ഷന്‍ 10’ (ലേലം 10) എന്നാണ് ലേലത്തിന് പേരിട്ടിരിക്കുന്നത്. 1986ലെ മറഡോണയുടെ ലോകകപ്പ് വിജയത്തെ അനുസ്മരിപ്പിക്കുന്നതിന് വേണ്ടിയാണ് ലേലത്തിന് ആ പേര് നല്‍കിയതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ലേലത്തുക അദ്ദേഹത്തിന്റെ ബാധ്യതകള്‍ തീര്‍ക്കാന്‍ വിനിയോഗിക്കുമെന്ന് കുടുംബം വ്യക്തമാക്കി.
‘അദ്ദേഹത്തിന്റെ അഞ്ച് മക്കളും അവരുടെ അഭിഭാഷകര്‍ മുഖേന ധനസമാഹരണത്തിനുള്ള എല്ലാ കാര്യങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്,’ ലേലത്തിന്റെ ഉദ്യോഗസ്ഥനായ ഏഡ്രിയന്‍ മര്‍കാഡോ റോയ്‌ട്ടേഴ്‌സിനോട് പറഞ്ഞു.
ഞായറാഴ്ച 11 മണിക്ക് ഓണ്‍ലൈനായാണ് ലേലം നടക്കുന്നത്. ഹൃദയാഘാതം മൂലം മറഡോണ മരിച്ച് ഒരു വര്‍ഷത്തിന് ശേഷമാണ് ലേലം നടക്കുന്നത്.
മറഡോണ തന്റെ മാതാപിതാക്കള്‍ക്ക് സമ്മാനമായി നല്‍കിയ ബ്യൂണസ് ഐറിസിലെ വില്ലയാണ് ലേലത്തിലെ ഏറ്റവും മൂല്യമേറിയ വസ്തു. 9 ലക്ഷം ഡോളറാണ് ഇതിന് അടിസ്ഥാന വിലയായി നിശ്ചയിച്ചിരിക്കുന്നത്. ഇതോടൊപ്പം അദ്ദേഹത്തിന്റെ ബി.എം.ഡബ്ല്യൂ അടക്കമുള്ള കാറുകളും ലേലത്തില്‍ വെക്കുന്നുണ്ട്. രണ്ടേ കാല്‍ ലക്ഷം ഡോളറാണ് ബി.എം.ഡബ്ല്യൂവിന്റെ അടിസ്ഥാന വില.
ഇതിന് പുറമെ അദ്ദേഹത്തിന്റെ തൊപ്പി, ക്യൂബന്‍ വിപ്ലവനേതാവ് ഫിദല്‍ കാസ്‌ട്രോയോടൊപ്പമുള്ള ചിത്രം, അദ്ദേഹത്തിന്റെ സോക്കര്‍ ബൂട്ട്, ടി ഷര്‍ട്ടുകള്‍, ജിം ഉപകരണങ്ങള്‍, അദ്ദേഹത്തിന്റെ ഒപ്പുള്ള ഗിറ്റാര്‍ അദ്ദേഹം ഉപയോഗിച്ചിരുന്ന ഒരു പെട്ടി സിഗാര്‍ എന്നിവയും ലേലത്തില്‍ വെക്കുന്നുണ്ട്.
‘ഡിഗോയുടെ ആരാധകരാവും ലേലത്തില്‍ പങ്കെടുക്കുന്നത്. ഡിഗോ ഉപയോഗിച്ചിരുന്ന ഏതെങ്കിലും ഒരു വസ്തു സുവനീര്‍ എന്ന നിലയില്‍ സ്വന്തമാക്കുന്നത് അവരെ സംബന്ധിച്ച് വളരെ വലിയ കാര്യമാവും,’ മെര്‍കാഡോ പറഞ്ഞു.
ഹൃദയാഘാതത്തെ തുടര്‍ന്ന് 2020 നവംബര്‍ 25നായിരുന്നു മറഡോണ അന്തരിച്ചത്. ഫുട്‌ബോളിലെ തന്നെ മികച്ച ടെക്‌നിക്കല്‍ ആന്റ് ടാക്ടിക്കല്‍ ഫുട്‌ബോളറായിരുന്നു അദ്ദേഹം.
അന്താരാഷ്ട്ര ഫുട്ബോളില്‍ അര്‍ജന്റീനക്ക് വേണ്ടി 91 കളികള്‍ കളിച്ച മറഡോണ 34 ഗോളുകള്‍ നേടിയിട്ടുണ്ട്.
1982 മുതല്‍ 1994 വരെയുള്ള നാല് ലോകകപ്പുകളില്‍ അര്‍ജന്റീനക്കു വേണ്ടി മറഡോണ കളിച്ചിട്ടുണ്ട്. അതില്‍ 1986-ലെ ലോകകപ്പാണ് ഏറ്റവും അവിസ്മരണീയമാക്കിയത്.
മറഡോണയുടെ നായകത്വത്തില്‍ കളിച്ച അര്‍ജന്റീന ടീം ഫൈനലില്‍ പശ്ചിമ ജര്‍മ്മനിയെ പരാജയപ്പെടുത്തി ഈ ലോകകപ്പ് നേടുകയും മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ മറഡോണ സ്വന്തമാക്കുകയും ചെയ്തു.