ആന്‍ട്രിക്‌സ് - ദേവാസ് ഇടപാട്: മാധവന്‍നായര്‍ക്കെതിരായി സി.ഐ.ജി റിപ്പോര്‍ട്ട്
India
ആന്‍ട്രിക്‌സ് - ദേവാസ് ഇടപാട്: മാധവന്‍നായര്‍ക്കെതിരായി സി.ഐ.ജി റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 15th May 2012, 4:49 pm

ന്യൂദല്‍ഹി: ആന്‍ട്രിക്‌സ് – ദേവാസ് ഇടപാടില്‍ ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായരെയും സര്‍വീസില്‍ നിന്നു വിരമിച്ചവരും സര്‍വീസിലുള്ളവരുമായ മറ്റു ചിലരെയും കുറ്റപ്പെടുത്തിക്കൊക്കൊണ്ടുള്ള റിപ്പോര്‍ട്ട് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ പാര്‍ലമെന്റില്‍ വച്ചു. കേന്ദ്രമന്ത്രിസഭയില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ മാധവന്‍ നായര്‍ മറച്ചുവെച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്വകാര്യ കമ്പനിക്കു ലാഭത്തിനുവേണ്ടി സര്‍ക്കാര്‍ നിക്ഷേപം നടത്തിയതിന് ഉദാഹരണമാണ് ഇടപാടെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. പൊതുപ്രവര്‍ത്തകര്‍ സ്വകാര്യ കമ്പനിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതിന്റെ ഉദാഹരണമാണ് മാധവന്‍ നായരുടെ നടപടി. ബഹിരാകാശവകുപ്പ് നിയമങ്ങള്‍ ലംഘിച്ചതായും റിപ്പോര്‍ട്ട് പറയുന്നു.

ഐ.എസ്.ആര്‍.ഒ മുന്‍ ഉദ്യോഗസ്ഥരായിരുന്ന എം.ജി.ചന്ദ്രശേഖര്‍ , ഡി.വേണുഗോപാല്‍ എന്നിവര്‍ക്കെതിരെയും രൂക്ഷമായ വിമര്‍ശനമുണ്ട്. തങ്ങളുടെ ദേവാസ്  എന്ന കമ്പനിക്കുവേണ്ടി  ഇവര്‍ പൊതു താല്‍പര്യവും സര്‍ക്കാര്‍ താല്‍പര്യങ്ങളും ബലികഴിച്ചതായി കുറ്റപ്പെടുത്തുന്നു.

എസ്.ബാന്‍ഡ് കരാറുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ഫെബ്രുവരിയില്‍ ഐ.എസ്.ആര്‍.ഒയാണ് പുറത്തുവിട്ടത്. ദേവാസുമായി കരാറുണ്ടാക്കിയതില്‍ ജി. മാധവന്‍നായര്‍ ഉള്‍പ്പെടെ മൂന്ന് ശാത്ര്ജ്ഞര്‍ക്ക് വീഴ്ചപറ്റിയെന്നായിരുന്നു റിപ്പോര്‍ട്ട്.

2008ല്‍ ഐഎസ്ആര്‍ഒ എസ്-ബാന്‍ഡ് സ്‌പെക്ട്രം കൈമാറുന്നതു സംബന്ധിച്ചണ്  ദേവാസ് മള്‍ട്ടിമീഡിയയുമായുണ്ടാക്കിയ കരാറാണ് വിവാദമായത്. രണ്ടുലക്ഷം കോടിയുടെ സ്‌പെക്ട്രം 1000 കോടി രൂപയ്ക്കു കൈമാറിയതായി ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ കരാര്‍ റദ്ദാക്കിയിരുന്നു.