| Friday, 22nd October 2021, 2:40 pm

സുധ ചന്ദ്രനോട് മാപ്പുപറഞ്ഞ് സി.ഐ.എസ്.എഫ്; കൃത്രിമകാല്‍ ഊരി പരിശോധിച്ച നടപടി അന്വേഷിക്കുമെന്നും ഫോഴ്‌സ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുംബൈ: നടിയും നര്‍ത്തകിയുമായ സുധ ചന്ദ്രനോട് മാപ്പു പറഞ്ഞ് സി.ഐ.എസ്.എഫ്. വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധനയുടെ ഭാഗമായി കൃത്രിമകാല്‍ അഴിപ്പിച്ചതിനാണ് മാപ്പു പറഞ്ഞത്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് സുധാചന്ദ്രന്‍ സോഷ്യല്‍മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ മാപ്പ് ചോദിച്ച് സി.ഐ.എസ്.എഫ് രംഗത്തെത്തിയത്.

അസാധാരണമായ സാഹചര്യത്തില്‍ മാത്രമേ കൃത്രിമകാല്‍ അഴിപ്പിച്ച് പരിശോധിക്കേണ്ടതുള്ളൂ എന്നതാണ് പ്രോട്ടോക്കോളെന്നും എന്തുകൊണ്ടാണ് സുധ ചന്ദ്രന് ഇത്തരത്തിലൊരു അവസ്ഥ നേരിടേണ്ടി വന്നതെന്ന കാര്യത്തില്‍ അന്വേഷണം നടത്തുമെന്നും. സുധ ചന്ദ്രനുണ്ടായ വിഷമത്തിനും ബുദ്ധിമുട്ടിനും ക്ഷമ ചോദിക്കുന്നുവെന്നുമായിരുന്നു സി.ഐ.എസ്.എഫ് പറഞ്ഞത്.

വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധനയുടെ ഭാഗമായി എപ്പോഴും കൃത്രിമക്കാല്‍ ഊരിമാറ്റേണ്ടി വരുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടിനെ കുറിച്ചായിരുന്നു സുധ ചന്ദ്രന്‍ തന്റെ വീഡിയോയിലൂടെ പറഞ്ഞത്.

ഇത്തരം പരിശോധനകള്‍ ഒഴിവാക്കാന്‍ തന്നെപ്പോലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക കാര്‍ഡ് നല്‍കണമെന്നും അവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വീഡിയോയിലൂടെ അഭ്യര്‍ഥിച്ചിരുന്നു.

ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുമ്പോള്‍ ഓരോ തവണയും കൃത്രിമക്കാല്‍ ഊരിമാറ്റി വിമാനത്താവളങ്ങളില്‍ പരിശോധനയ്ക്ക് വിധേയയാകേണ്ടി വരുന്നത് വേദനാജനകമാണെന്നും ഇത് പരിഹരിക്കാനുള്ള നടപടി അധികൃതര്‍ കൈക്കൊള്ളണമെന്നുമായിരുന്നു സുധയുടെ ആവശ്യം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും ശ്രദ്ധക്ഷണിച്ചാണ് സുധ തന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. തന്റെ സന്ദേശം അധികാരികളില്‍ എത്തുമെന്നും വേണ്ട നടപടി കൈകൊള്ളുമെന്നുമുള്ള പ്രതീക്ഷയും സുധ ചന്ദ്രന്‍ പങ്കുവെച്ചിരുന്നു.

ഇതിന് പിന്നാലെ സെലിബ്രിറ്റികളടക്കം നിരവധി പേര്‍ സുധയുടെ വീഡിയോ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. സുധയെ പോലുള്ളവര്‍ക്ക് നീതി ഉറപ്പാക്കണമെന്നും ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാനുള്ള നടപടി കൈക്കൊളളണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് കാറപകടത്തെ തുടര്‍ന്നാണ് സുധയ്ക്ക് കാല്‍ നഷ്ടമാകുന്നത്. പിന്നീട് കൃത്രിമക്കാലോടെ സുധ നൃത്തത്തിലേക്കും അഭിനയ രംഗത്തേക്കും ശക്തമായി തിരിച്ചെത്തുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

We use cookies to give you the best possible experience. Learn more