| Friday, 28th June 2024, 1:18 pm

യെദിയൂരപ്പ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ വെച്ച് പീഡിപ്പിച്ചു; അന്വേഷണ റിപ്പോർട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: മുതിർന്ന ബി.ജെ.പി നേതാവായ യെദിയൂരപ്പ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തന്റെ വീട്ടിൽ വെച്ച് പീഡിപ്പിച്ചെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റിന്റെ കണ്ടെത്തൽ. സി.ഐ.ഡി വിഭാഗം വ്യാഴാഴ്ച സമർപ്പിച്ച 750 പേജുള്ള കുറ്റപത്രത്തിലാണ് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ യെദിയൂരപ്പ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതായി പറയുന്നത്.

യെദിയൂരപ്പയും മറ്റ് രണ്ട് പ്രതികളും കുറ്റം ചെയ്തു എന്ന് വ്യക്തമാക്കുന്നതാണ് റിപ്പോർട്ട്. 17 വയസ് പ്രായമുള്ള പെൺകുട്ടിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

കഴിഞ്ഞ ഫെബ്രുവരി രണ്ടിന് യെദിയൂരപ്പയുടെ ബെംഗളൂരു സഞ്ജയ് നഗറിലെ വസതിയിൽ മാതാവിനോടൊപ്പം പീഡന പരാതി അറിയിക്കാനെത്തിയ പെൺകുട്ടിയെ യെദിയൂരപ്പ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് കേസ്. അന്ന് രാവിലെ 11 :15ന് പെൺകുട്ടിയും അമ്മയും യെദ്യൂരപ്പയുടെ വീട്ടിൽ എത്തിയിരുന്നെന്ന് സി.ഐ.ഡി ഉദ്യോഗസ്ഥർ പറഞ്ഞു.

Also Read: ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വി; യു.പിയില്‍ മജിസ്‌ട്രേറ്റുമാര്‍ക്ക് കൂട്ട സ്ഥലംമാറ്റം; ബി.ജെ.പി തോറ്റ 11 ഇടത്തേയും ജഡ്ജിമാരെ മാറ്റി

പെൺകുട്ടിക്ക് നേരത്തേയുണ്ടായ അതിക്രമത്തെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കെ യെദിയൂരപ്പ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഹാളിനോട് ചേർന്നുള്ള മീറ്റിങ് റൂമിൽ കൂട്ടിക്കൊണ്ടു പോയി വാതിലടക്കുകയായിരുന്നു. അതിജീവിതയോട് യെദിയൂരപ്പ പീഡിപ്പിച്ച ആളുടെ മുഖം ഓർമയുണ്ടോയെന്ന് ചോദിക്കുകയും പിന്നീട് ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി.

ഭയന്ന പെൺകുട്ടി രക്ഷപ്പെടാൻ വാതിലിനടുത്തേക്ക് ഓടിയപ്പോൾ യെദിയൂരപ്പ കുറച്ച് പണം പെൺകുട്ടിക്ക് നൽകി വാതിൽ തുറന്ന് പുറത്തു വരികയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ അമ്മയോട് തനിക്കവരെ സഹായിക്കാൻ കഴിയില്ലെന്ന് പറഞ്ഞെന്നും അന്വേഷണത്തിൽ കണ്ടെത്തി.

ഫെബ്രുവരി 20ന് പെൺകുട്ടിയുടെ അമ്മ തന്റെ ഫേസ്ബുക് അക്കൗണ്ടിൽ യെദിയൂരപ്പക്കെതിരെ ഒരു വീഡിയോ അപ്‍ലോഡ് ചെയ്തിരുന്നു. പിന്നാലെ അത് നീക്കം ചെയ്യാൻ യെദിയൂരപ്പയുടെ നിർദേശപ്രകാരം രുദ്രേഷ് എം, ജി മാരിസ്വാമി എന്നിവർ പെൺകുട്ടിയുടെ അമ്മയെ നിർബന്ധിച്ചിരുന്നെന്നും സി.ഐ.ഡി പറഞ്ഞു.

തുടർന്ന് പെൺകുട്ടിയുടെ അമ്മയെ കൂട്ടിക്കൊണ്ട് പോയി ഐ ഫോണിൽ നിന്ന് വീഡിയോ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു എന്നും സി.ഐ.ഡി കണ്ടെത്തി.

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണ നിയമത്തിലെ സെക്ഷൻ 8 (ലൈംഗികാതിക്രമത്തിനുള്ള ശിക്ഷ) , സെക്ഷൻ 354 (ലൈംഗികപീഡനം) സെക്ഷൻ 204 (തെളിവ് ഹാജരാക്കുന്നത് തടയാൻ രേഖകൾ നശിപ്പിക്കൽ), സെക്ഷൻ 214 എന്നിവ പ്രകാരമാണ് യെദിയൂരപ്പക്കെതിരെ ചുമത്തിയിരിക്കുന്നത്.

പെൺകുട്ടിയുടെ മാതാവിൻ്റെ പരാതിയിൽ മാർച്ച് 14ന് സദാശിവ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത‌ കേസ് പിന്നീട് സി.ഐ.ഡിക്ക് കൈമാറുകയായിരുന്നു. അർബുദബാധയിൽ ചികിത്സയിലിരിക്കെ മെയ് 26ന് പരാതിക്കാരിയായ പെൺകുട്ടി മരിച്ചിരുന്നു.

കേസിൽ അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ സഹോദരൻ കർണാടക ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നു. ഇതിനു പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ സി.ഐ.ഡി യെദിയൂരപ്പക്ക് നോട്ടീസ് അയച്ചിരുന്നു.

Content Highlight: CID find out that  BJP leader yedyurappa assaulted minor girl

We use cookies to give you the best possible experience. Learn more