|

അരുണ്‍ജെയ്റ്റ്‌ലിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയെ വിവരാവകാശ കമ്മീഷണറാക്കി; തെരഞ്ഞെടുക്കപ്പെട്ടത് അപേക്ഷ പോലും നല്‍കാതെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുന്‍ നിയമസെക്രട്ടറിയും അരുണ്‍ ജെയ്റ്റ്‌ലിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന സുരേഷ് ചന്ദ്രയെ കേന്ദ്ര വിവരാവകാശ കമ്മീഷണറാക്കി നിയമിച്ച നടപടി വിവാദമാകുന്നു. സുരേഷ് ചന്ദ്ര അപേക്ഷ പോലും നല്‍കാതെയാണ് അദ്ദേഹത്തെ പദവിയേല്‍പ്പിച്ചത്.

പെഴ്‌സണല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പ് പുറത്തു വിട്ട രേഖകള്‍ അനുസരിച്ച് 280 അപേക്ഷകരില്‍ സുരേഷ് ചന്ദ്രയുടെ പേരില്ല. എന്നാല്‍ അവസാന 14 പേരുടെ ഷോര്‍ട്ട് ലിസ്റ്റില്‍ ചന്ദ്രയെ ഉള്‍പ്പെടുത്തുകയായിരുന്നു.

2018 നവംബറില്‍ നിയമസെക്രട്ടറിയായിരുന്ന സുരേഷ് ചന്ദ്ര വാജ്‌പേയി സര്‍ക്കാരില്‍ ജെയ്റ്റ്‌ലിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.

താന്‍ അപേക്ഷ നല്‍കിയിട്ടില്ലെന്ന് സുരേഷ് ചന്ദ്ര ദ ഹിന്ദുവിനോട് പ്രതികരിച്ചിട്ടുണ്ട്. ഉന്നത തല ക്വാസി-ജുഡീഷ്യല്‍ സംവിധാനമാണെന്നിരിക്കെ ഉയര്‍ന്ന യോഗ്യതയുള്ളവര്‍ അപേക്ഷിക്കാറില്ലെന്നും ചന്ദ്ര പറഞ്ഞു.

പദവി അപേക്ഷകര്‍ക്ക് മാത്രം പരിമിതപ്പെടുത്താനാകില്ലെന്നും അപേക്ഷകരില്‍ കൂടുതലും ജുഡീഷ്യല്‍ പശ്ചാത്തലമില്ലാത്ത ഉദ്യോഗസ്ഥരാണെന്നും ചന്ദ്ര പറയുന്നു.

എന്നാല്‍ സുപ്രീംകോടതിയില്‍ പെഴ്‌സനല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പ് (27-8-2018) നല്‍കിയ സത്യവാങ്മൂല പ്രകാരം അപേക്ഷകരില്‍ നിന്നേ ഷോര്‍ട്ട്‌ലിസ്റ്റ് തയ്യാറാക്കാവൂ എന്ന് പറയുന്നുണ്ട്.

സര്‍ക്കാരിന്റെ നടപടി കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് “നാഷണല്‍ ക്യാംപെയിന്‍ ഫോര്‍ പീപ്പിള്‍സ് റൈറ്റ് ടു ഇന്‍ഫര്‍മേഷന്‍ കോ- കണ്‍വീനര്‍ അഞ്ജലി ഭരദ്വാജ് പറഞ്ഞു.

ഷോര്‍ട്ട് ലിസ്റ്റും സെര്‍ച്ച് കമ്മിറ്റി മീറ്റിങ്ങുകളുടെ വിവരങ്ങളും ഡിസംബര്‍ 13ന് പരസ്യമാക്കണമെന്ന് സുപ്രീംകോടതി വകുപ്പിനോട് നിര്‍ദേശിച്ചിരുന്നെങ്കിലും വിവരാവകാശ കമ്മീഷനിലെ നിയമനങ്ങള്‍ നടത്തി ജനുവരി 18ന് മാത്രമാണ് ഇത് പുറത്തു വിട്ടതെന്ന് അഞ്ജലി ഭരദ്വാജ് പറഞ്ഞു.

Latest Stories