| Saturday, 17th November 2018, 8:35 am

ഖഷോഗ്ജിയെ വധിക്കാന്‍ ഉത്തരവിട്ടത് മുഹമ്മദ് ബിന്‍ സല്‍മാന്‍: സി.ഐ.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയെ കൊല്ലാന്‍ ഉത്തരവിട്ടത് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സിയായ സി.ഐ.എ. വാഷിങ്ടണ്‍ പോസ്റ്റും അസോസിയേറ്റ് പ്രസുമാണ് സി.ഐ.എയുടെ കണ്ടെത്തല്‍ പുറത്തു വിട്ടിരിക്കുന്നത്.

രേഖകള്‍ വാങ്ങാന്‍ ഖഷോഗ്ജിയെ ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റിലേക്ക് പറഞ്ഞയച്ചത് മുഹമ്മദ് ബിന്‍ സല്‍മാന്റെ സഹോദരനും സൗദിയുടെ അമേരിക്കന്‍ അംബാസഡറുമായ ഖാലിദ് ബിന്‍ സല്‍മാനാണെന്ന് സി.ഐ.എ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഖഷോഗ്ജിയുമായുള്ള ഖാലിദിന്റെ ഫോണ്‍ കോളുകള്‍ പരിശോധിച്ചാണിത്.

ഖഷോഗ്ജിയെ വധിക്കാനുള്ള സംബന്ധിച്ച് ഖാലിദിന് അറിവുണ്ടായിരുന്നോ എന്ന് വ്യക്തമല്ലെന്നും എന്നാല്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ നിര്‍ദ്ദേശപ്രകാരമാണ് ഫോണ്‍ വിളിച്ചതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

എന്നാല്‍ തുര്‍ക്കിയിലേക്ക് പോകുന്നത് സംബന്ധിച്ച് അംബാസഡറും ഖഷോഗ്ജിയും സംസാരമുണ്ടായിട്ടില്ലെന്ന് വാഷിങ്ടണിലെ സൗദി എംബസി വക്താവ് പറഞ്ഞു. സി.ഐ.എയുടെ കണ്ടെത്തലുകള്‍ തെറ്റാണെന്നും വക്താവ് പറഞ്ഞു.

രാജ്യത്തെ ചെറിയ കാര്യങ്ങളില്‍ പോലും ശ്രദ്ധവെക്കുന്ന ഭാവി ഭരണാധികാരിയും അധികാരത്തില്‍ പങ്കുമുള്ള മുഹമ്മദ് ബിന്‍ സല്‍മാന്‍ അറിയാതെ കൊലപാതകം നടക്കില്ലെന്നും സി.ഐ.എ ഉദ്യോഗസ്ഥര്‍ പറയുന്നു.

തങ്ങളുടെ കോണ്‍സുലേറ്റിനുള്ളില്‍ വെച്ച് നടന്ന കൊലപാതകത്തെ സംബന്ധിച്ച് ആഴ്ചകളായി പരസ്പര വിരുദ്ധമായ പ്രസ്താവനകളാണ് സൗദി നല്‍കിക്കൊണ്ടിരിക്കുന്നത്.

ഖഷോഗ്ജി കൊല്ലപ്പെട്ട സമയത്ത് സൗദി കോണ്‍സുലേറ്റിനുള്ളില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ട ശബ്ദവും സി.ഐ.എ പരിശോധിച്ചിട്ടുണ്ട്. ഖഷോഗ്ജി എംബസിയില്‍ കയറിയ ഉടന്‍ ഖഷോഗ്ജി കൊല്ലപ്പെട്ടുവെന്നും കോണ്‍സുലേറ്റ് ജനറല്‍ ഖഷോഗ്ജിയുടെ മൃതദേഹം കളയണമെന്ന് പറയുന്നതും വ്യക്തമാവുന്നതായി റിപ്പോര്‍ട്ട് പറയുന്നു.

കൊലപാതക ശേഷം കൊലയാളി സംഘത്തിലെ അംഗമായ മാഹിര്‍ മുതരിബ് മുഹമ്മദ് ബിന്‍ സല്‍മാന്റെ അടുത്ത സഹായിയായ സൗദ് അല്‍ ഖഹ്താനിയെ വിളിച്ച് കാര്യം അറിയിച്ചെന്നും മറ്റൊരു ഓഡിയോ റെക്കോര്‍ഡില്‍ വ്യക്തമായതായി റിപ്പോര്‍ട്ട് പറയുന്നു.

We use cookies to give you the best possible experience. Learn more