| Monday, 14th November 2022, 11:09 pm

'അറസ്റ്റ് ചെയ്യാനുള്ള തെളിവില്ല'; കൂട്ട ബലാത്സംഗക്കേസില്‍ സി.ഐ സുനുവിനെ വിട്ടയച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കൂട്ട ബലാത്സംഗക്കേസില്‍ കസ്റ്റഡിയിലെടുത്ത സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുനുവിനെ പൊലീസ് വിട്ടയച്ചു. നാളെ രാവിലെ പത്ത് മണിക്ക് ഹാജരാവണം എന്നാവശ്യപ്പെട്ടാണ് വിട്ടയച്ചത്. മീഡിയവണ്ണാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. അറസ്റ്റ് ചെയ്യാന്‍ ആവശ്യമായ തെളിവില്ലെന്ന് പറഞ്ഞാണ് തൃക്കാക്കര പൊലീസ് ഇയാളെ വിട്ടയച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചോദ്യം ചെയ്യലില്‍ സി.ഐ നേരത്തെ ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു.

ഇന്നത്തെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ഉണ്ടാകുമെന്നായിരുന്നു റിപ്പോര്‍ട്ടുകളെങ്കിലും രാത്രിയോടെ വിട്ടയക്കുകയായിരുന്നു. ഞായറാഴ്ചയാണ് കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് സി.ഐ പി.ആര്‍. സുനുവിനെ തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തത്.

കേസില്‍ ഏഴ് പ്രതികളാണുള്ളത്. പരാതിക്കാരിയുടെ വീട്ട് ജോലിക്കാരിയായിരുന്ന വിജയലക്ഷ്മിയാണ് കേസിലെ ഒന്നാം പ്രതി. വിജയലക്ഷ്മിയുടെ സുഹൃത്ത് രാജീവാണ് രണ്ടാം പ്രതി. സി.ഐ സുനു മൂന്നാം പ്രതിയാണ്.

വിജയലക്ഷ്മിയുടെ സുഹൃത്തായ ക്ഷേത്ര ജീവനക്കാരന്‍ അഭിലാഷ് നാലാം പ്രതിയും പരാതിക്കാരിയുടെ ഭര്‍ത്താവിന്റെ സുഹൃത്തായ ശശി അഞ്ചാം പ്രതിയുമാണ്. പ്രതികള്‍ വിവിധ ഇടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് ഇരുപത്തിരണ്ടുകാരിയായ യുവതിയുടെ പരാതി.

യുവതിയുടെ ഭര്‍ത്താവ് ഒരു തൊഴില്‍ തട്ടിപ്പ് കേസില്‍ അകപ്പെട്ട് ജയിലില്‍ കഴിയുകയാണ്. ഇത് മുതലെടുത്ത് സി.ഐ ഉള്‍പ്പെടുന്ന സംഘം ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു.

തൃക്കാക്കരയിലെ വീട്ടില്‍വെച്ചും പിന്നീട് കടവന്ത്രയിലെത്തിച്ചുമാണ് ബലാത്സംഗം ചെയ്തതെന്ന് യുവതിയുടെ പരാതിയിലുണ്ട്. കേസില്‍ യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.
സി.ഐ ഉള്‍പ്പെടെയുള്ളവരുടെ ഭീഷണി കാരണമാണ് പരാതി നല്‍കാന്‍ വൈകിയതെന്നും യുവതി അറിയിച്ചിരുന്നു.

അതേസമയം, എറണാകുളം മരട് സ്വദേശിയായ പി.ആര്‍. സുനു നേരത്തെയും ബലാത്സംഗ കേസില്‍ പ്രതിയായിട്ടുണ്ട്. മുളവുകാട് സ്റ്റേഷനില്‍ ജോലി ചെയ്യവേ ഒരു പരാതിയുമായി ബന്ധപ്പെട്ട് സ്റ്റേഷനിലെത്തിയ ബി.ടെക്ക് ബിരുദധാരിയായ യുവതിയെ ബലാത്സംഗം ചെയ്‌തെന്നായിരുന്നു പരാതി.

കേസില്‍ ഇയാള്‍ റിമാന്‍ഡിലായിട്ടുണ്ട്. തുടര്‍ന്ന് കോഴിക്കോട് കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു. കഴിഞ്ഞ ഏഴ് മാസമായി പി.ആര്‍.സുനു കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒയാണ്.

CONTENT HIGHLIGHT: CI Sunu, who was taken into custody in the gang rape case, has been released by the police

We use cookies to give you the best possible experience. Learn more