'പതിനഞ്ച് വര്‍ഷമായി പൊലീസില്‍, ഇത് അനുഭവ കഥ'; രാജീവ് രവിയുടെ തിരക്കഥാകൃത്തായതിനെ കുറിച്ച് സിബി തോമസ്
മട്ടാഞ്ചേരിയിലെ തൊഴിലാളികളുടെ ജീവിത കഥ പറയുന്ന ചിത്രമായ ‘തുറമുഖ’ത്തിന് ശേഷം പുതിയ ചിത്രത്തിനായുള്ള തയ്യാറെടുപ്പിലാണ് സംവിധായകന്‍ രാജീവ് രവി.
തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തില്‍ എസ്.ഐയുടെ വേഷത്തിലെത്തിയ, യഥാര്‍ത്ഥ ജീവിതത്തിലും പൊലീസുകാരന്‍ തന്നെയായ സിബി തോമസ് ആണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.
കാസര്‍ഗോഡ് നടന്ന കുപ്രസിദ്ധമായ ഒരു കവര്‍ച്ചയും തുടരന്വേഷണവുമാണ് ചിത്രത്തിന്റെ പ്രമേയം. സി.ഐ ആയിരിക്കെ താന്‍ അന്വേഷിച്ച ഒരു കേസും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയമാകുന്നതെന്ന് സിബി തോമസ് ഡൂള്‍ന്യൂസിനോട് പറഞ്ഞു. തിരക്കഥയിലേക്കെത്തിയതിനെ കുറിച്ചുള്ള സിബി തോമസിന്റെ വാക്കുകള്‍ ഇങ്ങനെ..
”പതിനഞ്ച് വര്‍ഷമായി കേരള പൊലീസിന്റെ ഭാഗമാണ്. ഇപ്പോള്‍ സി.ഐ ആണ്. ഓരോ ദിവസവും പൊലീസില്‍ കിട്ടുന്ന പരാതികള്‍ പലപ്പോഴും ഓരോ സിനിമക്കുള്ള കാര്യങ്ങളാണ്. സര്‍വ്വീനിടയില്‍ ഒരു ജ്വല്ലറി മോഷണം നടന്നിരുന്നു.
ജ്വല്ലറി തകര്‍ത്ത് കുറേ സ്വര്‍ണവും വെള്ളിയും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. എന്നാല്‍ കേസില്‍ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല.
എന്നാല്‍ അന്വേഷണത്തിനൊടുവില്‍ മോഷ്ടാവിലേക്കെത്തി. ഇവിടെ വന്ന് താമസിച്ച ഇതര സംസ്ഥാനക്കാരനായിരുന്നു മോഷണത്തിന് പിറകില്‍. അവരുടെ യഥാര്‍ത്ഥ മേല്‍വിലാസം കണ്ടെത്തുക എന്നതായിരുന്നു അടുത്ത പടി. കാരണം അവര്‍ ഇവിടെ ജീവിക്കുന്നത് മറ്റൊരു പേരും മേല്‍വിലാസവും ഉപയോഗിച്ചായിരുന്നു. അവസാനം അത് അന്വേഷിച്ച് കണ്ടുപിടിച്ചു. അതിനിടയില്‍ ഇവര്‍ താമസിച്ച സ്ഥലത്ത് നിന്നും മോഷണത്തിനായി ഉപയോഗിച്ച ബാഗും അതില്‍ നിന്നും കുറച്ച് സ്വര്‍ണ്ണാഭരണങ്ങളും കണ്ടെത്തി.
അത് മോഷണം പോയ ജ്വല്ലറിയിലുള്ളതാണെന്ന് മനസിലാവുകയും ചെയ്തു. അത് പ്രകാരം അവരെ അന്വേഷിച്ച് യു.പിയില്‍ എത്തുകയും സാഹസികമായി അവരെ പിടികൂടുകയുമായിരുന്നു.
ഇത് സ്വന്തം അനുഭവത്തിലുള്ള കഥയായിരുന്നു. എന്നാല്‍ അന്ന് ഇത് വലിയ സംഭവമായൊന്നും തോന്നിയില്ല. എന്നാല്‍ ഞങ്ങള്‍ ഡിറ്റക്ഷന്‍ നടത്തി നാട്ടില്‍ എത്തി രണ്ട് മാസത്തിന് ശേഷം തമിഴ്നാട് നിന്നുള്ള മറ്റൊരു അന്വേഷണ സംഘം അവിടെ നടന്ന ബാങ്ക് കൊള്ള അന്വേഷിച്ച് യു.പിയിലെ ഈ ഗ്രാമത്തിലെത്തി. അവിടെ വെച്ച് സംഘത്തിലെ ഇന്‍സ്പെക്ടറെ അവര്‍ വെടിവെച്ചു കൊന്നു.
അത് പത്രത്തിലൊക്കെ വലിയ വാര്‍ത്തയായിരുന്നു. അതിന് ശേഷമാണ് ഞങ്ങളുടെ പ്രവര്‍ത്തിയുടെ സാഹസികതയെകുറിച്ച് ഞങ്ങള്‍ പോലും മനസിലാക്കുന്നത്. പിന്നീട് ഇതുമായി ബന്ധപ്പെട്ട സഫാരി ചാനലില്‍ ഒരു പ്രോഗ്രാം ചെയ്തു. അന്ന് പ്രതീക്ഷിച്ചതിലും വലിയ പിന്തുണയായിരുന്നു ലഭിച്ചത്. വിദേശത്ത് നിന്ന് പോലും പലരും വിളിച്ച് പിന്തുണ അറിയിച്ചു. അതിന് ശേഷം പലരും ഇത് സിനിമയാക്കി കാണിക്കണം എന്ന് ആവശ്യപ്പെട്ടു.
അതില്‍ നിന്നാണ് സിനിമ എന്ന ആശയത്തിലേക്ക് എത്തുന്നത്. പിന്നീട് രാജീവിനോടും ആസിഫിനോടും സംസാരിക്കുകയായിരുന്നു. അങ്ങനെയാണ് ചര്‍ച്ച രൂപപ്പെടുന്നത്. സെപ്തംബര്‍ ആദ്യത്തോടെ വര്‍ക്ക് തുടങ്ങണമെന്നാണ് കരുതുന്നത്”- സിബി മാത്യൂസ് പറഞ്ഞു.
ഫിലിം റോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ കുമാര്‍ വി ആര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. തുറമുഖം ചിത്രത്തിന് ശേഷം ആസിഫ് അലി ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് കരുതുന്നത്.