അദ്ദേഹം കടുത്ത മാനസിക പീഡനം അനുഭവിച്ചിരുന്നു; വയര്‍ലെസ് റെക്കോര്‍ഡ് പരിശോധിക്കണം; നാടുവിട്ടത് മേലുദ്യോഗസ്ഥന്‍ കാരണം; പരാതിയുമായി സി.ഐ നവാസിന്റെ ഭാര്യ
കൊച്ചി: സി.ഐ. നവാസ് നാടുവിടാന്‍ കാരണം മേലുദ്യോഗസ്ഥന്റെ പീഡനത്തെ തുടര്‍ന്നെന്ന് ഭാര്യ. എ.സി.പി വ്യക്തിപരമായി അധിക്ഷേപിച്ചെന്നും കള്ളക്കേസെടുക്കാന്‍ നിര്‍ബന്ധിച്ചെന്നും ഇതേ തുടര്‍ന്ന് അദ്ദേഹം കടുത്ത മാനസിക പീഡനം അനുഭവിച്ചിരുന്നെന്നും ഭാര്യ പറയുന്നു. ഇക്കാര്യം വ്യക്തമാക്കി നവാസിന്റെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.
അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തണമെന്നും വയര്‍ലെസ് റെക്കോര്‍ഡ് പരിശോധിക്കണമെന്നും മേലുദ്യോഗസ്ഥനെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.
എ.സി.പി മാത്രമല്ല മറ്റ് ചില മേലുദ്യോഗസ്ഥരും സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ട്. എന്നാല്‍ അവരുടെ പേരുകള്‍ എന്നോട് പറഞ്ഞിട്ടില്ല. 24 മണിക്കൂറും ജോലി ചെയ്യുന്ന ആളാണെന്നും ജോലി കഴിഞ്ഞ് വീട്ടിലെത്തിയാല്‍ ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതി ഒന്നും ചോദിക്കാറില്ലെന്നും ഭാര്യ പറയുന്നു.
കാണാതാവുന്ന ദിവസം രാത്രി 2 മണിക്കാണ് വീട്ടിലെത്തിയത്. എന്താണ് പ്രശ്‌നമെന്ന് ചോദിച്ചപ്പോള്‍ എ.സി.പിയുമായി സംസാരിച്ചപ്പോള്‍ പ്രശ്‌നം വഷളായി എന്ന് മാത്രം പറഞ്ഞു. പിന്നെ കൂടുതല്‍ ഒന്നും ചോദിച്ചില്ല. രാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ കാര്യങ്ങള്‍ ചോദിക്കാമെന്ന് കരുതി. എന്നാല്‍ രാവിലെ എഴുന്നേറ്റ് നോക്കുമ്പോള്‍ അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല.
പരാതി നല്‍കിയിട്ടും അന്വേഷണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടിട്ടില്ല. പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ട് ഒരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്ന് ഇന്നലെ വൈകീട്ട് മക്കളുമൊത്ത് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ഇപ്പോള്‍ പരാതി നല്‍കുന്നില്ല. ഭര്‍ത്താവിനെ കണ്ടെത്തുകയാണ് ആദ്യ ലക്ഷ്യമെന്നും വാര്‍ത്താസമ്മേളനത്തില്‍ നവാസിന്റെ ഭാര്യ പറഞ്ഞു.