കൊച്ചി: കാണാതായ സെന്‍ട്രല്‍ സി.ഐ വി.എസ് നവാസിനായി പൊലീസ് തെക്കന്‍ കേരളത്തില്‍ അന്വേഷണം ശക്തമാക്കി.തെക്കന്‍ ജില്ലകളിലെ ലോഡ്ജുകള്‍ കേന്ദ്രീകരിച്ചാണ് പ്രധാന അന്വേഷണം. ഇന്നലെ നവാസിനെ കായം കുളത്ത് വച്ചു കണ്ടു എന്നതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം കായം കുളത്തും എത്തിയിരുന്നു.
അതേ സമയം ഇന്നലെ രാവിലെ നവാസ് തേവരയിലുള്ള എ.ടി.എമ്മില്‍ നിന്ന് പണമെടുക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പൊലിസിന് ലഭിച്ചു. 10,000 രൂപ ഇവിടെ നിന്ന് പിന്‍വലിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നാലെ അടുത്ത ഭാര്യയ്ക്ക് നവാസ് ഒരു വാട്സ് ആപ് സന്ദേശവും അയച്ചിരുന്നു. ഒരു യാത്ര പോകുകയാണെന്നും വിഷമിക്കരുതെന്നുമാണ് വാട്സ് ആപ്പ് സന്ദേശത്തില്‍ പറയുന്നത്.
ഇന്നലെ പുലര്‍ച്ചെയാണ് ദുരൂഹ സാഹചര്യത്തില്‍ സി.ഐ നവാസിനെ കാണാതായത്. ഉന്നത ഉദ്യോഗസ്ഥനുമായുള്ള പ്രശ്‌നത്തെ തുടര്‍ന്ന് നവാസ് കടുത്ത മാനസിക സമ്മര്‍ദത്തില്‍ ആയിരുന്നു എന്നാണ് ഭാര്യ പോലീസിന് നല്‍കിയ പരാതിയില്‍ ഉള്ളത്.ഉറങ്ങാന്‍ കിടന്ന നവാസിനെ അഞ്ചേമുക്കാലോടെ കാണാതായി. മൊബൈലില്‍ ബന്ധപ്പെട്ടെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്നാണ് ഭര്‍ത്താവിനെ കാണാനില്ലെന്ന് ഭാര്യ രാവിലെ തന്നെ പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്.
ഇന്നലെ ഒരു മേലുദ്യോഗസ്ഥനുമായി നവാസ് വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് സ്റ്റേഷനില്‍ തിരിച്ചെത്തിയ ശേഷം തന്റെ ഔദ്യോഗിക ഫോണ്‍ നമ്പറിന്റെ സിം കീഴുദ്യോഗസ്ഥന് കൈമാറുകയും ചെയ്‌തെന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്.
കായംകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ നവാസ് കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയിട്ടുണ്ട്. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നതിനാല്‍ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം സാധിക്കുന്നില്ല.നവാസിനായി മൂന്നു സംഘങ്ങളെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. കൂടാതെ ഓരോ ജില്ലയിലും സ്പെഷ്യല്‍ ബ്രാഞ്ചിനെക്കൂടി ഉള്‍പ്പെടുത്തി പ്രത്യേക ടീമിനെ നിയോഗിച്ചിട്ടുണ്ട്.